കെട്ടിടത്തിന്റെ ടെറസ്സില്‍ നിന്ന് ഒരു രണ്ടര വയസ്സുകാരന്‍ തലയടിച്ചു വീണാല്‍ എന്താവുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. അല്ലെങ്കില്‍ അദ്ഭുതം സംഭവിക്കണം. ഗോകുലിന്റെ കാര്യത്തില്‍ 2003-ല്‍ അതാണ് സംഭവിച്ചത്. പുനര്‍ജന്‍മം എന്നൊക്കെ പറയാവുന്ന സംഭവത്തിലെ കുട്ടി ഒരു വയലിനില്‍ വിസ്മയമായി മാറുന്ന കാഴ്ചയ്ക്കാണ് കാലം സാക്ഷിയായത്.
 
2014 മുതല്‍ വയലിനില്‍ ഗോകുലിനെ വെല്ലാന്‍ ഇതുവരെ സംസ്ഥാന കലോത്സവത്തില്‍ ആരുമുണ്ടായിട്ടില്ല. ഒന്നാം സ്ഥാനം ഇല്ലാത്ത ഇക്കൊല്ലം എടപ്പാള്‍ പൂക്കരത്തറ ഡി.എച്ച്.ഒ.എച്ച്.എസ്.എസ്സിലെ പന്ത്രണ്ടാം ക്ലാസുകാരനൊപ്പം എ ഗ്രേഡ് പഴയപോലെ കൂടെനിന്നു. 
  
വീട്ടുകാര്‍ക്ക് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും ഒരു ഇടിത്തീയായ സംഭവം നടന്നത് 2003-ലാണ്. പിച്ചവച്ച് ഗോകുല്‍ ആരും കാണാതെ വീടിന്റെ ടെറസ്സില്‍ കയറി. മുകളിലെത്തിയ കുട്ടി കാല്‍തെറ്റി താഴേക്ക്. വീണത് സെപ്റ്റിക് ടാങ്കിന്റെ സിമന്റ് പ്രതലത്തില്‍. തലയടിച്ചുവീണ കുട്ടിയുമായി തൃശ്ശൂര്‍ അമല ആസ്പത്രിയിലേക്ക് പാഞ്ഞു. അവിടെയെത്തുമ്പോഴേക്കും തലയുടെ വലുപ്പം ഇരട്ടിയായിക്കഴിഞ്ഞിരുന്നു. മൂക്കിലൂടെ രക്തവും ഒഴുകി. വിശദപരിശോധനയില്‍ തലച്ചോറിന് പോറല്‍പോലും ഏറ്റിട്ടില്ലെന്നത് ഡോക്ടര്‍മാരെയും അദ്ഭുതപ്പെടുത്തി. രണ്ടു ദിവസത്തിനു ശേഷം ആസ്പത്രി വിടുകയും ചെയ്തു.

വീഴ്ചയും സംഗീതവുമായി ബന്ധമൊന്നുമില്ലെങ്കിലും പിന്നീടുള്ള വര്‍ഷങ്ങളില്‍ അസാധാരണ സംഗീതവാസനയാണ് ഗോകുല്‍ കാട്ടിയത്. സംഗീത പശ്ചാത്തലമുള്ള അച്ഛന്‍ വി.കെ. ശൈലേഷ്‌കുമാറും അമ്മ ഗായത്രിയും ഇതു ശ്രദ്ധിച്ചു. അഞ്ചാംവയസ്സില്‍ ഹാര്‍മോണിയത്തില്‍ ആരും പറഞ്ഞുകൊടുക്കാതെ വന്ദേമാതരം വായിച്ചതാണ് ഇവരെ അദ്ഭുതപ്പെടുത്തിയത്. പിന്നീട് അച്ഛന്റെ ജ്യേഷ്ഠനും വയലിനിസ്റ്റുമായ സുരേന്ദ്രന്‍ ആലംകോട് ഗോകുലിന്റെ കലാജീവിതം ദത്തെടുക്കുകയായിരുന്നെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാം. പന്ത്രണ്ടാംവയസ്സില്‍ വയലിന്‍ കച്ചേരികള്‍ ഗോകുല്‍ തുടങ്ങി. 
  
2015-ല്‍ മുംബൈ ഷണ്‍മുഖാനന്ദ സംഗീതസഭയുടെ ഡോ. എം.എസ്. സുബ്ബലക്ഷ്മി ഫെല്ലോഷിപ്പ് ലഭിച്ചു. ഇതുവരെ മുന്നൂറിലേറെ കച്ചേരികള്‍ കഴിഞ്ഞു. ആകാശവാണി 2017-ല്‍ നടത്തിയ ദേശീയ സംഗീതമത്സരത്തില്‍ ഒന്നാംസ്ഥാനമായിരുന്നു. ആകാശവാണിയുടെ ബി സര്‍ട്ടിഫിക്കറ്റും കിട്ടി. പ്രശസ്ത വയലിനിസ്റ്റ് എ. കന്യാകുമാരി, ഇടപ്പള്ളി അജിത്ത് കുമാര്‍ എന്നിവരുടെ ശിക്ഷണത്തിലാണ് ഇപ്പോഴത്തെ പഠനം.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 kalolsavam2018 violin