നിയും ജലദോഷവും അസ്വസ്ഥകളുമൊന്നും മത്സരവേദിയില്‍ നരേന്ദ്രനെ തളര്‍ത്തിയില്ല. വയലിന്‍ വിദ്വാനായ അച്ഛന്‍ സതീഷ് ചന്ദ്രന്റേയും സംഗീത അധ്യാപികയായ അമ്മ രാധികയുടേയും പ്രാര്‍ഥനയുടെ ഫലമെന്നോണം ഹൈസ്‌കൂള്‍ വിഭാഗം വയലിന്‍ മത്സരം കഴിഞ്ഞപ്പോള്‍ നരേന്ദ്രന് എ ഗ്രേഡ് തന്നെ. അതും വിധികര്‍ത്താക്കളുടെ മികച്ച അഭിപ്രായത്തോടെ തന്നെ. എന്നാല്‍ മത്സരത്തില്‍ ലഭിച്ച് വിജയത്തിലധികം നരേന്ദ്രന്റെ മുഖത്തുണ്ടായിരുന്നത് കടുത്ത പനിയുടേയും ക്ഷീണത്തിന്റേയും ആലസ്യം തന്നെയായിരുന്നു. അതുകൊണ്ട് ഫലപ്രഖ്യാപനത്തിനു പിന്നാലെ വീണ്ടും ആശുപത്രിയിലേക്ക് തന്നെ മടങ്ങേണ്ടി വന്നു.  

ചെട്ടിക്കുളങ്ങര ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ നരേന്ദ്രന്‍ വയലിന്‍ പൗരസ്ത്യ മത്സരത്തില്‍ ഇത് രണ്ടാം തവണയാണ് സംസ്ഥാനതലത്തില്‍ മികച്ച വിജയം നേടുന്നത്. രണ്ടു തവണയും വയലിന്‍ വിദ്വാനായ അച്ഛനാണ് പരിശീലനം നല്‍കി നരേന്ദ്രനെ സംസ്ഥാനതലം വരെ എത്തിച്ചത്. അച്ഛന്‍ നല്‍കിയ പരിശീലനം വെറുതെ ആയില്ലെന്ന് നരേന്ദ്രന്‍ രണ്ടാംവട്ടവും തെളിയിച്ചു കൊടുത്തു. 

എ ഗ്രേഡ് ലഭിച്ച സന്തോഷമുണ്ടെങ്കിലും പനിച്ചൂടിന്റെ ക്ഷീണത്തില്‍ ആ സന്തോഷം ആഘോഷിക്കാന്‍ കഴിയുന്നില്ലെന്ന് മാത്രമാണ് മത്സരം കഴിഞ്ഞപ്പോള്‍ നരേന്ദ്രന്റെ സങ്കടം.

സംഗീത പശ്ചാത്തലമുള്ള കുടുംബത്തിലെ കുട്ടിയായതു കൊണ്ടു തന്നെ നരേന്ദ്രന്‍ വളര്‍ന്നത് തന്നെ സര്‍വം സംഗീതമയത്തിലാണ്. കുട്ടിക്കാലം മുതല്‍ അച്ഛനൊപ്പം കച്ചേരികളില്‍ പങ്കെടുത്ത് പരിചയമുള്ള നരേന്ദ്രന്‍ അമ്മ അഭ്യസിപ്പിക്കുന്ന ശാസ്ത്രീയ സംഗീതത്തിലും നരേന്ദ്രന്‍ കഴിവ് തെളിയിച്ചിട്ടുണ്ട്.