സംഗീതത്തിന് മറ്റുപോരായ്മകള്‍ ഒരു പോരായ്മയേയല്ലെന്ന് ആല്‍ബിന്‍ ഒരിക്കല്‍ കൂടി തെളിയിച്ചു. ചേങ്ങില പിടിക്കാന്‍ പോലും മുഴുവന്‍ കൈയില്ലെങ്കിലും താളം പിഴച്ചതേയില്ല. ഫലം വന്നപ്പോള്‍ എ ഗ്രേഡ്.

ഇടുക്കി ആറളത്തെ സെന്റ്മേരീസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയാണ് ആല്‍ബിന്‍ മൈക്കിള്‍. ജന്മനാ ഇടതുകൈ മുട്ടിനു താഴെയില്ലെങ്കിലും സംഗീതം ജനിതകമായിത്തന്നെ ആല്‍ബിന്റെ കൂടെയുണ്ട്. അമ്മ അശ്വതി വിജയ് പിന്നണിഗായികകൂടിയാണ്.  ഇടതുകൈയിന്റെ തള്ളവിരലില്‍ തൂക്കേണ്ട ചേങ്ങില കൈമുട്ടിനും വയറിനുമിടയില്‍ ചേര്‍ത്തുപിടിച്ചാണ് ആല്‍ബിന്‍ താളമിട്ടത്. തുറന്ന ശബ്ദത്തില്‍ നളചരിതം നാലാം ദിവസത്തിലെ 'നാഥാ നിന്നെ കാണാഞ്ഞു ഭീതഞാന്‍..' 

എന്നു തുടങ്ങുന്ന പദമാണ് പാടിയത്. ദമയന്തിയുടെ വിരഹം കനക്കുന്ന പദം പാടിത്തീര്‍ത്തപ്പോള്‍ സദസ്സിനും മനസ്സു നിറഞ്ഞു.11 വര്‍ഷമായി പാട്ടുപഠിക്കുന്നുണ്ട് ആല്‍ബിന്‍. അഞ്ചുവര്‍ഷമായി കഥകളിസംഗീതത്തില്‍ എ ഗ്രേഡാണ്. പി.ബി.മോഹനകുമാരിയില്‍നിന്നാണ് കഥകളിസംഗീതം അഭ്യസിക്കുന്നത്.

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018