നീർമാതളത്തിലെ തിരുവാതിരച്ചുവടുകൾ കണ്ട ആസ്വാദകരുടെ കൂട്ടത്തിൽ പല അധ്യാപകരുമുണ്ടായിരുന്നു. വേദിക്കു പുറത്ത് കല ആസ്വദിച്ചു നിന്നവരിലും കണ്ടു ഒരധ്യാപകനെ, കൈതപ്രം വിശ്വനാഥൻ മാഷിനെ.കരിനീലക്കണ്ണഴകിയും കൈയെത്തും ദൂരെ ഒരു കുട്ടിക്കാലവുമൊക്കെ സമ്മാനിച്ച സംഗീത സംവിധായകനും കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഇളയസഹോദരനുമായ അതേ കൈതപ്രം വിശ്വനാഥൻതന്നെ. രണ്ടു ദിവസമായി കലോത്സവനഗരിയിലുള്ള അദ്ദേഹം പുതിയ കുട്ടികളുടെ പ്രകടനങ്ങളെ പ്രതീക്ഷയോടെ നോക്കിക്കാണുന്നു.

സ്‌കൂൾ കലോത്സവത്തെ ഏറെ ഇഷ്ടപ്പെടുന്ന കൈതപ്രം മാഷിന് പറയാൻ പക്ഷേ, സമൃദ്ധമായ കലോത്സവ ഓർമകളില്ല. ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ശിഷ്യനായ അച്ഛൻ കണ്ണാടി ഇല്ലത്ത് കേശവൻ നമ്പൂതിരിയിൽ ‍(കണ്ണാടി ഭാഗവതർ) നിന്ന് സംഗീതം പാരമ്പര്യമായി ലഭിച്ചു. എന്നാൽ ഇക്കാലത്തേതു പോലെ മത്സരങ്ങളോ അവസരങ്ങളോ അന്നുണ്ടായിരുന്നില്ല. പയ്യന്നൂർ, മാതാമംഗലം ഗവ. ഹൈസ്‌കൂളിലായിരുന്നു പഠനകാലം. അന്നൊന്നും കലോത്സവത്തിന് അത്ര പ്രധാന്യം കൊടുത്തിരുന്നില്ല. ആരാണ് മത്സരിക്കാൻ പോകുന്നത് എന്നു പോലും അറിയില്ലായിരുന്നു. പിന്നീട് വർഷങ്ങൾ കഴിഞ്ഞു. ഗാനഭൂഷണം നേടി നീലേശ്വരം രാജാസ് ഹൈസ്‌കൂളിലടക്കം സംഗീതാധ്യാപകനായി. വിദ്യാർഥിയായി കലോത്സവത്തിന് പങ്കെടുക്കാത്തതിന്റെ കുറവ് അപ്പോൾ പരിഹരിച്ചു.

ശിഷ്യരെ കലോത്സവത്തിന് പരിശീലിപ്പിച്ചയച്ച് സമ്മാനത്തിന് അർഹരാക്കി. ഇപ്പോൾ അധ്യാപകജീവിതം ഉപേക്ഷിച്ചെങ്കിലും മനസ്സ് പുതിയ പ്രതിഭകളെ ആശീർവദിച്ചുകൊണ്ടേയിരിക്കുന്നു.    മത്സരത്തിനായി വിവിധ കലാരൂപങ്ങൾ കുട്ടികൾ ക്യാപ്‌സൂൾ രൂപത്തിൽ പഠിക്കുന്നെന്ന ആരോപണത്തിനോട് വിശ്വനാഥൻ മാഷിന് യോജിപ്പില്ല. എങ്ങനെയാണങ്കിലും കുട്ടികൾ കലയെ അറിയുന്നുണ്ടെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. ആദ്യസ്ഥാനങ്ങൾ ഒഴിവാക്കി എ ഗ്രേഡ് മാത്രമാക്കിയതിനെയും കൈതപ്രം പ്രതീക്ഷയോടെ കാണുന്നു. മത്സരം ഒഴിവാകുന്നത് നല്ലതാണെന്നും ഒന്നാം സ്ഥാനത്തിനുള്ള അടിപിടി ഇല്ലാതാകുമല്ലോയെന്നും അദ്ദേഹം പറയുന്നു.

കോഴിക്കോട് തിരുവണ്ണൂരിൽ താമസിക്കുന്ന വിശ്വനാഥന്റെ മൂത്തമകൾ അദിതി മുമ്പ് കോഴിക്കോട് ജില്ലാകലോത്സവത്തിൽ മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. അദിതിയും അനുജത്തി നർമയും സംഗീതം പഠിച്ചിട്ടുണ്ട്. ഇരുവരും എൻജിനീയറിങ് വിദ്യാർഥിനികളാണെങ്കിലും സംഗീതത്തെ കൈവിടില്ലെന്നാണ് തീരുമാനം. ഭാര്യ ഗൗരിക്കുട്ടിയും ഇളയമകൻ ഏഴാം ക്ലാസ് വിദ്യാർഥി കേശവനും കൂടി ചേരുന്ന കുടുംബത്തിന് സംഗീതം വീട്ടുകാര്യംതന്നെയാകുന്നു.