വാക്കുകൊണ്ട് ഒരൊറ്റ ‘പഞ്ച് ’, അല്ലേലൊരു ‘കിക്ക് ’ -അതുമതി കുഞ്ചൻ നമ്പ്യാർക്ക് നാട്ടുരാജാവിനെ പോലും വെല്ലുവിളിക്കാൻ. അമ്മാതിരിയൊരു പ്രകടനമായിരുന്നു ഈ ‘ബാണയുദ്ധം’. കരാട്ടെയിൽ ബ്ലാക്ക് ബെൽറ്റുകാരി ഇമ എന്ന പെൺകുട്ടി ഓട്ടൻതുള്ളലിൽ നിറഞ്ഞാടിയപ്പോൾ കലോത്സവ വേദിയിലത് ആയോധനത്തുള്ളലായി.
എച്ച്.എസ്. വിഭാഗം ഓട്ടൻതുള്ളലിൽ മാറ്റുരച്ച കൊല്ലം വെേണ്ടാർ ശ്രീവിദ്യാധിരാജ എച്ച്.എസ്.എസിലെ ഒൻപതാം ക്ലാസുകാരി ഇമ എസ്. കൃഷ്ണ കരാട്ടെയിൽ ബ്ലാക്ക്‌ബെൽറ്റും ട്യൂട്ടർ പദവിയും നേടിയ ‘ആയോധന കലാകാരി’യാണ്. 

തുള്ളൽകലയിൽ അതേ പാടവം കാട്ടിയ ഇമ കുഞ്ചൻ നമ്പ്യാരുടെ ‘പഞ്ച് ഡയലോഗുകൾ’ക്കൊത്ത് തുള്ളിത്തകർത്തു. ബാണാസുരനെ ബന്ദിയാക്കിയ അനിരുദ്ധനെതിരേയുള്ള യുദ്ധഭാഗമായിരുന്നു സന്ദർഭം. ‘നാരായണനും പടകളുമെല്ലാം പാരാതവിടെ ചെന്നുനിറഞ്ഞു’ എന്ന നാരദവാക്യത്തിൽ തുള്ളൽവേദിയുണർന്നു. 

കലോത്സവഇനം എന്ന നിലയിലല്ല ഓട്ടൻതുള്ളൽ പഠിച്ചതെന്ന് ഇതേ സ്കൂളിലെ അധ്യാപികകൂടിയായ ഇമയുടെ അമ്മ സീജ പറയുന്നു. ഒരു പെൺകുട്ടി എന്ന നിലയിൽ ആത്മവിശ്വാസവും കലാഭിരുചിയും വളർത്തിയെടുക്കാനുള്ള വഴികളായിരുന്നു ഇവ രണ്ടും. ‘മർക്കടൻമാരോട് മാറിക്കിടാ ശടാ’ എന്ന് പറയാനുള്ള ആർജ്ജവം കൊടുക്കുന്നുണ്ട് ഈ രണ്ട് കലകളും. 
ഇന്നും കാലികമായ നമ്പ്യാരുടെ ആക്ഷേപഹാസ്യത്തോടാണ് തനിക്ക് പ്രിയമെന്ന് ഇമയും പറയുന്നു.

മുൻവർഷം ഓട്ടൻതുള്ളൽ ജില്ലാ തലത്തിൽ ഒന്നാംസ്ഥാനക്കാരിയായിരുന്നു ഇമ. ചെറുപ്രായത്തിലേ കരാട്ടെ പഠനത്തിനിറങ്ങിയ ഇമ വേൾഡ് കരാട്ടെ ഫെഡറേഷനിൽ അംഗമാണ്. കരാട്ടെ പഠിപ്പിക്കാൻ അനുവദിക്കുന്ന ട്യൂട്ടർ സ്ഥാനം നേടിയത് അടുത്തിടെയാണ്. കരാട്ടെയിലെ ഗുരു ഗോപകുമാറാണ്. ഗുരു താമരക്കുടി കരുണാകരന്റെ കീഴിൽ ഓട്ടൻതുള്ളൽ പരിശീലിക്കാൻ തുടങ്ങിയത് മൂന്ന് വർഷം മുൻപ്‌. കെ.എസ്.ആർ.ടി.സി. ജീവനക്കാരനാണ് അച്ഛൻ രാധാകൃഷ്ണൻ.