പൂരത്തിന്റേയും മേളത്തിന്റേയും നാട്ടില്‍ കലോത്സവത്തിനെത്തുമ്പോള്‍ തട്ടില്‍ കയറി കൊട്ടിത്തകര്‍ത്തില്ലെങ്കില്‍ പിന്നെന്ത്.. കാണികള്‍ കാത്തിരുന്നതും  വേദിയിലെ ഈ മേളപ്പെരുക്കത്തിനുതന്നെ. കൊട്ട് മുറുകിയപ്പോള്‍ കാണികളും ഇളകിമറിഞ്ഞു. മത്സരമെല്ലാം കഴിഞ്ഞപ്പോള്‍ ഫലം അറിയാനായി പിന്നെ കാത്തിരിപ്പ്. പങ്കെടുത്ത പതിനഞ്ച് പേര്‍ക്കും എ ഗ്രേഡ്.

ഹൈസ്‌കൂള്‍ വിഭാഗം ചെണ്ട തായമ്പകയായിരുന്നു മത്സരം. ഹോളി ഫാമിലി എച്ച്എസ്എസിലെ സൂര്യകാന്തിയായിരുന്നു മത്സരവേദി. തൃശ്ശൂര്‍കാര്‍ക്ക് മേളം പുതുയതല്ലാത്തതുകൊണ്ടാവാം തായമ്പക വേദിയില്‍ കാണികളുടെ തള്ളിക്കയറ്റം ഉണ്ടായിരുന്നില്ല. എന്നാല്‍ സദസ്സില്‍ ഉള്ളവര്‍ക്ക് ആവേശം ഒട്ടും കുറഞ്ഞതുമില്ല. കൊട്ടു മുറുകിയപ്പോള്‍ കാണികളും ആവേശം കൊണ്ടു. പലപ്പോഴും കൈകളുയര്‍ത്തി മേളത്തിനൊപ്പം കൂടുകയും ചെയ്തു.

എല്ലാവര്‍ക്കും എ ഗ്രേഡ് നല്‍കിയ വിധി പ്രഖ്യാപനം വമ്പിച്ച കൈയടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. മത്സരാര്‍ഥികളില്‍ നിന്നും ഇതാണ് പ്രതീക്ഷിക്കുന്നതെന്ന വിധികര്‍ത്താക്കളുടെ വിലയിരുത്തല്‍ കൂടിയായതോടെ മത്സരാര്‍ഥികളെല്ലാം ഡബിള്‍ ഹാപ്പി. മേളം പൊളിച്ചെന്നായിരുന്നു കാണികളുടേയും അഭിപ്രായം.