ര്‍മകള്‍ക്ക് ക്ലാവുപിടിക്കില്ലെന്ന പ്രഖ്യാപനംപോലെ ഓടുപാകിയ തറയില്‍ മായാതെ കിടക്കുന്ന കുഴമ്പിന്റെ അടയാളങ്ങള്‍...ഘടികാരങ്ങള്‍ നിലയ്ക്കുന്ന സമയംവരെ ആശയങ്ങളുടെ ആകാശത്തേയ്ക്കുയര്‍ന്നിരുന്ന കൈയില്‍ കെട്ടിയിരുന്ന ആ വാച്ച്...കാലങ്ങള്‍ക്കപ്പുറത്തേക്ക് ഒരു സമൂഹത്തെ ഉള്‍ക്കാഴ്ചയോടെ നോക്കിക്കാണാന്‍ സഹായിച്ച വാക്കുകള്‍ ഉറവപൊട്ടിയ മുഖത്തുവെച്ചിരുന്ന ആ കണ്ണടകള്‍...തൂവല്‍സ്പര്‍ശം പോലെ കൈകള്‍ ആ വസ്തുക്കളിലൂടെ തഴുകിനീങ്ങുമ്പോള്‍ സൂര്യയുടെയും നിരഞ്ജനയുടെയും കാതോരം വൈശാഖന്റെ സ്വരം ഒഴുകിയെത്തി...''മക്കളേ ഇത് ഒരു സമുദ്രഗര്‍ജ്ജനത്തിന്റെ ഓര്‍മച്ചിത്രങ്ങള്‍...ഋഷിതുല്യനായ ഒരു വാഗ്മിയുടെ ഒരിക്കലും മായാത്ത അടയാളങ്ങള്‍...'' വാക്കുകള്‍ തീരുമ്പോഴും ഇരുവരും പ്രാര്‍ത്ഥനാപൂര്‍വം കൂപ്പിയിരുന്ന കൈകള്‍ വിടര്‍ന്നിട്ടുണ്ടായിരുന്നില്ല.

കലയുടെ ഉത്സവമുറ്റത്തുനിന്ന് ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനം കിട്ടിയ സന്തോഷത്തിലായിരുന്നു സൂര്യയും നിരഞ്ജനയും. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ പ്രസംഗമത്സരത്തില്‍ എ ഗ്രേഡ് നേടിയ കാസര്‍കോട് ചെമ്മട്ടംവയല്‍ ബെല്ല ഈസ്റ്റ് ജി.എച്ച്.എസ്.എസിലെ സൂര്യ സുനിലും മാനന്തവാടി ജി.എച്ച്.എസ്.എസിലെ നിരഞ്ജന ബാലചന്ദ്രനും മത്സരശേഷം എരവിമംഗലത്തെ ഡോ. സുകുമാര്‍ അഴീക്കോട് സ്മാരകത്തിലേക്ക് തിരിക്കുമ്പോള്‍ അത് ഗുരുസന്നിധിയിലേക്കുള്ള യാത്രതന്നെയായിരുന്നു. പ്രസംഗത്തിലെ ഇളംതലമുറ ഇതിഹാസതുല്യനായ ഗുരുവിനെ തേടിപ്പോകുന്ന യാത്ര. അവിടെ തങ്ങളെ സ്വീകരിക്കാന്‍ കാത്തുനിന്നയാളെക്കണ്ടപ്പോള്‍ സൂര്യയ്ക്കും നിരഞ്ജനയ്ക്കും അഭിമാനവും ആഹ്ലാദവുംകൊണ്ട് എന്തുപറയണമെന്നറിയാത്ത അവസ്ഥ. കേരള സാഹിത്യ അക്കാദമി ചെയര്‍മാനും സാഹിത്യകാരനുമായ വൈശാഖനാകട്ടെ, സുകുമാര്‍ അഴീക്കോട് സ്മാരകത്തില്‍ത്തന്നെ പ്രസംഗമത്സരത്തിലെ വിജയികളെ കാണാന്‍ സാധിച്ചതിലെ അതിരറ്റ സന്തോഷത്തിലും. 

ഗാന്ധിജിയുടെ ചിത്രം വെച്ചിരിക്കുന്ന പൂമുഖം കടന്ന് അകത്തേക്കു കയറുമ്പോള്‍ സൂര്യയ്ക്കും നിരഞ്ജനയ്ക്കും ഒരദ്ഭുതലോകത്തെത്തിയ പ്രതീതി. സ്മാരകത്തിലെ ജീവനക്കാരിയായ രമ കുട്ടികളെ ആദ്യം കൊണ്ടുപോയത് സുകുമാര്‍ അഴീക്കോടിന്റെ മുറിയിലേക്കായിരുന്നു. അദ്ദേഹത്തിന്റെ വാച്ചും കണ്ണടകളും ചെരുപ്പുകളുമൊക്കെ മുറിയില്‍ ഭംഗിയായി സൂക്ഷിച്ചിരിക്കുന്നു. അവസാനകാലത്ത് കുഴമ്പുപുരട്ടി കഴിഞ്ഞിരുന്നതിന്റെ അടയാളങ്ങള്‍പോലും ആ മുറിയില്‍ മായാതെയുണ്ട്. പുഴയുടെ തീരത്തേക്ക് കാഴ്ചതരുന്ന ജാലകങ്ങള്‍ തുറന്നിട്ടാണ് രമ കുട്ടികള്‍ക്കുമുന്നില്‍ ആ കാലം ഓര്‍ത്തെടുത്തത്. ''അഴീക്കോട് സാര്‍ അവസാനകാലത്ത് താമസിച്ചിരുന്ന വീടായിരുന്നു ഇത്. ഈ പുഴയുടെ തീരത്തുവന്നിരിക്കാന്‍ അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. മഴപെയ്ത് നിറഞ്ഞൊഴുകുന്ന പുഴ കാണാനായിരുന്നു ഏറെയിഷ്ടം. മഴക്കാലത്ത് ഒരു കസേരയിട്ട് അദ്ദേഹം ബാല്‍ക്കണിയില്‍ വന്നിരിക്കുമായിരുന്നു. എത്രനേരം അങ്ങനെയിരിക്കാനും അദ്ദേഹത്തിന് ഇഷ്ടമായിരുന്നു. ജനുവരി അദ്ദേഹത്തിന്റെ ചരമവാര്‍ഷികമാസം കൂടിയാണ് '' രമയുടെ വാക്കുകള്‍ക്കൊപ്പം കുട്ടികളുടെ കണ്ണുകള്‍ ജാലകങ്ങള്‍ക്കപ്പുറത്തെ പുഴയിലേക്ക് നീണ്ടു. 

മുറിയില്‍നിന്ന് സഞ്ചാരം മുകളിലെ പുസ്തകപ്പുരയിലേക്ക് നീണ്ടപ്പോഴാണ് വൈശാഖന്‍ കുട്ടികളോട് വാചാലനായത്. ''വാക്കിന്റെ ശക്തി എന്താണെന്ന് കേരളത്തെ പഠിപ്പിച്ച മനുഷ്യനായിരുന്നു അഴീക്കോട്. പണ്ഡിതന്മാര്‍ക്കും പാമരന്മാര്‍ക്കും ഇടയിലുള്ള പാലമായിരുന്നു അദ്ദേഹം...'' വൈശാഖന്റെ വാക്കുകള്‍ കേട്ട് സൂര്യയും നിരഞ്ജനയും വീണ്ടും കൈകള്‍ കൂപ്പി. ''ഞങ്ങള്‍ക്ക് അഴിക്കോട് സാറിന്റെ പ്രസംഗം നേരിട്ടുകേള്‍ക്കാന്‍ ഭാഗ്യമുണ്ടായിട്ടില്ല. ഇപ്പോള്‍ യൂ ട്യൂബില്‍ അദ്ദേഹത്തിന്റെ പ്രസംഗങ്ങള്‍ കേട്ടാണ് ഞങ്ങള്‍ പഠിക്കുന്നത്...'' നിരഞ്ജന പറഞ്ഞതുകേട്ട് വൈശാഖന്‍ ചിരിച്ചു. ഒരു തീര്‍ത്ഥാടനം കഴിഞ്ഞെന്നോണം ഗുരുസന്നിധിയില്‍നിന്ന് മടങ്ങുമ്പോള്‍ സൂര്യ പറഞ്ഞു...'' ദസ്തയേവ്സ്‌കി എഴുതാനിരുന്നിരുന്ന കസേരയില്‍ വന്നിരിക്കാന്‍ ഭാഗ്യം കിട്ടുമ്പോള്‍ അന്നയ്ക്കുണ്ടായ വികാരം എന്തായിരുന്നുവെന്ന് ഇപ്പോള്‍ എനിക്ക് മനസ്സിലായി...ഗുരുവേ പ്രണാമം...'' 

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018