ര്‍ഷങ്ങള്‍ക്കുമുമ്പ് രാജിയുമായുള്ള വിവാഹം ഉറപ്പിച്ച സമയം. കലോത്സവവേദികള്‍ കയറിയിറങ്ങിയിട്ടുണ്ടെങ്കിലും ഗുരുവായൂരില്‍ നടന്ന കോളേജ് തലകലോത്സവത്തിന് ചില പ്രത്യേകതകളുണ്ടായിരുന്നു. അന്നത്തെ അജന്‍ഡ രാജിയെ കാണലായിരുന്നു. രാജിയെ കണ്ട് രാജിയുടെ നൃത്തവും കണ്ടാണ് മടങ്ങിയതെന്ന് ഐ.എം. വിജയന്‍. സ്‌കൂള്‍, കോളേജ് തലത്തില്‍ നൃത്തമത്സരങ്ങളില്‍ സജീവമായിരുന്നു രാജി.

കല്ല്യാണം കഴിഞ്ഞസമയത്ത് കലോത്സവം കാണാന്‍ സുഹൃത്ത് ബിജു മേനോനും സംയുക്തവര്‍മയ്ക്കും ഭാര്യ രാജിക്കുമൊപ്പം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് പോയിട്ടുണ്ട്. തൃശ്ശൂര്‍ സി.എം.എസ്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ കൂട്ടുകാരുമൊത്ത് കലോത്സവവേദികള്‍ ചുറ്റിക്കറങ്ങാറുണ്ട്. 2012നു ശേഷം തൃശ്ശൂരിലെത്തുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഹാര്‍ദവപൂര്‍വം സ്വാഗതം ചെയ്യുന്നു. തൃശ്ശൂരുകാരുടെ സ്വകാര്യ അഹങ്കാരം കൂടിയാണിത്. മറ്റുജില്ലക്കാര്‍ക്ക് എത്തിപ്പെടാന്‍ എളുപ്പമുള്ള സ്ഥലമാണ് തൃശ്ശൂര്‍.

കലാപാരമ്പര്യമുള്ള തൃശ്ശൂരിന്റെ മണ്ണില്‍ ഇക്കുറി കലോത്സവമെത്തിയതില്‍ തൃശ്ശൂരുകാരനെന്ന നിലയ്ക്ക് ഏറെ സന്തോഷമുണ്ട്. ഇപ്രാവശ്യം എന്തായാലും കലോത്സവം കാണാനെത്തും. 'തൃശ്ശൂര് കലോത്സവം നടത്തണത് എളുപ്പാ. ഹൃദയഭാഗത്തല്ലേ. വഴിതെറ്റുമെന്ന പ്രശ്‌നമേയില്ല. റെയില്‍വേ സ്റ്റേഷനായാലും കെ.എസ്.ആര്‍.ടി.സി. സ്റ്റാന്‍ഡായാലും എല്ലാം ടൗണിനുള്ളില്‍തന്നെയല്ലേ'. കലോത്സവത്തില്‍ ഏത് ഇനമാണ് ആസ്വദിക്കാനിഷ്ടമെന്ന് ചോദിച്ചപ്പോള്‍ തനി തൃശ്ശൂര്‍ ഭാഷയില്‍ മറുപടി, 'മിമിക്രി ഭയങ്കര ഇഷ്ടാ'. ഫുട്‌ബോള്‍ കഴിഞ്ഞാല്‍ മറ്റൊരിഷ്ടം ബാസ്‌കറ്റ്‌ബോളിനോടാണ്. കലയോട് സ്‌നേഹമുള്ളവരാണ് തൃശ്ശൂരുകാര്‍. 

സാഹിത്യ അക്കാദമി, സംഗീതനാടക അക്കാദമി റീജ്യണല്‍ തിയേറ്റര്‍, ലളിതകലാ അക്കാദമി തുടങ്ങിയ കലാകേന്ദ്രങ്ങളുള്ള തൃശ്ശൂരിന് കലോത്സവം മറ്റൊരഴകാണ്.

തയ്യാറാക്കിയത് ടി.എസ്. ധന്യ