നായകസ്ഥാനമോ നായികാപട്ടമോ തട്ടിയെടുക്കുന്നതില്‍പ്പരം വേറൊരു അപരാധമില്ല സിനിമയില്‍. വേഷം തട്ടിയെടുത്തരവരെ പിന്നെ സിനിമയില്‍നിന്നു തട്ടിയതിന്റെ കഥകള്‍ക്കുമില്ല പഞ്ഞം. ഇക്കഥകളൊക്കെ അറിയുമെങ്കിലും തന്റെ നായികാവേഷം പ്രിയപ്പെട്ട കൂട്ടുകാരിക്ക് കൈമാറി സഹനടിയാവാന്‍ അനാമികയ്ക്ക് മടിയൊട്ടുമുണ്ടായിരുന്നില്ല. കൂട്ടുകാരി സമ്മാനിച്ച നായികാവേഷത്തില്‍ നിറഞ്ഞാടിയ ഒന്‍പതാം ക്ലാസുകാരി നാദിയയെ കാത്തിരുന്നതാവട്ടെ മികച്ച നടിക്കുള്ള സമ്മാനവും.

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഹൈസ്‌കൂള്‍ വിഭാഗം നാടകമത്സരത്തിലായിരുന്നു സിനിമയെ വെല്ലുന്ന നാടകീയരംഗങ്ങള്‍. തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂള്‍ അവതരിപ്പിച്ച കഞ്ഞി എന്ന നാടകം ജില്ലാതലത്തില്‍ അവതരിപ്പിച്ചപ്പോള്‍ അനാമികയായിരുന്നു നായിക കൊച്ചു കല്ല്യാണിയെ അവതരിപ്പിച്ചത്. കൂട്ടുകരി നാദിയ കൊച്ചു കല്ല്യാണിയുടെ അമ്മ സുശീലയുമായി. വലിയ കൈയടിയും പ്രശംസയും നേടിക്കൊടുത്ത കൊച്ചുകല്ല്യാണിയുടെ വേഷം പക്ഷേ, സംസ്ഥാന കലോത്സവത്തിന് പോകുമ്പോള്‍ കൂട്ടുകാരി നാദിയയ്ക്ക് കൈമാറുമ്പോള്‍ സങ്കടമേ ഉണ്ടായില്ല അനാമികയ്ക്ക്. മനുഷ്യജീവിതത്തിന്റെ വ്യഥ പറഞ്ഞ നാടകം തൃശ്ശൂരില്‍ അരങ്ങിലെത്തിയപ്പോള്‍ കൊച്ചു കല്ല്യാണിയായി ശരിക്കും തകര്‍ത്താടി അനാമിക. ഒപ്പത്തിനൊപ്പമുള്ള പ്രകടനം കൊണ്ട് അനാമിക സുശീലയെയും ഗംഭീരമാക്കി. വിധി നിര്‍ണയം കഴിഞ്ഞ് നാദിയ മികച്ച നടിയായപ്പോള്‍ ആദ്യം ചെന്ന് കെട്ടിപ്പിടിച്ച് സന്തോഷമറിയിച്ചത് അനാമികയായിരുന്നു. കഥയുടെ തീവ്രതയെ അങ്ങനെ കടത്തിവെട്ടി തിരശ്ശീലയ്ക്ക് പിന്നിലെ സംഭവങ്ങള്‍.

അഭിനേതാക്കള്‍ക്ക് ശരിക്കും അറിഞ്ഞാടാന്‍ പോന്നതായിരുന്നു കഞ്ഞിയെന്ന നാടകം. കൊച്ചു കല്ല്യാണിക്ക് എന്നും വെറുപ്പായിരുന്നു കഞ്ഞിയോട്. തരം താണ ഭക്ഷണമെന്ന ചിന്ത, തരം താണ വര്‍ഗമെന്ന ചിന്ത. എന്നും കഞ്ഞിവെച്ച് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിശപ്പടക്കുന്ന അവളുടെ അമ്മ സുശീലയെ കാണാതിരിക്കാന്‍ സ്‌കൂള്‍ജീവിതം പോലും മതിയാക്കിയ കൊച്ചുകല്ല്യാണി. സ്‌കൂളില്‍ കഞ്ഞിവെക്കുന്ന സുശീലയും മകള്‍ കൊച്ചുകല്ല്യാണിയും തന്നെയാണ് നാടകത്തിലെ പ്രധാന കഥാപാത്രങ്ങള്‍. നാട്ടുകാര്‍ കഞ്ഞി സുശീല എന്ന് അഭിസംബാധന ചെയ്യുമ്പോള്‍ സുശീലയ്ക്ക് അതൊരു കുറച്ചിലായി തോന്നിയിരുന്നില്ലെങ്കിലും കൊച്ചു കല്ല്യാണിക്ക് ഇതിലേറെ നാണക്കേടുണ്ടാക്കുന്ന മറ്റൊരു കാര്യമുണ്ടായിരുന്നില്ല. കഞ്ഞിവിലാസത്തില്‍ നിന്നും രക്ഷപ്പെടാന്‍ കല്ല്യാണം പോലും നേരത്തെയാക്കിയെങ്കിലും കല്ല്യാണത്തിന് പോലും കഞ്ഞി കൊടുക്കേണ്ടി വന്നു കൊച്ചുകല്ല്യാണിക്കും സുശീലയ്ക്കും. അങ്ങനെ കൊച്ചുകല്ല്യാണിക്കും കൊടുത്തു നാട്ടുകാര്‍ ഒരു പേര് കല്ല്യാണക്കഞ്ഞി.

വെറും കഞ്ഞിയുടേയും സുശീലയുടേയും കൊച്ചുകല്ല്യാണിയുടെയും ജീവിതത്തിനപ്പുറം പുതിയ കാലത്തെ നഷ്ടപ്പെടുന്ന സ്‌നേഹത്തിലേക്കും കുടുംബ ബന്ധങ്ങളിലേക്കും ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നുണ്ട് കഞ്ഞിയെന്ന നാടകം. മനുഷ്യന് ശേഷി കുറയുമ്പോള്‍ അല്ലെങ്കില്‍ പ്രായമാവുമ്പോള്‍ അവന്‍ വെറും കഞ്ഞിയാണെന്ന വിളിപ്പേരിന് അര്‍ഹനാവുന്നുവെന്നത് യാഥാര്‍ഥ്യമണ്. ഒരു കാലത്ത് തനിക്ക്  കഞ്ഞിവെച്ച് വിളമ്പിത്തന്ന് വളര്‍ത്തി വലുത്താക്കിയ അമ്മയെയും അച്ഛനെയും നടതള്ളുന്ന പുതിയ കാലത്തെ പുതിയ കഞ്ഞികളും ഇന്ന് കുറവല്ല. ഇത്തരം കഞ്ഞികളെ  വലിയ തോതില്‍ ചോദ്യം ചെയ്യുന്നുണ്ട് ജിനേഷ് ആമ്പല്ലൂര്‍ തന്റെ നാടകത്തിലൂടെ. സജീവന്‍ മുരിയാടാണ് രചന. നാടകം മുന്നോട്ട് വെച്ച രാഷ്ട്രീയത്തെ ഏതായാലും തള്ളിക്കളഞ്ഞില്ല വിധികര്‍ത്താക്കള്‍. 

കാര്‍ത്തിക, അതുല്യ,അഞ്ജ്‌ലി,ദുര്‍ഗ, ലിനു, ഹെഫ്‌സില്‍ എന്നിവരാണ് നാടകത്തിലെ മറ്റ് കഥാപാത്രങ്ങള്‍. സേക്രഡ് ഹാര്‍ട്ട് സ്‌കൂളിലെ ഒമ്പതാംക്ലാസ്  വിദ്യാര്‍ഥിനിയായ നാദിയ അഷ്‌റഫിന്റേയും, ഷബിതയുടേയും മകളാണ്.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 Drama Best Actress