ടവുകള്‍ക്കും ചുവടുകള്‍ക്കും കണക്കില്ല. ഒരുവേള പരിചമുട്ട് മത്സരം ഡാന്‍സ് രൂപത്തിലേക്ക് മാറിയപ്പോള്‍ കൈയ്ക്കും കാലിനും തോളിനും പരിക്കേറ്റ് അടിയന്തര ചികിത്സാ കേന്ദ്രത്തില്‍ മത്സരാര്‍ഥികളുടെ നീണ്ടനിര. സംസ്ഥാന സ്‌കൂള്‍ കലോത്സവം പരിചമുട്ടുകളി മത്സരവേദിയാണ് സംഭവസ്ഥലം. ചെറിയ പരിക്ക് പറ്റുന്നത് സ്വാഭാവികമാണെങ്കിലും ഓരോ മത്സരം കഴിയുമ്പോഴേക്കും വിദ്യാര്‍ഥികള്‍ ചികിത്സാ കേന്ദ്രത്തിലേക്ക് പോവുന്ന കാഴ്ചയാണ്  കാല്‍ഡിയന്‍ സ്‌കൂളിലെ ചന്ദനം വേദിയില്‍ നിന്ന് കാണാന്‍ കഴിഞ്ഞത്.

പരമ്പരാഗത ചുവടുകളില്‍ നിന്നും പാട്ടുകളില്‍ നിന്നും വ്യതിചലിച്ചുകൊണ്ടായിരുന്നു മത്സരങ്ങള്‍ മിക്കതും നടന്നത്. ചിലര്‍ സിനിമാപാട്ടിന്റെ രൂപത്തില്‍ ഗാനങ്ങള്‍ ചിട്ടപ്പെടുത്തി. അതിനനുസരിച്ച് ചുവടുകളും മാറിപ്പോയി. ഏറെ അപകടം പിടിച്ച കളിയായത് കൊണ്ടു തന്നെ ഇത് മത്സരാര്‍ഥികള്‍ക്ക് വലിയതോതില്‍ പരിക്കുണ്ടാക്കുന്നതിനും കാരണമായി.

വാളും പരിചയുമെടുത്ത് ശക്തിയായി വെട്ടിമാറുമ്പോള്‍ പലിക്കേണ്ട പല മാനദണ്ഡങ്ങളും മത്സരാര്‍ഥികളൊന്നും പാലിക്കുന്നില്ലെന്ന് 35 വര്‍ഷത്തോളമായി പരിചമുട്ടില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇടുക്കിയില്‍ നിന്നുള്ള ചേറാടി ഗോവിന്ദന്‍ ചൂണ്ടിക്കാട്ടുന്നു. ഒരുകാലത്ത് മുസ്ലിം, ഹിന്ദു, വിഭാഗത്തില്‍ പെട്ടവരെല്ലാം പരിചമുട്ടുകളി ഒരായോധന കലയെന്നോണം മുന്നോട്ട് കൊണ്ടുപോയിരുന്നു. ഇതെല്ലാം മത്സരത്തിനും വന്നുപോയിരുന്നു. എന്നാല്‍ കുറച്ച് കാലമായി ഇത് ക്രിസ്ത്യന്‍ വിഭാഗത്തിന്റെ മാത്രം കലാരൂപമായിട്ടാണ് വിധികര്‍ത്താക്കള്‍ പോലും കണക്കുകൂട്ടുന്നത്. 

സിനിമാപാട്ടുകളുടെ രൂപത്തില്‍ പരിചമുട്ടുകളി ഗാനമായതോടെ വിദ്യാര്‍ഥികള്‍ക്ക് ചുവട് പിഴക്കുന്ന കാഴ്ചയും കാണാമായിരുന്നു. ചുവടുകളും താളങ്ങളും മാറുന്നത് മത്സരാര്‍ഥികള്‍ക്ക് വലിയ ഭീഷണിയുമാണുണ്ടാക്കുന്നത്. തുടയ്ക്കടിച്ച് ചുവടുമാറ്റുകയാണ് പൊതുവെ മത്സരത്തില്‍ ചെയ്യുന്നത്. ഇത് അപകടം കുറയ്ക്കും. മാത്രമല്ല കൃത്യമായ വസ്ത്രധാരണ നിയമം പാലിക്കാതെ പലരും സ്റ്റേജില്‍ കയറുന്നു. തലയില്‍ മുടിയുളളത് ഒരു പരിധി വരെ ചെറിയ അപകടങ്ങളെയെല്ലാം ചെറുക്കുമെങ്കിലും മുടി പൂര്‍ണമായും വടിച്ചുപോലും സ്‌റ്റേജില്‍ ചുവടുവെച്ച ടീമുകളുണ്ടായി.

ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 21 മത്സരങ്ങളാണുണ്ടായത്. ഇതിന് രണ്ടെണ്ണത്തില്‍ മാത്രമാണ് വിധികര്‍ത്താക്കള്‍ ബി ഗ്രേഡ് നല്‍കിയത്. ഇത് ശരിക്കു പറഞ്ഞാല്‍ വിധികര്‍ത്താക്കള്‍ക്കും വലിയ പണം വാങ്ങി പരിശീലനം കൊടുക്കുന്ന പരിശീലകര്‍ക്കും വേണ്ടി വിദ്യാര്‍ഥികളെ ഇരയാക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നു. സിനിമാപാട്ടുകള്‍ ഉപയോഗിക്കുന്നത് കാണികളെ ആകര്‍ഷിക്കാനാണെന്നാണ് പരിശീലകര്‍ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സ്റ്റേജില്‍ വലിയ കോലാഹലങ്ങളുണ്ടാക്കാനും പരിശീലകരും സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കുന്നുണ്ട്. എന്നിട്ട് നല്‍കുന്നത് എല്ലാവര്‍ക്കു എ ഗ്രേഡ്.

Content Highlights: kalolsavam2018 schoolkalolsavam2018 schoolyouthfestival2018