1993-ലെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാനാണ് രേണുക ആദ്യമായി തൃശ്ശൂരിലെത്തുന്നത്. തോടി രാഗത്തിലെ ആലാപനത്തിന് രേണുകയെ തേടിയെത്തിയത് ഒന്നാംസ്ഥാനം. പെരുമ്പാവൂർ അനിത വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു വി. രേണുക എന്ന രേണുക അരുൺ. ഏഴാം ക്ലാസ് മുതലാണ് മത്സരരംഗത്തേക്ക് വന്നത്. തുടർച്ചയായ നാലുവർഷം സംസ്ഥാനതലത്തിൽ ശാസ്ത്രീയസംഗീതത്തിൽ ഒന്നാംസ്ഥാനം രേണുകയ്ക്കായിരുന്നു.

പത്ത് മിനിറ്റ് ദൈർഘ്യം 15 മിനിറ്റാക്കിയാൽ വിധിനിർണയത്തിന് കുറച്ചു കൂടി ആധികാരികതവരും. മത്സരത്തിനുവേണ്ടിയെടുക്കുന്ന പരിശ്രമം വിദ്യാർഥികൾ പിന്നീട് എടുക്കുന്നില്ല. പലരും പലവഴിക്ക് പിരിയുന്നു. 25 വർഷത്തിനുശേഷം വീണ്ടും ശാസ്ത്രീയസംഗീത മത്സരവേദിയിലെത്തിയപ്പോൾ രേണുക പഴയ കലോത്സവകാലത്തേക്ക് മടങ്ങിപ്പോയി.

അന്നും ശാസ്ത്രീയ സംഗീതവേദിയിൽ കാഴ്ചക്കാർ കുറവാണ്. സംഗീതാസ്വാദകരായി കുറച്ചുപേർ മാത്രമാണുണ്ടാവുക. ഗ്ലാമർ കുറഞ്ഞൊരു വേദിയാണ് ശാസ്ത്രീയ സംഗീതത്തിന്റേത്. വിവേകോദയത്തിലെ നീലോല്പലം വേദിയിലും കാഴ്ചക്കാർ കുറഞ്ഞതിന്റെ പരിഭവം രേണുക പങ്കുവെച്ചു. സിനിമയിൽ സംഗീതത്തിന് ലഭിക്കുന്ന സ്വീകാര്യത കലോത്സവവേദിയിൽ ലഭിക്കുന്നില്ല. അനവധി കച്ചേരികളിൽ പങ്കെടുത്തെങ്കിലും സിനിമയിൽ പാടിയപ്പോഴാണ് പലരും തന്നെ തിരിച്ചറിഞ്ഞത്- രേണുക പറയുന്നു.

കർണാടക സംഗീത്തിൽ ആകാശവാണിയുടെ എ ഗ്രേഡ് ആർട്ടിസ്റ്റായ രേണുക ചലച്ചിത്ര പിന്നണിഗായിക കൂടിയാണ്. തെലുങ്കിൽ മികച്ച ഗായികയ്ക്കുള്ള ഗൾഫ്-ആന്ധ്ര അവാർഡ് ജേതാവാണ്. കൊച്ചി ഇൻഫോ പാർക്കിൽ ഐ.ടി. ഉദ്യോഗസ്ഥയായി ജോലിചെയ്യുന്ന ഇവർ ഭർത്താവ് അരുണിനും ഏകമകൾ ആനന്ദിതയ്ക്കുമൊപ്പം പെരുമ്പാവൂരിലാണ് താമസം. ശാസ്ത്രീയസംഗീതത്തിൽ പങ്കെടുത്ത മത്സരാർഥികളോട് പഴയകാലത്തെ അനുഭവങ്ങൾ പങ്കുവെച്ചാണ് രേണുക മടങ്ങിയത്.