ശാസ്ത്രീയ സംഗീതവേദിക്ക് സമീപം മകന്റെ മത്സരം കാണാന്‍ കാത്തിരിക്കുകയായിരുന്നു ബിനു ചാക്കോ എന്ന സംഗീത അധ്യാപകന്‍. മത്സരിക്കുന്നത് മകനാണെങ്കിലും മത്സരത്തിന്റെ സമ്മര്‍ദവും അച്ഛന്റെ മുഖത്തായിരുന്നു. മത്സരവേദിക്ക് അടുത്തേക്ക് പോവാതെ സമീപത്തെ ക്ലാസ് മുറിക്ക് പുറത്തിരുന്ന് മത്സരവേദിയിലേക്ക് ഇടയ്ക്കിടെ പാളിനോക്കിക്കൊണ്ട് മാഷ് പറഞ്ഞു തുടങ്ങി.

മത്സരം തുടങ്ങാന്‍ വൈകുന്നതിന്റെ ആശങ്കയ്ക്കിടെയും കണ്ണൂര്‍ ചിന്മയ സ്‌കൂളില്‍ സംഗീത അധ്യാപകനായിരിക്കെ സിനിമാതാരം മഞ്ജു വാര്യരെ സംഗീതം അഭ്യസിപ്പിച്ച അനുഭവം മാഷ് ഓര്‍ത്തെടുത്തു. അന്നത്തെ സ്‌കൂള്‍ അധ്യാപകന്റെ ഓര്‍മകളെ തിരികെ വിളിച്ചുകൊണ്ട് മാഷ് ഇരുപത്തിയഞ്ച് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് സഞ്ചരിച്ചു. ഓര്‍മകള്‍ക്കിടെ ഇടയ്ക്ക് സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു, പൊട്ടിച്ചിരിച്ചു, പിന്നെ മഞ്ജു പാടിയ പാട്ടുകള്‍ ഓര്‍ത്തെടുത്ത് പാടി, താളം പിടിച്ചു. 

'നൃത്തം ചെയ്യുന്ന മഞ്ജുവിനെ നമ്മള്‍ക്കറിയാം, എന്നാല്‍ അസ്സലായി പാടുന്ന, വീണ വായിക്കുന്ന മഞ്ജുവിനെ എത്ര പേര്‍ക്കറിയാം? അത് എനിക്കറിയാം. കാരണം പ്ലസ് ടു പഠനത്തിനിടെ മഞ്ജുവിനെ സംഗീതം അഭ്യസിപ്പിച്ചത് ഞാനാണ്. സംഗീതത്തില്‍ മാത്രമല്ല, അസ്സലായി വീണ വായിക്കാനും മഞ്ജുവിനറിയാം, ആ കുട്ടിയുടെ എത്ര പാട്ടുകള്‍ ഞാന്‍ കേട്ടിരിക്കുന്നു, എത്ര മത്സരങ്ങള്‍ക്ക് അയച്ചിരിക്കുന്നു'

പറയുന്നതിനിടെ മഞ്ജു അന്ന് പാടിയ പാട്ടുകളും പെരുമാറ്റ രീതിയും ചില തമാശകളും ബിനു മാഷ് ഓര്‍ത്തെടുത്തു. പിന്നെ പറഞ്ഞു, മഞ്ജുവിനെ ഒന്ന് കാണണമെന്ന് ആഗ്രഹമുണ്ട്. നിരവധി തവണ കാണാനും ഫോണിലൂടെ ബന്ധപ്പെടാനും ശ്രമിച്ചിരുന്നു. എന്നാല്‍ അതൊന്നും നടന്നില്ല. 'മഞ്ജുവിന് എന്നെ ഓര്‍മയുണ്ടോ എന്നു പോലും എനിക്കറിയില്ല. പ്ലസ് ടു പഠനം കഴിഞ്ഞപ്പോള്‍ തന്നെ സിനിമയിലൂടെ ആ കുട്ടിയുടെ ജീവിതരേഖ തന്നെ മാറിപ്പോയി. പിന്നെ പോയിക്കാണാനൊന്നും കഴിഞ്ഞില്ല. എന്നാല്‍ അതിയായ ആഗ്രഹമുണ്ട്. ആ കുട്ടിയെ ഒന്ന് കാണാന്‍, സംസാരിക്കാന്‍..'-ബിനു മാഷ് പറഞ്ഞു നിര്‍ത്തുന്നു.

സംഗീത അധ്യാപകനായ ബിനു ചാക്കോ ഗാനഭൂഷണത്തിനു ശേഷം ഇരുപത്തിയേഴാം വയസ്സിലാണ് കണ്ണൂര്‍ ചിന്മയ സ്‌കൂളില്‍ സംഗീത അധ്യാപകനായി ചേര്‍ന്നത്. രണ്ട് വര്‍ഷം മാത്രമാണ് ചിന്മയ സ്‌കൂളില്‍ സംഗീത അധ്യാപകനായി ജോലി ചെയ്തത്. പിന്നെ ജീവിതം ഇടുക്കിയിലും പിന്നെ കോതമംഗലത്തുമായിരുന്നു. ഇപ്പോള്‍ കോതമംഗലം സെന്റ് ജോര്‍ജ് സ്‌കൂളില സംഗീത അധ്യാപകനാണ് ബിനു ചാക്കോ. 

Content Highlights: ManjuWarrier Malayalam Actress kalolsavam2018 schoolkalolsavam2018 schoolyouthfestival2018