തൃശ്ശൂര്‍: ശബ്ദമെന്ന് കേട്ടാല്‍ എല്ലാം മറക്കും തിരുവനന്തപുരത്തെ ഈ അച്ഛനും മകളും. നാടന്‍പാട്ട്, വഞ്ചിപ്പാട്ട്, ട്രിപ്പില്‍ ജാസ് എന്ന് വേണ്ട എല്ലാറ്റിനും എവിടെയും മുന്‍പന്തിയിലുണ്ടാവും ഇവര്‍. പറഞ്ഞ് വരുന്നത്  തിരുവനന്തപുരത്തെ പ്ലസ് ടു വിദ്യാര്‍ഥിനി അപര്‍ണ ജയപ്രകാശിനെ കുറിച്ചും, അച്ഛന്‍ ജയപ്രകാശിനെ കുറിച്ചുമാണ്. 

പൊതുവെ ട്രിപ്പിള്‍  ജാസ് എന്ന് കേള്‍ക്കുമ്പോള്‍ അത് ചെത്ത് പിള്ളേരുടെ പ്രത്യേകിച്ചും ഫ്രീക്കന്‍ ആണ്‍പിള്ളേരുടെ മത്സരമായാണ് പലരും കണക്കാക്കുന്നത്. സംസ്ഥാന കലോത്സവത്തില്‍ തൃശ്ശൂരിലെ മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിയില്‍ നടന്ന ട്രിപ്പിള്‍ ജാസിലും ആദ്യമാദ്യം ഇത് തന്നെയായിരുന്നു കഥ. ആണ്‍കുട്ടികള്‍ കൈയക്കിയ വേദി.

ഓരോ മത്സരാര്‍ഥിയും ഒന്നിനൊന്ന് മെച്ചം. മനുഷ്യനെ ആവേശത്തിന്റെ കൊടുമുടിയിലെത്തിക്കുന്ന ശബ്ദവിസ്മയം. ഇതിനിടെയാണ് പാന്റും ഷര്‍ട്ടുമിട്ട് ഒരു കൊച്ചു പെണ്‍കുട്ടി ഉപകരണങ്ങളുമെടുത്ത് സ്റ്റേജിലെത്തിയത്. പിന്നെ വിധികര്‍ത്താക്കള്‍ പോലും ഒരു നിമിഷം പറഞ്ഞ് പോയി ചുറ്റിനുള്ളതൊന്നും കാണാനും കേക്കാനും കഴിഞ്ഞില്ലെന്ന്. അത്ര മധുരമായിരുന്നു അപര്‍ണയുടെ ശബ്ദാരവത്തിന്. തിരുവനന്തപുരത്ത് നിന്നുമെത്തി കാണികളയാകെ അപര്‍ണ കൈയിലെടുത്തു. അങ്ങനെ  മത്സരത്തില്‍ ആണ്‍പിള്ളേര്‍ക്കെല്ലാം കട്ട വെല്ലുവിളിയുമുയര്‍ത്തി. 

ഹയര്‍സെക്കന്‍ഡറി വിഭാഗം ട്രിപ്പിള്‍ ജാസാണ് മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറിയിലെ നന്ത്യാര്‍വട്ടം വേദിയില്‍ നടന്നത്. തിരുവനന്തപുരം നെല്ലിമൂട് സെന്റ് ക്രിസോസ്റ്റം സ്‌കൂളിലെ പ്ലസ്ടു വദ്യാര്‍ഥിനിയാണ് അപര്‍ണ. രണ്ട് വര്‍ഷം മുമ്പാണ് അപര്‍ണ ട്രിപ്പിള്‍ ജാസില്‍ ശബ്ദമിട്ട്  തുടങ്ങിയതെങ്കിലും  കൈ വഴക്കത്തില്‍ അപര്‍ണയെ വെല്ലാന്‍ ആരുമില്ലായിരുന്നുവെന്ന് തന്നെ പറയാം. ജില്ലാ തലത്തില്‍ രണ്ടാം സ്ഥാനമേ  കിട്ടിയിരുന്നുള്ളൂവെങ്കിലും അപ്പീലിലൂടെ സംസ്ഥാന തലത്തില്‍ മത്സരിക്കാനെത്തി. അങ്ങനെ ആണ്‍പിള്ളേരെ വിറപ്പിച്ച് സ്റ്റേജില്‍  നിറഞ്ഞ് നിന്നു.

മുന്‍ യൂണിവാഴ്‌സിറ്റി താരമായിരുന്ന അച്ഛന്‍ ജയപ്രകാശ് തന്നെയാണ് അപര്‍ണയുടെ ഗുരു. അനുജന്‍ ശ്രീറാമും ഡ്രംസ് പരിശീലിക്കുന്നുണ്ട്. എങ്ങനെ ഡ്രംസിന്റെ ആരാധികയായി എന്ന ചോദ്യത്തിന് അച്ഛനെ  നോക്കി ചിരി മാത്രം അപര്‍ണയുടെ ഉത്തരം. 

Content Highlights: Kalolsavam2018 Triple jazz School Youth Festival