മികച്ച നടനാവാൻ അരങ്ങില്‍ അഷിന്‍ അഭിനയിച്ചു തകര്‍ക്കുമ്പോള്‍ അണിയറയില്‍ അച്ഛനും ഗുരുനാഥനും ഒരൊറ്റ പ്രാര്‍ഥനയേ ഉണ്ടായിരുന്നുള്ളൂ. ആ ഹൃദയത്തെ കാക്കണേ... നെഞ്ചിലെ കടുത്ത വേദനയെ മുഖത്തെ ഭാവങ്ങള്‍ കൊണ്ട് മറച്ച് അഷിന്‍ ബിരിയാണിയിലെ ബിഹാറിയായി അരങ്ങത്ത് ജീവിക്കുമ്പോള്‍ ഹൃദയമിടിപ്പോടെ കണ്ടുനിന്ന് കൈയടിച്ച കാണികള്‍ അറിഞ്ഞില്ല നോവുന്ന ഒരു ഹൃദയവുമായാണ് അവന്‍ അഭിനയിക്കുന്നതെന്ന്. ഒടുവില്‍ മികച്ച നടനുള്ള സമ്മാനം ലഭിച്ചപ്പോഴാണ് ആ വേദന സന്തോഷത്തിന് വഴിമാറിയതെന്നും ആരും അറിഞ്ഞില്ല. നാടകം കഴിഞ്ഞ് ക്ഷീണിതനായ അഷിന്‍ പെട്ടന്നു തന്നെ അച്ഛനൊപ്പം സ്വന്തം നാടായ കോഴിക്കോട് മയ്യന്നൂര്‍ക്ക് യാത്രയാവുകയും ചെയ്തു. രോഗവിവരം ആരോടും പറഞ്ഞില്ല അവര്‍. സഹതാപങ്ങള്‍ കേള്‍ക്കാന്‍ നിന്നു കൊടുത്തതുമില്ല.

സന്തോഷ് ഏച്ചിക്കാനത്തിന്റെ പ്രശസ്തമായ ചെറുകഥയെ അവലംബിച്ചു തയ്യാറാക്കിയ ബിരിയാണി എന്ന നാടകം ഹൈസ്‌കൂള്‍ വിഭാഗത്തിലാണ് കോഴിക്കോട് മേമുണ്ട ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ അഷിനും സംഘവും അരങ്ങിലെത്തിച്ച് കൈയടി നേടിയത്.

നിരവധി ശാരീരിക പ്രശ്‌നങ്ങള്‍  അനുഭവിക്കുന്ന  അഷിന്‍ ചികിത്സയ്ക്കിടെയാണ് നാടകത്തിന്റെ റിഹേഴ്‌സലിനും മറ്റും എത്തിയിരുന്നത്. അവന്‍ പൂര്‍ണ പിന്തുണയുമായി ഗുരു റഫീഖ്  തോട്ടുമുക്കവും അച്ഛന്‍ വിജയനുമുണ്ട്. അഷിന്റെ കലയോടുള്ള സ്വപ്നസാക്ഷാത്കാരത്തിനായി.

ജില്ലാ കലോത്സവത്തില്‍ പിന്തള്ളിപ്പോയ ബിരിയാണി അപ്പീലിലൂടെയാണ് സംസ്ഥാന കലോത്സവത്തിന് എത്തിയത്. തൃശ്ശൂരില്‍ എലിപ്പെട്ടിയും ബിരിയാണിയും തമ്മിലായിരുന്നു പ്രധാന മത്സരം.

സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണിയെന്ന കഥയുടെ സ്വതന്ത്രാവിഷ്‌കാരമായാണ് സംവിധായകന്‍  റഫീഖ്  മംഗലശ്ശേരി ബിരിയാണിയെന്ന നാടകത്തെ വേദിയിലെത്തിച്ചത്. മലയാളിയുടെ അമിതമായ ഭക്ഷണ ധൂര്‍ത്തിനെതിരെ ശബ്ദിക്കുന്ന കഥയായിട്ടുതന്നെയാണ് ഇതിന്റെ നാടകാവിഷ്‌കരണവും. കഥയില്‍ ഒരു കല്ല്യാണ വീട്ടിലെ പാര്‍ട്ടി കഴിഞ്ഞ് ബിരിയാണി കുഴിച്ച്  മുടുമ്പോള്‍ കുഴിയെടുക്കുന്ന ബിഹാറി ഭക്ഷണം കിട്ടാതെ മരിച്ച  തന്റെ ബസ്മതിയെന്ന മകളെയോര്‍ക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ നാടകത്തിലേക്കെത്തുമ്പോള്‍ തന്റെ  തെറ്റ് മനസ്സിലാക്കി കല്ല്യാണ വീട്ടിലെ ഹാജിയാര്‍ പാവങ്ങള്‍ക്ക് ബിരിയാണി വെച്ചുകൊടുക്കുന്നിടത്താണ് അവസാനിപ്പിക്കുന്നത്.

മയ്യന്നൂര്‍ക്കാരനായ അഷിനൊപ്പം അഭയ്, ദേവാനന്ദ്, സിയാന, റിയ, ദേവനന്ദ, ആദിത്യ, സാംരംഗ്, അനൂജ്, സൂരജ് എന്നിവരുമുണ്ടായിരുന്നു. 
36 നാടകങ്ങളാണ് ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിക്കാനെത്തിയിരുന്നത്. അതുകൊണ്ടുതന്നെ കടുത്ത മത്സരവുമായിരുന്നു. ബിരിയാണിക്ക് പുറമെ എലിപ്പെട്ടി, മറഡോണ, കഞ്ഞി എന്നീ നാടകങ്ങളും ഒന്നിനൊന്ന് മെച്ചമായിരുന്നു.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 Drama Best Actor