ദ്യമായി പങ്കെടുത്ത സംസ്ഥാനകലോത്സവത്തിലെ പുല്ലാങ്കുഴല്‍ മത്സരത്തില്‍ രാധിക സ്വന്തമാക്കിയത് സി ഗ്രേഡ് ആണെങ്കിലും മുളന്തണ്ടു കൊണ്ട് അച്ഛനുണ്ടാക്കി തന്ന പുല്ലാങ്കുഴലില്‍ പാടിപ്പഠിച്ച മോള്‍ക്ക് ഈ വിജയം കലാതിലകപ്പട്ടത്തേക്കാളും വിശേഷപ്പെട്ടതാണ്. 

മലപ്പുറം ആലത്തൂര്‍ കെഎച്ച്എംഎച്ച്എസ്എസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് രാധിക കെഎന്‍. ഓടക്കുഴല്‍ വിദഗ്ധനായ അച്ഛന്റേയും ഓടക്കുഴലില്‍ സംസ്ഥാന മത്സരങ്ങളിലടക്കം കഴിവ് തെളിയിച്ച സഹോദരിയുടേയും ശിക്ഷണത്തിലാണ് രാധികയുടെ പരിശീലനം. രണ്ട് വര്‍ഷത്തോളമുള്ള പരിശീലനം മാത്രമേ ഓടക്കുഴലില്‍ രാധികയ്ക്ക് ലഭിച്ചിട്ടുള്ളൂവെങ്കിലും ആദ്യമായി മത്സരിച്ച് സംസ്ഥാനതലം വരെ എത്താനായതിന്റെ ത്രില്‍ മത്സരഫല പ്രഖ്യാപനം കഴിഞ്ഞിട്ടും രാധികയ്ക്ക് അവസാനിച്ചിട്ടില്ല. 

അച്ഛനാണ് രാധികയുടെ ആദ്യ ഗുരു. മൂത്ത സഹോദരിയും ഓടക്കുഴല്‍ വായനയുടെ ആദ്യപാഠങ്ങള്‍ രാധികയ്ക്ക് ചൊല്ലിക്കൊടുത്തു. അങ്ങനെ സകലം സംഗീതമയമായ കുടുംബത്തില്‍ നിന്നാണ് സംസ്ഥാനതലത്തില്‍ മത്സരിക്കാനെത്തിയതെങ്കിലും ആദ്യമായി മത്സരിക്കുന്നതിന്റെ ആശങ്കയും ത്രില്ലും രാധികയ്ക്കുണ്ടായിരുന്നു. എന്നാല്‍ ഗ്രേഡ് ഒന്നും നേടാത്ത മത്സരാര്‍ത്ഥികളുടെ മുന്നില്‍ നിന്നും സി ഗ്രേഡുമായി മടങ്ങുമ്പോള്‍ ഈ വിജയത്തിനല്‍പ്പം മധുരം കൂടുതലാണെന്ന് പറയുന്നു രാധികയും അച്ഛന്‍ ദാമോദരനും. 

മകള്‍ക്കൊപ്പം മക്കളെ പോലെ നിരവധി വിദ്യാര്‍ത്ഥികള്‍ തന്റെ കീഴില്‍ ഓടക്കുഴല്‍ അഭ്യസിപ്പിക്കുന്നുണ്ടെന്ന് രാധികയുടെ അച്ഛന്‍ ദാമോദരന്‍ പറയുന്നു. ഓടക്കുഴല്‍ അഭ്യസിപ്പിക്കുന്നതു പുറമേ ആവശ്യക്കാര്‍ക്ക് ദമോദരന്‍ പുല്ലാങ്കുഴല്‍ നര്‍മിച്ചു കൊടുക്കുകയും ചെയ്യാറുണ്ട്.

സംസ്ഥാനതലത്തില്‍ മകള്‍ നേടിയ വിജയത്തില്‍ അച്ഛനും സന്തോഷവാനാണ്. തുടക്കത്തില്‍ തന്നെ മകള്‍ക്ക് ലഭിച്ച ഈ വിജയം ശരിക്കും ഒരു തുടക്കമായി കാണാന്‍ തന്നെയാണ് അച്ഛനും ആഗ്രഹം.

Content Highlights: kalolsavam2018 schoolkalolsavam2018 schoolyouthfestival2018