kalolsavamൺമണിക്ക്‌ സ്‌നേഹക്കടൽ മാത്രമല്ല അമ്മ. ജന്മാന്തരങ്ങളിലൂടെ  കൈവന്ന പുണ്യംകൂടിയാണ്. മകളുടെ മനസ്സ് ഒരിക്കൽപോലും തളരാൻ അനുവദിക്കാതെ, സ്നേഹത്തണലൊരുക്കി എപ്പോഴും ഒപ്പമുണ്ടാകും ഈ അമ്മ. കൺമണിയെ  നിങ്ങൾ അറിയും. വൈകല്യങ്ങളെ സംഗീതത്തിന്റെ മായികതയിൽ അലിയിച്ച്, സമാന്തരപാതയിലൂടെ ജീവിതത്തെ നേരിടുന്ന പെൺകുട്ടി.  കഴിഞ്ഞ മൂന്ന് സ്കൂൾ കലോത്സവങ്ങളിൽ ശാസ്ത്രീയസംഗീതം, അഷ്ടപദി, ലളിതഗാനം എന്നിവയിൽ എ േഗ്രഡ്‌. 

ഇക്കുറി ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ ശാസ്ത്രീയസംഗീതത്തിൽ എ ഗ്രേഡ്. വേദികളിൽ മകൾ മിന്നുമ്പോൾ നിറകണ്ണുകളോടെ അമ്മ രേഖ  കൈയടിക്കും. കാരണം ജീവിതത്തിന്റെ കഠിനസമസ്യകളെയാണ്  പൊന്നുമകൾ നേരിടേണ്ടിവന്നത്. കൺമണിക്ക്‌ ജന്മനാ രണ്ടുകൈയും ഇല്ല. നടക്കാൻ കാലുകൾക്ക് ശേഷിയുമില്ല. പക്ഷേ, ആ കാലുകൾ മനോഹരമായി ചിത്രങ്ങൾ വരയ്ക്കും.  സ്‌കൂൾ കലോത്സവത്തിൽ ചിത്രരചനയിലും എ ഗ്രേഡ് നേടി. അക്ഷരമെഴുതുന്നതും കാലുകൾ കൊണ്ടുതന്നെ. താമരക്കുളം വി.വി.എച്ച്.എസ്.എസിൽ പ്ലസ് വൺ വിദ്യാർഥിനിയായ കൺമണി ഇക്കുറി ശങ്കരാഭരണത്തിലെ ‘ഭക്തപാരായണ’ എന്നു തുടങ്ങുന്ന സ്വാതിതിരുനാൾ  കൃതിയാണ് പാടിയത്. എ ഗ്രേഡ് നേടുകയും ചെയ്തു.

ഒന്നാംക്ലാസ് മുതൽതന്നെ അവളെ പാട്ടിനയച്ചു. പിന്നീട് ചിത്രരചനയ്ക്ക്. മകളുടെ കലയോടുള്ള അഭിരുചി തിരിച്ചറിഞ്ഞ അമ്മ പിന്നെ അവൾക്കായി ജീവിച്ചു. മകളെ വേദികളിൽ എത്തിക്കുന്നതിനുവേണ്ടി അടുത്തിടെ കാറെടുത്തു. മാവേലിക്കരയിലെ 'അഷ്ടപദി’ എന്ന് പേരിട്ട വീട്ടിൽനിന്ന് മകളെയും മുൻസീറ്റിലിരുത്തി ഈ അമ്മ യാത്രചെയ്യുന്നു.