നീര്‍മാതളത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗം കുട്ടികളുടെ നാടോടിനൃത്തം തകര്‍ത്തരങ്ങേറുകയാണ്. ചെസ്സ് നമ്പര്‍ വിളിച്ചപ്പോള്‍ ആശങ്ക നിറഞ്ഞ മുഖത്തോടെ എന്നാല്‍ ആത്മവിശ്വാസം ഒട്ടു ചോരാതെ ചന്ദന വേദിയില്‍ കയറി. അടിയാത്തിയുടേയും അടിയാത്തിയെ ചതിച്ച തമ്പ്രാന്റേയും കഥ പറഞ്ഞ് അവള്‍ വേദിയില്‍ നിറഞ്ഞാടി. 

വേദിയില്‍ മത്സരം നടക്കുമ്പോള്‍ കാണികളിലൊരാളായി ചന്ദനയുടെ അമ്മ സിന്ധു സദസ്സിലുണ്ടായിരുന്നു. നാടോടി നൃത്ത മത്സരത്തില്‍ പങ്കെടുക്കുന്ന ചന്ദനയേക്കാള്‍ ടെന്‍ഷനും സമ്മര്‍ദ്ദവും സദസ്സിലുണ്ടായിരുന്ന ആ അമ്മയുടെ മുഖത്താണുണ്ടായത്. എന്നാല്‍ മത്സരഫലം പുറത്തുവന്നപ്പോള്‍ ആശങ്കളും ടെന്‍ഷനും അസ്ഥാനത്തായി. മനസ്സില്‍ കുറിച്ചിട്ടതു പോലെ ചന്ദന കലോത്സവവേദിയില്‍ നിന്നും എ ഗ്രേഡുമായി മടങ്ങി. 

അമ്മയ്ക്കും അച്ഛനും ഗുരുക്കന്മാര്‍ക്കും പുറമേ ചന്ദനയുടെ വിജയത്തില്‍ സന്തോഷിക്കുന്ന ഒരാള്‍ കൂടി ഉണ്ട്. അത് കഴിഞ്ഞ നാല് വര്‍ഷമായി ചന്ദനയുടെ നൃത്ത പഠനം സ്‌പോണ്‍സര്‍ ചെയ്യുന്ന നടി മഞ്ജു വാര്യരാണ്. കലോത്സവവേദികളില്‍ താരമായി തിളങ്ങിയ മഞ്ജുവിന്റെ ആശീര്‍വാദവും ആശംസകളും വാങ്ങിയ ചന്ദനയ്ക്ക് ഈ എ ഗ്രേഡില്‍ കൂടുതല്‍ എന്ത് സന്തോഷമാണ് തിരിച്ചുനല്‍കാനാവുക. 

കോഴിക്കോട് കലോത്സവ കാലത്താണ് ചന്ദനയടക്കം 12 വിദ്യാര്‍ഥികളുടെ നൃത്തപഠനം നടി മഞ്ജു വാര്യര്‍ ഏറ്റെടുത്തത്. തുടര്‍ന്നിങ്ങോട്ടുള്ള നാല് വര്‍ഷവും ഇവര്‍ക്ക് മഞ്ജുവിന്റെ ആശംസകളും അനുഗ്രഹവും ഫോണ്‍കോളുകളുടേയും സന്ദേശത്തിന്റേയും സാമ്പത്തിക സഹായത്തിന്റേയും രൂപത്തില്‍ മുടങ്ങാതെയെത്തി. ഈ കലോത്സവത്തിനും പതിവ് തെറ്റിയില്ല. മത്സരത്തിന് ഒരു ദിവസത്തിന് മുന്‍പേ പോലും മഞ്ജു വിളിച്ചു, വിവരങ്ങള്‍ ചോദിച്ചു, ആശംസയറിയിച്ചു. തെറ്റിച്ചാല്‍ പിണങ്ങുമെന്ന സ്‌നേഹശാസനയും നല്‍കി.

എന്തായാലും ശാസന ഫലം കണ്ടു. മത്സരത്തില്‍ എ ഗ്രേഡ് തന്നെ നേടിയ കാര്യം മഞ്ജു ചേച്ചിയെ വിളിച്ചറിയിക്കാനുള്ള ആവേശത്തിലാണ് ചന്ദന ഇപ്പോഴുള്ളത്. ഷൂട്ടിങ് ആവശ്യത്തിനായി തൃശൂരിലെത്തിയ മഞ്ജു മത്സരം കാണാന്‍ എത്തിയേക്കുമെന്ന് സൂചന നല്‍കിയിരുന്നെങ്കിലും എത്തിയില്ലെന്ന ചെറിയ സങ്കടവും ചന്ദനയ്ക്കുണ്ട്. എന്നാലും ചന്ദന പറയും, അച്ഛനും അമ്മയും ഗുരുവു കഴിഞ്ഞാല്‍ ഈ വിജയത്തിളക്കം മഞ്ജു ചേച്ചിക്കുള്ളതാണെന്ന്.

ആലപ്പുഴയിലെ ജമായത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നിന്നുള്ള പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് ചന്ദന രാജേന്ദ്രന്‍. നൃത്താധ്യാപികയായ അമ്മ സിന്ധുവാണ് ചന്ദനയുടെ ആദ്യ ഗുരു. കുച്ചുപ്പുടിയിലും മത്സരിച്ച ചന്ദനയ്ക്ക് കഴിഞ്ഞ വര്‍ഷത്തേപ്പോലെ മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞില്ല. കുച്ചുപ്പുടിക്ക് ബി ഗ്രേഡ് മാത്രമാണ് ലഭിച്ചതെന്ന് സങ്കടം ചന്ദനയ്ക്ക് ബാക്കിയാണ്. എന്നാല്‍ നാടേടിനൃത്തത്തില്‍ രണ്ടാം വര്‍ഷവും നേടിയ എ ഗ്രേഡ് ഏറെ സന്തോഷം നല്‍കുന്നുവെന്ന് ചന്ദന പറയുന്നു. സജീ മരക്കാടാണ് ചന്ദനയെ നാടോടി നൃത്തം പരിശീലിപ്പിക്കുന്നത്. 

മൂന്ന് വയസ്സുമുതലാണ് ചന്ദന സ്‌കൂളുകളില്‍ യുവജനോത്സവത്തില്‍ പങ്കെടുത്തു തുടങ്ങിയത്. എട്ടാം ക്ലാസ്സ് മുതല്‍ സംസ്ഥാന തലത്തിലെ മത്സരത്തില്‍ പങ്കെടുത്ത് മികച്ച വിജയം നേടുന്നുണ്ട്. എന്നാല്‍ നൃത്തപഠനം തുടരുന്നതിനുള്ള സാമ്പത്തിക ബുദ്ധിമുട്ട് നിലനില്‍ക്കുന്നതിനിടെയാണ് നൃത്തം പഠിക്കുന്നിടത്തോളം കാലം സ്‌പോണ്‍സര്‍ഷിപ്പ്് നല്‍കുമെന്ന് മഞ്ജു ഉറപ്പ് നല്‍കിയത്.