പൊട്ടിച്ചിരിപ്പിക്കാനാണ് ഷിഫ്‌ന മറിയം സ്‌റ്റേജിലെത്തിയത്. അമ്മയുടെ കൈപിടിച്ചുകൊണ്ട് ഗ്രീന്‍ റൂമിലേയ്ക്കുള്ള വരവ് പക്ഷേ, കണ്ടുനിന്നവരില്‍ കണ്ണീരാണ് പടര്‍ത്തിയത്. ആ കണ്ണീര്‍ ഷിഫ്‌ന കണ്ടില്ല. കണ്ണീരെന്നല്ല, വേദിയും സദസ്സും വിധികര്‍ത്താക്കളെയുമൊന്നും ഷിഫ്‌ന കണ്ടില്ല. ഊഴമെത്തിയെന്ന് ആരോ പറഞ്ഞപ്പോഴാണ് വേദിയില്‍ കയറിയത്. എന്നാല്‍, കണ്ണിലെ ഇരുട്ടിനെ വകവയ്ക്കാതെ എഫ്.എം. സ്‌റ്റേഷനിലെ ഫോൺ ഇന്‍ പരിപാടിയുടെ മാതൃകയില്‍ ഷിഫ്‌ന അനുകരിച്ച ശബ്ദങ്ങള്‍ കേട്ടപ്പോള്‍ സദസ്സ് പൊട്ടിച്ചിരിച്ചു. മതിമറന്ന് കൈയടിച്ചു.

ജന്മനാ ഇരുട്ടിന്റെ ലോകത്താണ് ഷിഫ്‌ന. കേട്ടറിഞ്ഞ ശബ്ദങ്ങളായിരുന്നു അവളുടെ വഴികാട്ടി. ആ ശബ്ദങ്ങളെ കൂട്ടുപിടിച്ച് ആദ്യം പോയത് സംഗീതത്തിന്റെ വഴിയെ. സംഗീതപഠനം തുടരുന്നതിനിടെ നാല് വര്‍ഷം മുമ്പാണ് ശബ്ദാനുകരണവും തനിക്ക് വഴങ്ങുമെന്ന് തിരിച്ചറിഞ്ഞത്.

ഷിഫ്‌നയുടെ കഴിവ് തിരിച്ചറിഞ്ഞതോടെ വീട്ടുകാര്‍ അവള്‍ക്ക് പൂര്‍ണ പിന്തുണ നല്കി. ആദ്യമൊക്കെ കേട്ട ശബ്ദങ്ങളെ സ്വയം പരിശീലനത്തിലൂടെ അവള്‍ അനുകരിച്ചു. അങ്ങനെയാണ് ആദ്യമായി മത്സരവേദിയിലെത്തിയതും. വീട്ടുകാരെപ്പോലും അമ്പരപ്പിച്ച്് അവള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കുകയും ചെയ്തു. പിന്നീടാണ് കലാഭവന്‍ നൗഷാദിന്റെ ശിക്ഷണത്തില്‍ പരിശീലനം തുടങ്ങിയത്.

ഫോണിലൂടെയാണ് പരിശീലനം നേടുന്നത്. ഇപ്പോള്‍ തിരുവനന്തപുരം ചെങ്കോട്ടുകോണം തുണ്ടത്തില്‍ മാധവവിലാസം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വിദ്യാര്‍ഥിനിയാണ് ഷിഫ്‌ന.

ഹൈസ്‌കൂള്‍ തലത്തില്‍ മൂന്നുവര്‍ഷവും സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയ ഷിഫ്‌നയ്ക്ക് ഇക്കുറി കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചത് കൂടുതല്‍ വെല്ലുവിളിയായി. ആണ്‍പെണ്‍ ഭേദമില്ലാതെയുള്ള മത്സരം കടുത്തതായിരുന്നെന്നാണ് ഷിഫ്‌ന പറയുന്നത്. പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കിലും ഷിഫ്‌നയ്ക്ക് സങ്കടങ്ങളില്ല. കാരണം, സദസ്സില്‍ നിന്ന്് ലഭിച്ച ആ കയ്യടിയും പ്രോത്സാഹനവും ഏത് ഉയര്‍ന്ന ഗ്രേഡിനെക്കാളും വിലമതിക്കുന്നതാണെന്ന് ഷിഫ്‌ന വിശ്വസിക്കുന്നു.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 Mimicry