തൃശ്ശൂര്‍​: ശ്മശാനത്തിനടുത്തെ ഇഷ്ടികക്കളത്തിലെ ഷെഡ്ഡിലാണ് മുഹമ്മദ് അഫ്‌സലിന്റെ താമസം. അതുവരെയും തെരുവിലായിരുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുവന്ന ഈ മിടുക്കന്‍ തൃശ്ശൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഉറുദു പ്രസംഗത്തില്‍ നേടിയത് എ ഗ്രേഡ്. തൃശ്ശൂര്‍ നടവരമ്പിലെ ഗവ.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

പഠനത്തിലും മിടുക്കനാണ് അഫ്‌സല്‍. പത്താം ക്‌ളാസില്‍ മലയാളം ഉള്‍പ്പെടെ നാലുവിഷയങ്ങളില്‍ എ പ്‌ളസ് നേടി. അഞ്ചാംക്ലാസിലാണ് അവന്‍ കേരളത്തിലെത്തിയത്. അച്ഛന്‍ മുഹമ്മദ് ഷെഹാബുദീന്‍ 15 വര്‍ഷം മുമ്പ് കേരളത്തിലെത്തിയതാണ്. വാടാനപ്പള്ളിയില്‍ മരപ്പണിയായിരുന്നു. പഠനത്തില്‍ മിടുക്കനായ മുഹമ്മദ് അഫ്‌സലിനെ 2010-ല്‍ അച്ഛന്‍ കേരളത്തിലേക്ക് കൊണ്ടുവന്നു. തളിക്കുളത്തെ ഓര്‍ഫനേജ് സ്‌കൂളിലാക്കി. പഠനവും താമസവും സൗജന്യം. മലയാളം പഠിപ്പിക്കാന്‍ രണ്ടുവര്‍ഷം അഞ്ചിലിരുത്തി.

കുട്ടിക്കടത്ത് സംഭവം വന്നതോടെ ഓര്‍ഫനേജിന് ലൈസന്‍സില്ലാതെ പൂട്ടേണ്ടി വന്നു. അതോടെ അഫ്‌സല്‍ അച്ഛനോടൊപ്പമായി. അച്ഛനൊപ്പം പണിയിടങ്ങളിലും തെരുവിലുമായിരുന്നു താമസം. ഒന്‍പതാംക്ലാസിലാണ് നടവരമ്പിലെ ഗവ.എച്ച്.എസ്.എസില്‍ ചേര്‍ന്നത്.

തെരുവില്‍ തങ്ങിയും അഫ്‌സല്‍ പഠനത്തില്‍ മികവ് കാണിച്ചു. മലയാളം ഒന്ന്, രണ്ട്, ഹിന്ദി, ഫിസിക്‌സ് എന്നിവയില്‍ എസ്.എസ്.എല്‍.സി.ക്ക് എ പ്ലസുണ്ട്. ബാക്കി വിഷയങ്ങള്‍ക്ക് എ-യും. രണ്ടുമാസംമുന്പാണ് വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് ജങ്ഷനിലെ ശ്മശാനത്തിന് സമീപമുള്ള സിമന്റ് ഇഷ്ടിക നിര്‍മാണ കളത്തിലെ ഷെഡ്ഡ് താമസത്തിന് കിട്ടിയത്.

ഒരു കസേരയും പ്ലാസ്റ്റിക് മേശയും അധ്യാപിക വാങ്ങി നല്‍കി. അതുവരെ നിലത്തിരുന്നായിരുന്നു പഠനം. പ്ലസ് വണ്ണിനാണ് പഠിക്കുന്നതെങ്കിലും ഉച്ചഭക്ഷണം സ്‌കൂളില്‍നിന്ന് നല്‍കും. ഇത്തവണ ഹിന്ദി പ്രസംഗത്തില്‍ ജില്ലാ തലത്തില്‍ എ ഗ്രേഡുണ്ടായിരുന്നു. ഉറുദു പദ്യം ചൊല്ലലില്‍ മൂന്നാം സ്ഥാനവും.

ഉത്തര്‍പ്രദേശിലെ സഹറന്‍പുരില്‍ അമ്മയും രണ്ട് അനിയത്തിമാരും ചേട്ടനുമുണ്ട്. വണ്ടിക്കൂലിക്ക് പണമുണ്ടെങ്കില്‍ സാധാരണ വേനലവധിക്ക് നാട്ടില്‍ പോകും. ഇത്തവണ പോകാനാകുമെന്ന് കരുതുന്നില്ല. മിക്കപ്പോഴും അച്ഛന് പണിയില്ല. അതാണ് പ്രശ്‌നം. ഈ പരാധീനതകളെല്ലാം മുന്നേറാനുള്ള ഊര്‍ജമാക്കി മാറ്റുകയാണ് കൊച്ചുമിടുക്കന്‍.