സലാമു അലൈക്കും' എന്ന് പറഞ്ഞ് വേദിയില്‍ അബിന പാടിത്തുടങ്ങിയപ്പോള്‍ 'ഈശോ മിശിഹായ്ക്ക് സ്തുതി' പറഞ്ഞ് സിസ്റ്റര്‍ ഷാന്റി ദൂരെയിരുന്ന് താളമിട്ടു. ഒരു കന്യാസ്ത്രീ എഴുതി ചിട്ടപ്പെടുത്തിയ മാപ്പിളപ്പാട്ടിന്റെ ശീലുകള്‍ അങ്ങനെ കലോത്സവ വേദിയില്‍ കലയുടെ  ഇമ്പമുള്ള സൗഹാര്‍ദക്കാഴ്ചയൊരുക്കി.

ഇടുക്കി മുതലക്കോടം സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി അബിന ഹാരിസാണ് അധ്യാപികയായ സിസ്റ്റര്‍ ഷാന്റി ചിട്ടപ്പെടുത്തിയ മാപ്പിളഗാനം പാടി കൈയടി നേടിയത്. 'പങ്കുശ തരുളിത അരുളിട' എന്ന് തുടങ്ങുന്ന ഗാനം മാപ്പിളത്താളത്തിന്റെ ഗരിമയോടെ വേദി നിറഞ്ഞു. ഇടയ്ക്ക് വിരല്‍ ഞൊടിച്ച് താളംതട്ടി അബിന ഈ ഗാനം പാടിക്കഴിഞ്ഞതും ജോസഫ് മുണ്ടശേരി ഹാളില്‍ കൈയടിയുടെ 'ദഫ്മുട്ട്' നിറഞ്ഞു. 

സ്‌കൂളിലെ സംഗീതാധ്യാപികയാണ് സിസ്റ്റര്‍ ഷാന്റി. അറബിക് അധികമറിയാത്ത സിസ്റ്റര്‍ ഈ പാട്ടൊരുക്കിയത് എല്ലാത്തിനും അതീതമായ കല എന്ന ഭാഷയിലായിരുന്നു. 

ജില്ലാ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടില്‍ അബിന വിജയിയായതും ഇതേ പാട്ടിലൂടെയായിരുന്നു. മുന്‍വര്‍ഷം യു.പി. വിഭാഗത്തിലും ഒന്നാംസ്ഥാനം നേടി. 

വേദികളിലൊക്കെ ശിഷ്യയ്‌ക്കൊപ്പമുണ്ടാകാറുള്ള സിസ്റ്റര്‍ ആരോഗ്യകാരണങ്ങളാല്‍ ഇവിടേക്ക് എത്തിയില്ല. പകരം സിസ്റ്റര്‍ സ്റ്റെനിയ ആണ് അബിനയ്‌ക്കൊപ്പം വന്നത്. മികച്ച സംഗീതാധ്യാപികയ്ക്കുള്ള സംസ്ഥാന അവാര്‍ഡ് നേടിയിട്ടുള്ള സിസ്റ്റര്‍ ഷാന്റിയുടെ കീഴിലാണ് അബിന ആദ്യം മുതല്‍ക്കേ സംഗീതം അഭ്യസിക്കുന്നത്. തൊടുപുഴ ഇടവെട്ടി വലിയജാരം ഹാരിസിന്റെയും ഷൈലയുടെയും മകളാണ് അബിന.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018