ചെണ്ട എടുത്തുയര്‍ത്താനുള്ള ആരോഗ്യമുണ്ടെന്നു കണ്ടാല്‍ പറയില്ല. എടുത്തുയര്‍ത്തിയാല്‍തന്നെ ഉയരമില്ലാത്തതിനാല്‍ നിലത്തുമുട്ടുമെന്നും തോന്നും. പക്ഷേ, സഹോദര മക്കളായ അഖിലിന്റെയും അരുണിന്റെയും കൈയില്‍ ചെണ്ട കിട്ടുന്നതോടെ കഥമാറി. മുറുക്കങ്ങളും പെരുക്കങ്ങളുമായി കത്തിക്കയറും. തഴക്കംവന്ന വാദ്യക്കാരുടെ തലയിളക്കങ്ങളും വിരല്‍ത്താളങ്ങളും കയറിവരും. എല്ലാംകൊണ്ടും ഇതൊരു മത്സരമാണെന്നുതന്നെ മറക്കുന്ന പ്രതീതി.
   
അഞ്ചോ ആറോ കിലോ ഭാരമുണ്ട് ചെണ്ടയ്ക്ക്. എന്നാല്‍ ഇതുതാങ്ങി ശബ്ദവിസ്മയം തീര്‍ക്കുന്ന അഖിലിനും അരുണിനും 30 കിലോയോളം ഭാരമേയുള്ളു. ചെണ്ടയുടെ ഭാരം പ്രശ്നമല്ലേ എന്നചോദ്യത്തിനു ഇവരുടെ കൈയില്‍ ഉത്തരമുണ്ട്.  ചുമലില്‍തൂക്കിയാലെ ആസ്വദിച്ചു കൊട്ടാനാകു എന്നു ഇവര്‍ ഉറപ്പിച്ചു പറയും.

സ്റ്റാന്‍ഡുകള്‍ പലരും ഉപയോഗിക്കുന്നുണ്ടെങ്കിലും ഇവര്‍ക്കിതു വേണ്ട. ഇളകി മറിഞ്ഞു കൊട്ടാന്‍ ചെണ്ട ചുമലില്‍ തൂക്കുകതന്നെ വേണം എന്നാണ് ഇവരുടെ പക്ഷം. മുമ്പു സ്റ്റാന്‍ഡ് ഉപയോഗിച്ചിരുന്നെങ്കിലും പിന്നീട് ഒഴിവാക്കുകയായിരുന്നു. മൂന്നാം ക്ലാസുമുതലാണ് ഇവര്‍ ചെണ്ട പരിശീലനം ആരംഭിച്ചത്. ഇപ്പോള്‍ എട്ടാംക്ലാസില്‍ പഠിക്കുന്നു. ആറാം ക്ലാസിലായിരുന്നു അരങ്ങേറ്റം. സുരേഷിന്റെയും അംബുജത്തിന്റെയും മകനാണ് അഖില്‍. സുരേഷിന്റെ അനുജന്‍ ജയചന്ദ്രന്റെയും സരസ്വതിയുടെയും മകനാണ് അരുണ്‍.

കലാനിലയം കൃഷ്ണകുമാറിന്റെ നേതൃത്വത്തിലാണ് ചെണ്ട പഠിക്കുന്നത്. മത്സരത്തില്‍ ഇവര്‍ ഉള്‍പ്പെടുന്ന സംഘം എ ഗ്രേഡ് നേടി. മലപ്പുറം കൊളത്തൂര്‍ എന്‍.എച്ച്.എസ്. സ്‌കൂളില്‍നിന്നാണ് അരുണ്‍ ഭാസ്‌കറും അഖില്‍ ഭാസ്‌കറും ഉള്‍പ്പെടുന്ന സംഘം എത്തിയത്. ഇവരെ കൂടാതെ അരുണ്‍കൃഷ്ണ, അരുണ്‍പ്രകാശ്, ആദര്‍ശ്, വിഷ്ണുദാസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018, Chenda