വിളിക്കുംമുമ്പേ ഞാൻ അവർക്ക്
ഉത്തരമരുളും പ്രാർഥിച്ചുതീരുംമുമ്പേ
ഞാൻ അതു കേൾക്കും
ഏശയ്യാ (65: 24)

മിശിഹാസ്മരണകൾ സങ്കീർത്തനങ്ങൾപോലെ പൊഴിയുന്ന ഹോളി ഫാമിലി സ്‌കൂളിന്റെ മുറ്റത്ത് പ്രാർഥനയോടെ നിൽക്കുമ്പോൾ ശില്പയുടെയും കൂട്ടുകാരികളുടെയും മുഖത്ത് വ്യാകുലത കൂടുകൂട്ടിയിരുന്നു. ഓരോ ചെസ്റ്റ്നമ്പർ വിളിച്ച് വിധികർത്താക്കൾ വിജയത്തിന്റെ ഗ്രേഡ് ചാർത്തുമ്പോഴും അവരുടെ വ്യാകുലത കൂടിക്കൊണ്ടേയിരുന്നു. ഒടുവിൽ ഫലമെത്തി. ചെസ്റ്റ് നമ്പർ 19...എ ഗ്രേഡ്. സ്വർഗം കിട്ടിയ സന്തോഷത്തോടെ ആ കൂട്ടുകാരികൾ പരസ്പരം കെട്ടിപ്പുണർന്നു. പിന്നെ അധികം താമസിച്ചില്ല, ദൈവം തന്ന സമ്മാനത്തിന് നന്ദിപറയാൻ ആ കൂട്ടുകാരികൾ കൈകൾ കോർത്ത് അവിടേയ്ക്ക് യാത്രതിരിച്ചു.

എ ഗ്രേഡിന്റെ സമ്മാനത്തിലൂടെ തങ്ങളുടെ വ്യാകുലത ഒഴിവാക്കിയ പരിശുദ്ധ വ്യാകുലമാതാവിന്റെ തിരുസന്നിധിയിൽ എത്തുമ്പോൾ അവിടെ അവരെക്കാത്ത് ഒരാളുണ്ടായിരുന്നു. ഫാ. പോൾ പൂവത്തിങ്കൽ. 'പാടും പാതിരി' എന്നപേരിൽ അറിയപ്പെടുന്ന കലയുടെ ഉപാസകനായ വൈദികൻ. മാർഗംകളിയിൽ വിജയമാർഗം തുറന്നുകിട്ടിയതിന് വ്യാകുലമാതാവിനോട് നന്ദിപറയാനെത്തിയ കുട്ടികളെ ചേർത്തുപിടിച്ച് ഫാദർ പറഞ്ഞു...''മക്കളേ, കല എല്ലാവ്യാകുലതകളും അകറ്റാൻ ദൈവം തന്ന മരുന്നാണ്...''

ഭരണങ്ങാനം സേക്രഡ് ഹാർട്ട് ഗേൾസ് സ്കൂളിലെ കുട്ടികൾ തൃശ്ശൂർ നഗരഹൃദയത്തിലെ പരിശുദ്ധ വ്യാകുലമാതാവിന്റെ ബസിലിക്കയിൽ എത്തുമ്പോൾ നേരം നട്ടുച്ച. പള്ളിയിലേക്ക് കയറി കുട്ടികൾ അല്പനേരം മുട്ടിപ്പായി പ്രാർഥിച്ചു.      പ്രാർഥന കഴിഞ്ഞെഴുന്നേൽക്കുമ്പോഴേക്കും അവർക്കുമുന്നിൽ ചിരിതൂകി ഫാ. പോൾ.  'കർണാട്ടിക് സംഗീതത്തിൽ പിഎച്ച്.ഡി. നേടിയ ആദ്യത്തെ ക്രൈസ്തവ വൈദികൻ. ആയിരത്തിലേറെ പാട്ടുകൾ...മുപ്പത്തഞ്ചിലേറെ ആൽബങ്ങൾ....രാഷ്ട്രപതിഭവനിൽവരെ ശാസ്ത്രീയസംഗീതവുമായി കടന്നുചെന്ന ഒരാൾ...' ഫാ. പോളിനെ പരിചയപ്പെട്ടപ്പോൾ കുട്ടികളുടെ മുഖത്ത് അനുഗ്രഹം കിട്ടിയതുപോലെ സന്തോഷം.

കുട്ടികളെ കണ്ടപ്പോൾ ഫാ. പോൾ ആദ്യം പറഞ്ഞത് മാർഗംകളിയിലെ ആ പാട്ടുപാടാനായിരുന്നു. പറഞ്ഞുതീരുംമുമ്പേ ശില്പയുടെ സ്വരം ഒഴുകിയെത്തി... 'മരമൊടു കല്ലുകൾ കനകം വെള്ളി...' ശില്പയുടെ പാട്ട് തകർത്തതോടെ താളം പിടിച്ച് കൂട്ടുകാരികളും ഒപ്പം ചേർന്നുനിന്നു.

മാർഗംകളിപ്പാട്ട് തീർന്നതോടെ കുട്ടികൾ പിന്നെ 'പാടും പാതിരി'യുടെ പ്രകടനം കാണാൻ ശ്രമം തുടങ്ങി. ' പ്ലീസ് ഫാദർ...ഞങ്ങൾക്കായി ഒരു പാട്ടു പാടൂ...' ശില്പയുടെ വാക്കുകൾ പുഞ്ചിരിയോടെ സ്വീകരിച്ച് ഫാ. പോൾ പാടിത്തുടങ്ങി...'ദൈവമേ നിൻ സ്‌നേഹം എത്ര സുന്ദരം...ദൈവമേ നിൻ സ്നേഹം എത്ര മോഹനം...''

കുട്ടികൾ ഫാദറിനോടും അദ്ദേഹം ജീവിക്കുന്ന നഗരത്തോടും നന്ദിപറഞ്ഞ്‌ തിരിച്ചുപോന്നു.