ഥാപ്രസംഗത്തില്‍ എ ഗ്രേഡ് നേടി വരുന്ന വടക്ക് പയ്യന്നൂര്‍ സെന്റ് മേരീസ് ഗേള്‍സ് സ്‌കൂളിലെ കുട്ടികളെ കാത്ത് തെക്ക് നെടുമങ്ങാട് മലയോരത്ത് ഒരാളിരിപ്പുണ്ട്. ഇലവുപാലം സ്വദേശി ജലാലുദ്ദീന്‍. കാരണം പയ്യന്നൂരിലെ കുട്ടികള്‍ സൂര്യജന്മം എന്ന പേരില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പറഞ്ഞത് ജലാലുദ്ദീന്റെ കഥയാണ്.

ജലാലുദ്ദീന്‍ ഒരു വെറും കഥയല്ല. കഥയെ വെല്ലുന്ന യാഥാര്‍ഥ്യമാണ്. സ്വന്തമായി ഒരു തരി മണ്ണില്ലാത്തവര്‍ക്ക് അന്തിയുറങ്ങാന്‍ സ്വന്തം മണ്ണ് വിട്ടുകൊടുത്ത അദ്ഭുതമാണ്. ആറടി പോയിട്ട് ഒരു നുള്ളു മണ്ണിന്റെ പോലും ജന്മാവകാശമില്ലാത്ത ഇരുപത്തിയൊന്നു പേരാണ് ജലാലുദ്ദീന്റെ മണ്ണില്‍ അന്തിയുറങ്ങുന്നത്. പുതിയ കാലത്തിന് അവിശ്വസനീയമെന്ന് തോന്നുന്ന ഈ കഥയാണ് ഹൃദയസ്പര്‍ശിയായി ചന്ദന. എസ്.കൃഷ്ണ പറഞ്ഞത്. കൂട്ടുകാരികളായ നേഹ അനിലും അപര്‍ണയും ഭാമിനി കൃഷ്ണയും അനുപ്രിയയും പിന്നണി ചേര്‍ന്നു. സദസ്സിന്റെ നെഞ്ചുലച്ച ഈ കഥപറച്ചില്‍ വഴി എ ഗ്രേഡും സ്വന്തമാക്കിയിരിക്കുകയാണ് ഇവര്‍.

jalaludheenകഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച ലേഖനത്തില്‍ നിന്നാണ് കുട്ടികള്‍ക്ക് ജലാലുദ്ദീന്റെ കഥ കിട്ടുന്നത്. തിരുവനന്തപുരം പാലോട് ഇലവുപാലം ജങ്ഷനിലാണ് തട്ടുപാലം എന്ന് നാട്ടുകാര്‍ സ്‌നേഹത്തോടെ വിളിക്കുന്ന ജാലാലുദീന്റെ മണ്ണ്. സമീപത്തെ കോളനിയില്‍ പനി പിടിച്ച് മരിച്ച കുഞ്ഞിനെ അടക്കാന്‍ ഭൂമിയില്ലാതെ ദയനീമായി നിന്ന അച്ഛനമ്മമാരുടെ സങ്കടം കണ്ട ജലാലുദീന്‍ തന്റെ മണ്ണില്‍ കുട്ടിക്കിടമൊരുക്കി. ജലാലുദ്ദീന്‍ പിന്നെയും മരിച്ച ഒരുപാട് പേര്‍ക്ക് സ്വന്തം മണ്ണ് വീതിച്ചുനല്‍കി. ഇന്ന് ജീവിച്ചിരിക്കുമ്പോള്‍ നാനാജാതി മതത്തില്‍ പെട്ടിരുന്ന ഇരുപത്തിയൊന്നു പേര്‍ അവിടെ അന്തിയുറങ്ങുന്നുണ്ട്. ശ്മശാനം മാത്രമല്ല തൊട്ടടുത്തുള്ള ആയിരവല്ലി ഭഗവതിക്ക് ക്ഷേത്രമൊരുക്കിയതും ജലാലുദീന്റെ മണ്ണിലാണ്. 19 പേരാണ് ജലാലുദ്ധീന്റെ മണ്ണിലുറങ്ങുന്നത്.

മാതൃഭൂമിയില്‍ വന്ന ജലാലുദ്ദീന്റെ കഥ കണ്ണില്‍ തടഞ്ഞപ്പോള്‍ കഥാപ്രസംഗത്തിനായി കഥ തേടിയിറങ്ങിയവര്‍ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടിവന്നില്ല.  പോയി മറഞ്ഞ ചരിത്രത്തില്‍ നിന്ന് ആളുകളെ തപ്പിയെടുത്ത് പറഞ്ഞുപഴകി, കേട്ടു മടുത്ത കഥ മെനയുന്നതിലും എത്ര നല്ലതാണ് നന്മയുടെ വന്‍മരമായി ജീവിക്കുന്ന ഒരാളുടെ കഥ പറയുന്നതെന്ന് അന്നേ നിശ്ചയിച്ചു സ്‌കൂളിലെ കുട്ടികള്‍. ആദ്യം ചെയ്തത് ജലാലദ്ദീനെ വിളിച്ച് ജീവിതം കഥയാക്കാനുള്ള അനുവാദം തേടുകയായിരുന്നു. ജലാലുദ്ദീന് അതില്‍ എതിര്‍പ്പൊന്നുമുണ്ടായിരുന്നില്ല. എഴുത്തുകാരന്‍ ആര്‍.സി. കരിപ്പത്താണ് ജലാലുദ്ദീന്റെ ജീവിതം കഥയാക്കിയതും കഥാപ്രസംഗരൂപത്തിലാക്കിയതും പരിശീലിപ്പിച്ചതും. സഹായിക്കാന്‍ ചന്ദനയുടെ അച്ഛനുമുണ്ടായിരുന്നു. പിന്നെ കഠിനമായ പരിശീലനമായി. ഒടുവില്‍ കൈയടികളുടെ അകമ്പടിയോടെ മിന്നുന്നൊരു എ ഗ്രേഡും.

വിധിപ്രഖ്യാപനം വന്നപ്പോള്‍ കുട്ടികള്‍ ആദ്യം ചെയ്തത് യഥാര്‍ഥ ജീവിതത്തിലെ നായകന്‍ ജലാലുദ്ദീനെ വിളിക്കുകയായിരുന്നു. വിളിച്ച കുട്ടികളോട് ഒരാഗ്രഹമേ പറഞ്ഞുള്ളൂ ജലാലുദ്ദീന്‍. കുട്ടികളെ ഒന്ന് നേരില്‍ കണ്ട് അഭിനന്ദിക്കണം. കുട്ടികളെ മാത്രമല്ല, അവര്‍ സ്വന്തം ജീവിതം വേദിയില്‍ പകര്‍ന്നാടുന്നതും ഒന്ന് കാണണം. ജലാലുദ്ദീന്റെ ഈ ആഗ്രഹം സഫലമാക്കാനായി നെടുമങ്ങാട്ടേയ്ക്ക് പോകാനുള്ള ആലോചനയിലാണ് കുട്ടികള്‍.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 Kathaprasangam