തൃശ്ശൂർ റൗണ്ടും വടക്കുംനാഥനും മാത്രമല്ല, കൂറ്റൻ പന്തലും മത്സരവേദിയുമെല്ലാം പുതുമയായിരുന്നു രാജേഷിനും കൂട്ടർക്കും. കാരണം കാടിറങ്ങി വന്നവർക്ക് തൃശ്ശൂർ മാത്രമല്ല, ഇത്രയും വലിയൊരു കലാമേളയും ഇതാദ്യമായാണ്. കാശും അനുഭവസമ്പത്തുമുള്ള നഗരവാസികളോട് മാറ്റുരച്ച് പത്തര മാറ്റുള്ളൊരു എ ഗ്രേഡും സ്വന്തമാക്കി.

മറ്റേതൊരു ടീമിന്റെയും നേട്ടത്തേക്കാൾ ഇരട്ടി തിളക്കമുണ്ട് ഹൈസ്കൂൾ വിഭാഗം പരിചമുട്ടു കളിയിൽ മൂന്നാർ ട്രൈബൽ സ്കൂൾ വിദ്യാർഥികൾ നേടിയ എ ഗ്രേഡിന്.

വീട്ടിലെ കുഞ്ഞനുജത്തിയെയും അമ്മയെയുമെല്ലാം  കണ്ടിട്ട് മാസങ്ങളായി ചിലർ. മൊബൈൽ ഇല്ലാത്തതിനാല്‍ ഇടയ്ക്ക്  സ്‌കൂളിലേക്ക് വിളിക്കും. ചിലപ്പോള്‍ അമ്മ തലേദിവസം അടുപ്പ് പുകയാത്ത കഥ പറയും. പനി പിടിച്ച് കിടപ്പിലായിട്ടും ആശുപത്രിയില്‍ പോവാന്‍ കഴിയാത്ത വിശേഷം പറയും.... തൃശ്ശൂരിൽ വന്നിറങ്ങിയതു മുതൽ പരിഭവങ്ങളുടെ ഒരു കെട്ടുതന്നെയുണ്ടായിരുന്നു ഇവർക്ക് കൂട്ടായി. എങ്കിലും നല്ല ഭക്ഷണം  കഴിക്കാനാവുന്നുണ്ടല്ലോ എന്നായിരുന്നു അവരുടെ സമാധാനം. എ ഗ്രേഡ് ഈ സന്തോഷം ഇരട്ടിയാക്കി. 

അട്ടപ്പാടി സ്വദേശിയായ രാജേഷിന്റെ  നേതൃത്വത്തില്‍ വിഷ്ണു, ശരത്ത്, ഷെല്‍വകുമാര്‍, മണി, സൂനീഷ്, വിശ്വ എന്നിവരാണ് മാറ്റുരച്ചത്. 21 ടീമുകളോട് മാറ്റുരച്ചാണ് ഇവർ എ ഗ്രേഡ് നേടിയത്.

കൂലിപ്പണിക്കാരുടെ മക്കളാണ് എല്ലാവരും. രക്ഷിതാക്കൾക്ക് പലപ്പോഴും പണിയുണ്ടാവില്ല. ഉള്ളവരാണെങ്കില്‍ ജീവിതം കൂട്ടിമുട്ടിക്കാന്‍ ദിവസവും നന്നേ ബുദ്ധുമുട്ടുന്നവരും. അങ്ങനെയാണ് മക്കളെങ്കിലും നന്നായി വരട്ടെ എന്നോർത്ത് മൂന്നാര്‍ ആദിവാസി സ്‌കൂളില്‍ പഠിക്കാനായച്ചത്. ഇവിടെവച്ചാണ് ഇവർ കേട്ടറിവു പോലമില്ലാതിരുന്ന കലാരൂപത്തിന്റെ അടവും ചുവടും തെറ്റാതെ സ്വായത്തമാക്കിയത്. സ്വപ്നം പോലും കാണാനാവാത്തൊരു നേട്ടം സ്വന്തമാക്കിയതും.

ആദ്യമായാണ് പൂര്‍ണമായും  ആദിവാസി വിഭാഗത്തില്‍ നിന്നുളള വിദ്യാര്‍ഥികള്‍ പരിചമുട്ടുമായി സംസ്ഥാന തലത്തിലെത്തുന്നത്. ഗുരു ഗോവിന്ദനാശാന്റെ കരുതലും സ്നേഹവും  അവര്‍ക്ക് തള്ളിക്കളയാനായില്ല. അടവുകളും ചുവടുകളും ഒട്ടും പിഴച്ചില്ല. ഒടുവില്‍ ഗുരുദക്ഷിണയെന്നോണം അവര്‍ എ ഗ്രേഡും സമ്മാനിച്ചു. മൂന്നാര്‍ സര്‍ക്കാര്‍ മോഡല്‍ ട്രൈബല്‍ സ്‌കൂളിലെ എട്ടു വിദ്യാര്‍ഥികളാണ് പരിചമുട്ടുമായി തൃശ്ശൂരിലെ സംസ്ഥാന കലോത്സവത്തില്‍ എത്തിയത്. എട്ടുപേരും ആദിവാസികള്‍.
 
പങ്കെടുത്ത എട്ടുപേരും അട്ടപ്പാടി, എടമലക്കുടി, എല്ലപ്പെട്ടി എന്നിവിടങ്ങളില്‍ നിന്നെല്ലാം പോയി മൂന്നാര്‍ ട്രൈബല്‍ സ്‌കൂളില്‍ താമസിച്ച് പഠിക്കുന്നവരാണ്. വീട്ടിലെ ജീവിത യാഥാര്‍ഥ്യം മോശമായപ്പോള്‍ അമ്മയെയും അച്ഛനെയും സഹോദരിയെയുമെല്ലാം  വിട്ട് സ്‌കൂളില്‍ തന്നെ താമസിച്ച് പഠിക്കേണ്ടി വന്നവര്‍. നല്ല രീതിയല്‍ കളിക്കാന്‍ കഴിവുള്ളവരും താല്‍പര്യവുമള്ളവരാണ് കുട്ടികളെങ്കിലും  പലപ്പോഴും  ഇവര്‍ക്ക്  സാമ്പത്തിക സഹായമോ മറ്റോ ലഭിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഇവര്‍ സംസ്ഥാന തലത്തിലേക്കോ ജില്ലാ  തലത്തിലേക്കോ  പോയിരുന്നുമില്ല. 

മൂന്നുമാസം മുമ്പ് സ്‌കൂളില്‍ താല്‍ക്കാലികമായി എത്തിയ ഡാന്‍സ് മാസ്റ്ററും പഴയ പരിചമുട്ട്  കളി വിദഗ്ധനുമായ ഗോവിന്ദനാശാനാണ് ഈ കുട്ടികളുടെ  കലാ സ്നേഹത്തിന് ഒരിക്കല്‍ കൂടെ  ജീവന്‍ വെപ്പിച്ചത്. അങ്ങനെ ആദ്യമായി  ജില്ലാ തലത്തില്‍ മത്സരിച്ച് എ ഗ്രേഡ്  നേടി സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യത നേടിയത്.

പൊതുവെ  ചെലവേറിയ മത്സരയിനമാണ് പരിചമുട്ട് എന്നതുകൊണ്ട് തന്നെ ഒരു സര്‍ക്കാര്‍ ട്രൈബല്‍ സ്‌കൂളിന് സങ്കല്‍പിക്കാന്‍ കഴിയുന്നതായിരുന്നില്ല സംസ്ഥാന തലത്തിൽ മത്സരിക്കുക എന്നത്. എന്നാല്‍ ഇത്തവണ സര്‍ക്കാരില്‍ നിന്ന് നല്ല സഹായം ലഭിച്ചു. അധ്യാപകരുടെയും നിറഞ്ഞ പിന്തുണ ലഭിച്ചുവെന്നും ആശാന്‍ ഗോവിന്ദന്‍കുട്ടി പറയുന്നു. മൂന്നു മാസമാണ് ഇവര്‍ക്ക് കാര്യമായ പരിശീലനം ലഭിച്ചത്.  പൊതുവെ മറ്റുള്ളവരോട് സംസാരിക്കാനും ഇടപഴകാനും താല്‍പര്യം  കാണിക്കാത്ത ഈ ആദിവാസി വിദ്യാര്‍ഥികളെ മത്സരത്തിന്  പ്രാപ്തരാക്കുകയെന്നത് വലിയ വെല്ലുവിളിയായ കാര്യമായിരുന്നുവെന്ന് ആശാന്‍ ചൂണ്ടിക്കാട്ടുന്നു.

Content Highlights: parichamuttukali kalolsavam2018  schoolkalolsavam2018 schoolyouthfestival2018