ഥകളിയെ ലളിതവത്ക്കരിച്ച് ഗുരു ഗോപിനാഥ് രൂപപ്പെടുത്തിയ കലാരൂപമാണ് കേരളനടനം. പക്ഷേ, ഇന്ന് വേദിയിലെത്തിയ പല കുട്ടികളും അവതരിപ്പിച്ചത് കഥകളിയെക്കാള്‍ സങ്കീര്‍ണമായ വിധത്തിലുള്ള നൃത്തമായിരുന്നു.

കൊറിയോഗ്രാഫി പലപ്പോഴും നിലവാരം കുറഞ്ഞതായി അനുഭവപ്പെട്ടു. ലളിതമാകേണ്ട ഒന്നിനെ വല്ലാതെ സങ്കീര്‍ണമായി ചിട്ടപ്പെടുത്തുമ്പോള്‍ വരുന്ന മാറ്റങ്ങള്‍ പലരുടെയും അവതരണത്തില്‍ ദൃശ്യമായി. നല്ല രീതിയില്‍ നൃത്തം ചെയ്യുന്ന കുട്ടികള്‍ പോലും ഇതുമൂലം സാഹസികതയുടെ പ്രയോക്താക്കളായി മാറിയതുപോലെ തോന്നിച്ചു.

പ്രമേയത്തില്‍ പുതുമ കൊണ്ടുവരുന്നത് നല്ലതാണെങ്കിലും കേരളനടനം എന്ന കലാരൂപത്തോട് പൂര്‍ണമായ നീതി പുലര്‍ത്തിക്കൊണ്ടുള്ള പരീക്ഷണങ്ങളാണോ ചിലരൊക്കെ നടത്തിയത് എന്ന സംശയം തോന്നി. പാരമ്പര്യത്തനിമ കാത്തുസൂക്ഷിക്കാതെയുള്ള ചിട്ടപ്പെടുത്തലുകള്‍ ഗുണകരമല്ലെന്ന് തന്നെയാണ് അഭിപ്രായം. 

കലോത്സവ മാന്വല്‍ പരിഷ്‌കരിച്ചെങ്കിലും അതിനനുസൃതമായി അമിത ആഡംബരത്തില്‍ കുറവ് വന്നതായി മത്സരാര്‍ഥികളുടെ വേഷവിതാനങ്ങള്‍ കണ്ടപ്പോള്‍ തോന്നിയില്ല. ലാളിത്യം നിറഞ്ഞ കലാരൂപം എന്ന നിലയില്‍ത്തന്നെ കേരളനടനത്തിന് ആഡംബരം കുറയ്‌ക്കേണ്ടതാണെന്നാണ് അഭിപ്രായം. 

മത്സരം മികച്ചതു തന്നെയായിരുന്നു. കുട്ടികളെല്ലാവരും നല്ല പ്രകടനമാണ് കാഴ്ച്ചവച്ചത്.

(കേരളനടനത്തില്‍ ഡോക്ടറേറ്റ് നേടിയ ലേഖകന്‍ ഇരുപത് വര്‍ഷമായി കേരളനടനം അധ്യാപകനാണ്)

തയ്യാറാക്കിയത് വീണാ ചന്ദ്

Content Highlights: kalolsavam2018  schoolkalolsavam2018 schoolyouthfestival2018