തായമ്പക മത്സരത്തില്‍ ശ്രീരാഗ് വേദിയില്‍ കൊട്ടിത്തകര്‍ക്കുമ്പോള്‍ സദസ്സില്‍ കാണികളിലൊരാളായി കാത്തിരുന്ന ശിവദാസിന്റെ മുഖത്തോ മനസ്സിലോ ആശങ്കകളൊന്നും ഉണ്ടായിരുന്നില്ല. ആ അച്ഛന് ഉറപ്പായിരുന്നു എ ഗ്രേഡില്‍ കുറഞ്ഞ വിജയവുമായി ശ്രീരാഗ് തിരിച്ചു വരില്ലെന്ന്. അച്ഛന്റെ പ്രതീക്ഷകളൊന്നും അസ്ഥാനത്താക്കാതെ ശ്രീരാഗ് തിരിച്ചു വന്നതും എ ഗ്രേഡിന്റെ തിളക്കത്തോടെ തന്നെ. 

ഹൈസ്‌കൂള്‍ വിഭാഗം തായമ്പക മത്സരവേദിയില്‍ കണ്ടത് മത്സരംഫലം കാത്തിരിക്കുന്ന അച്ഛന്റേയും മകന്റേയും ആകുലതകളല്ലായിരുന്നു. പകരം ചൊല്ലിക്കൊടുത്തതില്‍ കൂടുതല്‍ മികവോടെ വേദിയില്‍ തകര്‍ത്ത് കൊട്ടിയതില്‍ ശിഷ്യനെ അഭിനന്ദിക്കുന്ന ഗുരുവിന്റേയും ശിഷ്യന്റേയും ആത്മവിശ്വാസമായിരുന്നു. 

പാലക്കാട് മാത്തൂര്‍ സിഎഫ്ഡിഎച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ് ശ്രീരാഗ്. പ്രശസ്ത തായമ്പക വിദ്വാന്‍ അത്തല്ലൂര്‍ ശിവദാസിന്റെ മകനായ ശ്രീരാഗിനൊപ്പം തായമ്പക മേളം കൂട്ടിത്തുടങ്ങിയിട്ട് കാലം ശ്രീരാഗിന്റെ പ്രായത്തിനൊപ്പം തന്നെ വരും. അച്ഛനേക്കാളും വലിയ ഒരു ഗുരു തനിക്കില്ലെന്നും അതിനാല്‍ തന്നെ തായമ്പക പഠിക്കാന്‍ വീടിനു പുറത്തൊരു പരിശീലന കേന്ദ്രം തനിക്കില്ലെന്നുമാണ് ശ്രീരാഗ് പറയുന്നത്. 

മത്സരത്തില്‍ വിജയിച്ചാലും സമ്മാനം നേടാന്‍ വേണ്ടി മാത്രം തായമ്പക പരിശീലിച്ച് അവതരിപ്പിക്കരുതെന്നാണ് ശിവാദാസിന് മകനോട് പറയാനുള്ളത്. എപ്പോഴും പുതുമകള്‍ കണ്ടെത്തണമെന്നും കാണികളെ പിടിച്ചിരുത്താന്‍ വേണ്ട താളമേള വഴക്കങ്ങള്‍ തായമ്പക്കാരന് വേണെന്നുമാണ് മത്സരം കഴിഞ്ഞാലും അച്ഛനെന്ന് ഗുരുവിന് ശ്രീരാഗിനോട് പറയാനുള്ളത്.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018 chenda