കുഞ്ചന്‍ നമ്പ്യാരാണ് ഓട്ടന്‍തുള്ളലിന്റെ ഉപജ്ഞാതാവ്. ആദ്യകാലത്ത് തുള്ളല്‍ക്കാരില്‍ ബഹുഭൂരിപക്ഷവും ആണുങ്ങള്‍ തന്നെ. എന്നാല്‍, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം ഒരു അളവുകോലാക്കിയാല്‍ തുള്ളാന്‍ ഇനി ആണുങ്ങളെ കിട്ടിയെന്നു വരില്ല. ഇക്കുറി സംസ്ഥാന കലോത്സവത്തിന്റെ ഹയര്‍ സെക്കന്‍ഡറി വിഭാഗം ഓട്ടന്‍തുള്ളലില്‍ മാറ്റുരച്ച ഇരുപത്തിയഞ്ച് കുട്ടികളില്‍ ഇരുപത്തിയൊന്നു പേരും പെണ്‍കുട്ടികളാണ്. ബാക്കിയുള്ള നാല് ആണ്‍കുട്ടികളില്‍ മൂന്ന് പേരും വന്നതാവട്ടെ അപ്പീല്‍ വഴിയും.

പുതിയ മാന്വല്‍ പരിഷ്‌കരണത്തിന്റെ ഏറ്റവും വലിയ ഇരകളില്‍ ഒന്നാണ് ഓട്ടന്‍തുള്ളല്‍. സംസ്ഥാനതലത്തില്‍ ആണ്‍, പെണ്‍ ഭേദം ഒഴിവാക്കിയതാണ് ഓട്ടന്‍തുള്ളലുകാരായ ആണ്‍കുട്ടികള്‍ക്ക് തിരിച്ചടിയായത്.

ഓട്ടന്‍തുള്ളല്‍ പോലുള്ള പാരമ്പര്യ കലകളില്‍ പെണ്‍കുട്ടികള്‍ മുന്നോട്ട് വരുന്നതില്‍ സന്തോഷിക്കുന്നവരാണ് കലാകാരന്മാരില്‍ ഏറെയും. എന്നാല്‍ കലോത്സവത്തില്‍ തുള്ളല്‍ പൊതു ഇനമാക്കിയപ്പോള്‍ ആണ്‍കുട്ടികളുടെ അവസരം നഷ്ടമായെന്നാണ് പൊതുവിലുള്ള ആക്ഷേപം. ഇതിന്റെ നേര്‍ വിപരീതാവസ്ഥയാണ് കഥകളിയില്‍ സംഭവിച്ചത്. അവിടെ അവസരം കുറഞ്ഞത് പെണ്‍കുട്ടികളായിരുന്നു. സമയം ലാഭിക്കാനാണ് ഇത്തരത്തിലൊരു മാറ്റം നടത്തിയതെങ്കില്‍ മത്സരം ഒന്നിച്ചാക്കിയപ്പോഴും വലിയൊരു സമയലാഭമൊന്നും ഉണ്ടായിട്ടില്ലെന്ന് മത്സരാര്‍ഥികള്‍ പറയുന്നു. ആണ്‍കുട്ടികളുടെ അവതരണശൈലിയും പെണ്‍കുട്ടികളുടെ ശൈലിയും തീര്‍ത്തും വ്യത്യസ്തമാണെന്നും ഇത് ഒരുമിച്ചാക്കുന്നത് വിരോധാഭാസമാണെന്നും തുള്ളല്‍ കലാകാരനും പരിശീലകനുമായ അമ്പലപ്പുഴ സുരേഷ് കുമാര്‍ പറയുന്നു.

ഇത്തരം കലാരൂപങ്ങള്‍ പ്രഫഷണലായി തിരഞ്ഞെടുക്കുന്നത് ആണ്‍കുട്ടികളാണ് കൂടുതലെന്നിരിക്കെ കലോത്സവത്തിലെ ആണ്‍ പങ്കാളിത്തം കുറയുന്നത് കലാരൂപത്തെ തന്നെ ഇല്ലാതാക്കുമെന്ന് ഭയപ്പെടുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Ottamthullal kalolsavam2018  schoolkalolsavam2018 schoolyouthfestival2018