ണ്ണിക്കണ്ണന്‍ കണ്ണുകൊണ്ടൊന്നും കണ്ടിട്ടില്ല. കാതുകൊണ്ട് കേട്ടിട്ടേയുള്ളൂ. കേട്ടുകേള്‍വി മാത്രമുള്ള ഈ ലോകമാണ് ഉണ്ണിക്കണ്ണന്റെ ജീവിതം. കാഴ്ചയുടെ പൂരപ്പറമ്പില്‍ കേട്ട ഈ ശബ്ദങ്ങളാണ് ഉണ്ണിക്കണ്ണനെ താരമാക്കിയത്. ഇരുട്ട് നിറഞ്ഞ ലോകത്ത് കേട്ട ഈ ശബ്ദങ്ങള്‍ അനുകരിച്ചാണ് അവന്‍ സ്‌കൂള്‍ കലോത്സവത്തില്‍ കൈയടിയത്രയും നേടിയത്. മിമിക്രിയില്‍ പ്രൊഫഷണല്‍ താരങ്ങളെപ്പോലെ അദ്ഭുതപ്പെടുത്തുന്നതാണ് ഒരൊറ്റ താരത്തെപ്പോലും കാണാത്ത ഉണ്ണിക്കണ്ണന്റെ പ്രകടനം.

കലോത്സവത്തിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലാണ് ശബ്ദാനുകരണം കൊണ്ട് ഉണ്ണിക്കണ്ണന്‍ ശബ്ദം കൊണ്ട് വിസ്മയം തീര്‍ത്തത്. സിനിമാതാരങ്ങളുടെ ശബ്ദം കൊണ്ട് തീര്‍ത്ത സ്‌കിറ്റാണ് അവതരിപ്പിച്ചത്. പൃഥ്വിരാജും ദുല്‍ഖറും വിജയുമെല്ലാം വേദിയില്‍ ശബ്ദമായി അവതരിച്ചു. ഒരേസമയം ദഫ്താളവും മാപ്പിളപ്പാട്ടും ഇടകലര്‍ത്തി ദഫ്മുട്ടും ഉണ്ണി ഭംഗിയായി അവതരിപ്പിച്ചു. നിറഞ്ഞ കരഘോഷത്തോടെ സദസ്സ് ഉണ്ണിയുടെ പ്രകടനത്തെ സ്വീകരിക്കുകയും ചെയ്തു.

ഹൈസ്‌കൂള്‍ തലത്തില്‍ കഴിഞ്ഞ മൂന്നു തവണയും ഉണ്ണിക്കണ്ണന്‍ എ ഗ്രേഡ് നേടിയിരുന്നു. രണ്ടുതവണ മൂന്നാം സ്ഥാനവും ഉണ്ടായിരുന്നു. ഭാവിയില്‍ ഒരു കലാകാരനായി അറിയപ്പെടണമെന്ന് ഉറപ്പിച്ചു പറയുന്നു ഉണ്ണി. ഒപ്പം ഒരു അധ്യാപകനാകണമെന്ന ആഗ്രഹവമുണ്ട് ഈ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ഥിയ്ക്ക്. വര്‍ക്കല ശിവഗിരി എച്ച്എസ്എസിലാണ് ഉണ്ണിക്കണ്ണന്‍ പഠിക്കുന്നത്.

unnikannan

അച്ഛന്‍ അനിലാണ് ഉണ്ണിയെ മത്സരങ്ങള്‍ക്കെല്ലാം കൊണ്ടുപോകുന്നത്. കല്‍പ്പണിക്കാരനാണ് അനില്‍. മകന്റെ പരിമിതിയില്‍ തനിയ്ക്ക് ദു:ഖമുണ്ടെങ്കിലും ഒരു കുറവുമില്ലാത്തവരേക്കാള്‍ നന്നായി അവന്‍ പ്രകടനം നടത്തുന്നത് കാണുമ്പോള്‍ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് അനില്‍ പറയുന്നു.

Content Highlights: kalolsavam2018 schoolkalolsavam2018 schoolyouthfestival2018