കെട്ടകാലത്തെ ഇന്നിനോട് കലഹിക്കുകയാണ് കോഴിക്കോട് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എലിപ്പെട്ടിയെന്ന നാടകം. മതത്തിന്റെയും ജാതിയുടേയും അസഹിഷ്ണുതയില്‍ തുടങ്ങുന്ന വിഭജനം ഒരിക്കല്‍ നമ്മളെ തന്നെ തിരിഞ്ഞ് കുത്തുമെന്ന് ഓര്‍മിപ്പിച്ചപ്പോള്‍ സദസ്സും നാടകസ്‌നേഹികളും ആര്‍ത്തിരമ്പി കൈയടിച്ചു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഹൈസ്‌കൂള്‍ വിഭാഗം നാടക മത്സരത്തിലാണ് എലിപ്പെട്ടി കാലിക പ്രസക്തികൊണ്ടും അവതരണത്തിന്റെ മികവ് കൊണ്ടും കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റിയത്. 

തൊടിയില്‍ താമസിക്കുന്ന ഒരു കൂട്ടം ജീവജാലങ്ങളിലൂടെ നാടകം  കഥ പറഞ്ഞപ്പോള്‍ കുക്കുടാച്ചിയും എലിപ്പെണ്ണും പാമ്പും വീട്ടുകാരി ശകുന്തളയുമെല്ലാം നമ്മളോരോരുത്തരുമായി മാറി. അത് നമ്മളിലേക്കുള്ള ചോദ്യങ്ങളായി മാറി. ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം വേര്‍തിരിഞ്ഞ് അവരുടെ  കുട്ടികളെ തങ്ങളുടേത് മാത്രമായ സ്‌കുളിലേക്ക് കൊണ്ടിരുത്തി പഠിപ്പിക്കുന്നതിലൂടെയാണ് കെട്ടകാലത്തെ ആദ്യ വിഭജനം തുടങ്ങുന്നതെന്ന് നാടകം ഓര്‍മിപ്പിക്കുന്നു.

മുള്ളുകളുള്ളത് കൊണ്ട് സമൂഹത്തിലെ പ്രതാപി താനാണെന്ന് സ്വയം ചിന്തിക്കുന്ന തൊടിയിലെ മുള്ളന്‍പന്നി കാണുന്ന സ്വപ്‌നമാണ് നാടകത്തിന്റെ ഇതിവൃത്തം. മുള്ളന്‍പന്നി അവരുടെ  വര്‍ഗം മാത്രം പഠിക്കുന്ന മുള്ളന്‍കുന്ന് വിദ്യാപീഠം സ്‌കൂളിലേക്ക് പഠിക്കാന്‍ പോയതില്‍ പിന്നെ മറ്റുള്ളവരെല്ലാം തന്റെ ശത്രുവാണെന്ന തോന്നലുണ്ടാകുന്നു.

തൊടിയില്‍ മീന്‍വെള്ളമൊഴിക്കുന്നത് കൊണ്ട് വീട്ടുകാരി ശാന്ത  ശത്രു, എപ്പോഴും കളിയാക്കുന്നത് കൊണ്ട് തൊടിയിലെ  പാമ്പ് ശത്രു, തന്റെ  പുസ്തകം തിന്ന് തീര്‍ക്കുന്നുവെന്ന് പറഞ്ഞ് എലിയും  അവന്റെ ശത്രു മുള്ളന്റെ ചതി മനസ്സിലാക്കി ഒരിക്കല്‍ തിരിച്ച് കൊത്തിയത് കൊണ്ട് തൊടിയിലെ  കോഴിയും അവന്റെ ശത്രു  അങ്ങനെയങ്ങനെ മുള്ളന്‍പന്നിക്ക് ബാക്കിയാവുന്നത് ശത്രുതയും അസഹിഷ്ണുതയും മാത്രം.

വളര്‍ന്ന് വന്ന അസഹിഷ്ണുത എല്ലാവരെയും ഉന്മൂലനം ചെയ്യുക എന്നത് തന്റെ പ്രധാന ലക്ഷ്യമാക്കി മുള്ളന്‍പന്നി വളര്‍ത്തിയെടുക്കുന്നു. ഒരു പരിധിവരെ അവനത് സാധ്യമാകുന്നുവെങ്കിലും അവസാനം അവന്റെ മുള്ള് തന്നെ തിരിച്ചടിയാവുന്നു. മുള്ളുപോയ മുള്ളന്‍പന്നി അസ്ഥിത്വമില്ലാത്തവനായി മാറുന്നു. ബഹുസ്വരതയില്‍ ഊന്നിയ പരസ്പര സ്‌നേഹത്തിനും വിശ്വാസത്തിനും മാത്രമേ സമൂഹത്തില്‍ നിലനില്‍പ്പിള്ളൂവെന്ന് ഒടുവില്‍ മുള്ളന്‍പന്നിക്ക് ബോധ്യമാവുന്നു. പരസ്പരസ്‌നേഹവും വിശ്വാസവും ആദ്യമുണ്ടാവേണ്ടത് പൊതുബെഞ്ചില്‍ നിന്നാണെന്നും ഇതിനെ കൈവിടരുതന്നും എലിപ്പെട്ടി പ്രേക്ഷകരോട്  വിളിച്ച് പറയുന്നുണ്ട്. 

ശ്രീലക്ഷ്മി, ഗംഗ എസ് നായര്‍, സര്‍ഗാത്മി, ജിതിന്‍, ആകാശ്, സായൂജ്, ദേവദത്ത് എന്നിവരാണ് അരങ്ങിലെത്തിയത്. കൈലാസ് നാഥ്, സായ് ലക്ഷ്മി, രാഹുല്‍ എന്നിവര്‍ പിന്നണിയിലും പ്രവര്‍ത്തിച്ചു. രണ്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവദാസ് പൊയില്‍ക്കാവ് നാടകവുമായി വീണ്ടുമെത്തുന്നത്.2010, 2011, 2014 വര്‍ഷങ്ങളില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവ നാടകത്തിലെ ഒന്നാം സ്ഥാനക്കാരാണ് തിരുവങ്ങൂര്‍ സ്‌കൂള്‍. 2012, 2015 വര്‍ഷങ്ങളില്‍ രണ്ടാം  സ്ഥാനവും ലഭിച്ചു.

Content Highlights: Kalolsavam Drama kalolsavam2018