ഉർവശി തിയേറ്റേഴ്‌സിന്റെ ഓഫീസ് കം വീട്ടിലേക്ക് വന്നു കയറിയ സായ്‌കുമാറിനെപ്പോലെ സഞ്ജു അന്തിക്കാട് നിന്നു. സ്വീകരിക്കാൻ മത്തായിച്ചേട്ടനും ബാലകൃഷ്ണനും ഉണ്ടായിരുന്നില്ല. പക്ഷേ, ആ ബസ് മാത്രം മതിയായിരുന്നു. മത്തായിച്ചേട്ടന്റെ സ്വപ്നങ്ങളിൽ മാത്രം ഓടും എന്ന് കരുതുന്ന ആ ബസ്. നെറ്റിക്കുറിയായുള്ള ബോർഡിന്റെ കുറവ് മാത്രമേ അതിനുണ്ടായിരുന്നുള്ളൂ.

 തൃശ്ശൂർ വിവേകോദയം സ്കൂളിലെ മൂന്ന് അഭിനേത്രികളും ഒരു നടനും നാടകം കഴിഞ്ഞ് നേരെ വന്നത് പൂരക്കളി കാണാൻ. പൂരത്തിന്റെ നാട്ടിൽ നിന്ന് വരുന്നവർ. പക്ഷേ, പൂരക്കളി ഒന്നു വേറെ. പൂരം വേ, പൂരക്കളി റേ....മൈതാനത്തേക്ക് കയറുമ്പോഴാണ് പോലീസ് വളപ്പിൽ കിടക്കുന്ന ആ ബസ് അവരുടെ കണ്ണിൽപ്പെട്ടത്. റാംജിറാവു സ്പീക്കിങ്ങിന്റെ കട്ട ആരാധകരായ നാലു പേരും പകച്ചു. മത്തായിയെപ്പോലെ..പിന്നെ ക്യാമറക്കാരനോട് ചോദിച്ചു.... പ്ലീസ്...കൃഷിവകുപ്പിന്റെ കണ്ടം വെച്ച വണ്ടിക്കുള്ളിൽ എന്തോ പാഞ്ഞ് പോയപോലെ. 

ചിതൽ വീണ ഫയൽക്കെട്ടിൽ നിന്ന് താമസക്കാർ മുഖമുയർത്തി. ഇതിപ്പോ അവനവൻ കുരുക്കുന്ന കുരുക്ക് പോലെയല്ലേ...അർച്ചന ഉണ്ണികൃഷ്ണന്റെ ചോദ്യത്തിൽ മറ്റുള്ളവർ ചിരിച്ചു. വണ്ടിക്കുള്ളിൽ നിന്ന് പുറത്തേക്ക് വന്ന നാലുപേരും മുമ്പേ കളിച്ച നാടകത്തിലെ ഗാനരംഗം റീടേക്കിലാക്കി...ഇത് പ്രിയ സിനിമയ്ക്കുള്ള സമ്മാനം.

അഭിനയം അധികമായപ്പോൾ അനിഷ ആൻഡ്രൂസ് വിലക്കി. നിങ്ങൾ ഇപ്പോൾ പ്രവർത്തിപ്പിച്ചുകൊണ്ടിരിക്കുന്ന യന്ത്രം ഓഫാക്കേണ്ടതാണന്ന മുന്നറിയിപ്പിൽ ചിത്രീകരണം നിലച്ചു. വണ്ടിക്കരികിലെ കമ്പിൽ തട്ടി സഞ്ജു ആഞ്ഞപ്പോൾ മുണ്ടിൽ മുറുകെപ്പിടിച്ചു. മുണ്ട്.. മുണ്ട് എന്ന മട്ടിൽ കൂട്ടുകാർ പറഞ്ഞപ്പോൾ സഞ്ജു പറഞ്ഞു നിങ്ങൾ മിണ്ട്. മിണ്ടുന്ന കാര്യമല്ല മുണ്ടിന്റെ കാര്യമാണെന്ന മട്ടിൽ ബാലകൃഷ്ണനെപ്പോലെ സുഹൃത്തുക്കൾ ഉപദേശിച്ചു. ജെസ്‌ന ജെയിംസിന് ആ സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള രംഗവും റാണിയെ വരവേൽക്കുന്ന ആ നിമിഷം തന്നെ.

  നഗരത്തിലേക്കുള്ള മടക്കയാത്രയിൽ ഒപ്പം കൂടിയ ഈ താരങ്ങൾക്ക് പക്ഷേ, നാടകത്തിലെ തുടർപരിശീലനത്തിൽ ശബ്ദം നഷ്ടമായിത്തുടങ്ങിയിരുന്നു. കൂട്ടുകാരുടെ ചോദ്യത്തിന് കേൾക്കാത്ത മട്ടിൽ എന്തെന്ന് ചോദിച്ച സഞ്ജുവിനോട് മറ്റുള്ളവർ പറഞ്ഞതും ആ പഴയ ഡയലോഗായിരുന്നു. കമ്പിളിപ്പുതപ്പ്.. കമ്പിളിപ്പുതപ്പ്......വിജയത്തിലേക്കുള്ള ഒരായിരം കിനാക്കളുമായി അവർ ജവാഹർ സ്റ്റേഡിയമേറുമ്പോൾ അടുത്ത വേദി ഉണർത്തി മറ്റൊരു നാടകത്തിന് ബെല്ല് മുഴങ്ങിയിരുന്നു.