തൃശ്ശൂര്‍: പണ്ട് മഹാകവി പി.കുഞ്ഞിരാമന്‍ നായരുടെ ക്ലാസ്മുറിയില്‍ ഇരിക്കുമ്പോള്‍ സാംബശിവന്റെ കഥ പറഞ്ഞുകൊടുക്കുന്നത് ഉണ്ണികൃഷ്ണന്‍ മാഷ്  ഇപ്പോഴും ഓര്‍ക്കുന്നുണ്ട്. അതില്‍ ആവേശം മൂത്ത് തുടങ്ങിയതാണ് കഥാപ്രസംഗം.

അങ്ങനെ മുപ്പത്തഞ്ച് വര്‍ഷത്തോളമായി കഥപറച്ചിലിന്റെ വഴിയില്‍ ഈ കണ്ണൂര്‍ക്കാരന്‍. കണ്ണൂര്‍ പിലാത്തറ സ്‌കൂളില്‍ നിന്നും എല്‍.പി സ്‌കൂള്‍ അധ്യാപകനായി വിരമിച്ച ശേഷം പിന്നെ കുട്ടികളെ  കഥപറയാന്‍ പഠിപ്പിക്കലായി. അങ്ങനെ എണ്ണിയാല്‍ തീരാത്ത ശിഷ്യഗണങ്ങളെ കഥപറച്ചിലിന്റെ വഴിയില്‍ സ്വന്തമാക്കി. പിന്നെ ഉണ്ണിമാഷ്  പഠിപ്പിച്ചാല്‍ വിജയമുറപ്പെന്ന നിലയിലായി. വയസ്സേറെയായെങ്കിലും വയ്യായ്മയുണ്ടെങ്കിലും കുട്ടികളെ  പഠിപ്പിക്കാനായി പലയിടത്തുമെത്തും ഈ മുത്തശ്ശന്‍. കണ്ണൂര്‍ മാത്രമല്ല കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെല്ലാം ഇദ്ദേഹത്തിന്റെ ശിഷ്യരുണ്ട്.

പതിവിലെന്ന പോലെ ഇത്തവണയുമുണ്ട് ഉണ്ണിമാഷിന്റെ ശിഷ്യര്‍ മത്സരിക്കാന്‍. അതില്‍ തന്റെ അഞ്ച്  വര്‍ഷത്തെ സംസ്ഥാന കലോത്സവ കുത്തക നിലനിര്‍ത്തി കലാമണ്ഡലം ഹൈദരാലിയുടെ കഥപറഞ്ഞ് കുഞ്ഞിമംഗലം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി ധനശ്രീയും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ സന ഷെറിനും അര്‍ഹമായ ഗുരുദക്ഷിണ തന്നെ മാഷിന് തിരിച്ച് നല്‍കുകയും ചെയ്തു.