തൃശ്ശൂര്‍: മത്സരങ്ങള്‍ എത്ര വൈകിയാലും മുഖത്തെ ചിരി മായാതെ ഊര്‍ജസ്വലരായി വേദിയിലെത്തുന്ന നര്‍ത്തകികള്‍. ചുവടുകളിലെ ചടുലതയ്ക്കും മുഖത്തെ പ്രസന്നതയ്ക്കും അപ്പുറം ഒന്നു മൂത്രമൊഴിക്കാന്‍ പോലും കഴിയാതെ പെണ്‍കുട്ടികള്‍ കലോത്സവവേദികളില്‍ അനുഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് കാണികളോ സംഘാടകരോ ചിന്തിക്കാറുണ്ടോ?  അപ്പീലുകളനുവദിച്ച് കുട്ടികളെ കലോത്സവത്തിന് അയയ്ക്കാന്‍ ആര്‍ജവം കാണിക്കുന്ന ബാലാവകാശ കമ്മീഷന്‍ ഈ പീഡനങ്ങള്‍ കാണാതെ പോകുന്നു. അപ്പീലുകളാണ് കലോത്സവ വേദിയിലെ പീഡനത്തിന് കാരണമെന്ന് മത്സരാര്‍ത്ഥികളും അധ്യാപകരും ഒരേ സ്വരത്തില്‍ പറയുന്നു.

Read more - പന്ത്രണ്ടാം തവണയും കനക കിരീടം കോഴിക്കോടിന്

മുന്‍നിശ്ചയിച്ച സമയം കണക്കാക്കി മത്സരത്തിനായി മേയ്ക്കപ്പും കോസ്റ്റ്യൂമും അണിയുന്ന കുട്ടികള്‍ക്ക് മത്സരം കഴിഞ്ഞ് വേഷം അഴിച്ചുവച്ചാലല്ലാതെ മൂത്രമൊഴിക്കാന്‍  പോലും പോവാന്‍ കഴിയില്ലെന്നതാണ് സത്യം. കഥകളി,ഭരതനാട്യം,മോഹിനിയാട്ടം,നാടോടിനൃത്തം,ഒപ്പന,മാര്‍ഗംകളി തുടങ്ങി നൃത്തയിനം ഏതായാലും വേഷധാരണത്തില്‍ ഒരു പൊതുഘടകമുണ്ട്. നര്‍ത്തകരുടെ അരയ്ക്ക് ചുറ്റുമുള്ള വച്ചുകെട്ട്. ഇതിനു മേലെയാണ് ഇവര്‍ വസ്ത്രങ്ങള്‍ അണിയാറുള്ളത്. 

മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കുട്ടികള്‍ സ്വീകരിക്കുന്ന ഒരു മാര്‍ഗം വെള്ളം കുടിയ്ക്കുന്നത് കഴിവതും കുറയ്ക്കുക എന്നതാണ്. മറ്റൊന്ന് സാനിട്ടറി നാപ്കിനുകളുടെ സഹായം തേടലാണ്. മണിക്കൂറുകളോളം നാപ്കിന്റെ സുരക്ഷിതത്വത്തില്‍ മാത്രം മൂത്രപ്പുരയിലേക്കുള്ള ഓട്ടത്തെ തടഞ്ഞുനിര്‍ത്തുന്നവര്‍. 

ആര്‍ത്തവസമയങ്ങളിലാണ് മത്സരമെങ്കില്‍ അങ്ങനെയുള്ളവര്‍ അനുഭവിക്കുന്ന ദുരിതത്തിന് കയ്യും കണക്കുമില്ല. കൃത്യമായ ഇടവേളകളില്‍ പാഡ് മാറ്റാനോ ശുചിത്വം ഉറപ്പുവരുത്താനോ കഴിയാതെ കുട്ടികള്‍ വിഷമിക്കുന്നു. ആവശ്യത്തിന് വെള്ളം കുടിക്കാനോ മൂത്രമൊഴിക്കാനോ കഴിയാതെവരുന്നതോടെ മൂത്രാശയരോഗങ്ങള്‍ക്കുള്ള സാധ്യതയും വര്‍ധിക്കുകയാണ്. പറഞ്ഞതിലും മണിക്കൂറുകള്‍ വൈകി മത്സരയിനങ്ങള്‍ കഴിയുമ്പോള്‍ ഇവരില്‍ പലരും ആശുപത്രിയെ അഭയം തേടുന്നു. നാലാം ദിവസം നടന്ന ഒപ്പന മത്സരത്തിനിടെ മാത്രം കുഴഞ്ഞു വീണ് ആസ്പത്രിയിലായവര്‍ ഒരു ഡസനോളം വരും.

ഇങ്ങനെയൊക്കെ മുന്‍കരുതലുകളെടുത്ത് മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ വേദിയില്‍ കയറുമ്പോള്‍ ആഗ്രഹിച്ച രീതിയില്‍ പ്രകടനം നടത്താന്‍ കഴിയാറില്ലെന്ന സങ്കടം കുട്ടികള്‍ മറച്ചുവയ്ക്കുന്നില്ല. മത്സരങ്ങള്‍ നീണ്ട് പോവുന്നതിന് എന്തെങ്കിലും പരിഹാരം കാണണമെന്ന തങ്ങളുടെ ആവശ്യത്തിന് ആരും വിലകല്പിക്കാറുമില്ലെന്ന് കുട്ടികള്‍ അഭിപ്രായപ്പെടുന്നു. രക്ഷിതാക്കളും ഇത്തരം കാര്യങ്ങളിലുള്ള അമര്‍ഷം മറച്ചുവയ്ക്കുന്നില്ല.

അപ്പീലുകളാണ് മത്സരങ്ങള്‍ വളരെനേരം നീണ്ട് പോവാന്‍ കാരണമെന്ന് സംഘാടകര്‍ വാദിക്കുന്നു. 14 പേര്‍ മാത്രം മത്സരിക്കേണ്ട ഇനങ്ങള്‍ക്ക് അപ്പീലിലൂടെ വിധി സമ്പാദിച്ച് എത്തുന്നവര്‍ കൂടിയാകുമ്പോള്‍ മത്സരാര്‍ഥികളുടെ എണ്ണം പലപ്പോഴും നാല്പതിനു മേലെയാകുന്നു. അപ്പീല്‍ അനുവദിക്കുന്നത് തന്നെ അവസാനിപ്പിച്ചാലേ കുട്ടികളുടെ ദുരിതങ്ങള്‍ക്ക് അറുതിയാവൂ എന്ന് അഭിപ്രായം ശക്തമാകുകയാണ്.

കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള അതോറിറ്റിയാണ് ബാലാവകാശ കമ്മീഷന്‍. അപ്പീലുകളനുവദിച്ച് കുട്ടികളെ സംസ്ഥാനതല മത്സരവേദിയിലേക്ക് അയയ്ക്കാന്‍ കാണിക്കുന്ന ആര്‍ജവം മത്സരസമയത്ത് പെണ്‍കുട്ടികള്‍ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ചിന്തിക്കാനോ നടപടികളെടുക്കാനോ എന്തുകൊണ്ട് കമ്മീഷന്‍ കാണിക്കുന്നില്ല എന്ന് ചോദ്യവും ബാക്കിയാവുകയാണ്.