കണ്ണൂർ: പതിറ്റാണ്ടുകൾ പഴക്കമുള്ള ‘മാതൃഭൂമി’ പത്രത്തിലെ പഴയലിപി തലക്കെട്ടിലെ അതേ ‘ആഹ്ലാദ’ത്തിലാണ് ശ്യാമള ടീച്ചർ. കരിമഷികൊണ്ടെഴുതിയപോലൊരു പത്രത്താൾ. ഇത്തവണ മത്സരിക്കാൻ ശിഷ്യരില്ലെങ്കിലും ഓർമകളുടെ ചമയപ്പെട്ടിയുമെടുത്ത് കലാമേളം കാണാനെത്തിയതാണ് കോഴിക്കോട്‌ സ്വദേശിയായ ഈ പഴയകാല നൃത്താധ്യാപിക. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ നിരവധിപേർക്ക് വ്യക്തിഗത ചാമ്പ്യൻഷിപ്പ് നേടിക്കൊടുത്ത നടനഗുരുവാണിവർ.

1

1984-ലെ മാതൃഭൂമി പത്രത്തിൽ വന്ന
ശ്യാമള ടീച്ചറുടെയും
ശിഷ്യന്മാരുടെയും ചിത്രം

1978 മുതൽ തുടർച്ചയായി അഞ്ചുവർഷം നാടോടിനൃത്തത്തിലും ഭരതനാട്യത്തിലും ഒന്നാം സ്ഥാനവും 1983-ൽ സുവർണകിരീടവും നേടിയ കൂത്തുപറമ്പിലെ കെ.ടി.ഉഷയാണ് ശിഷ്യരിൽ പ്രമുഖ. സിനിമാതാരം മോഹൻലാലിന്റെ ഭാര്യാസഹോദരൻ സുരേഷ് ബാലാജിയുടെ ഭാര്യയാണ് ഉഷ. തുടർച്ചയായി വ്യക്തിഗത ചാമ്പ്യനായ വി.കെ.പ്രശാന്തും ശ്യാമള ടീച്ചറുടെ ശിക്ഷണത്തിലാണ് വേദികളിൽ മിന്നിയത്.

83-ൽ കൊച്ചിയിൽ നടന്ന യുവജനോത്സവത്തിൽ ഈ രണ്ട് ശിഷ്യരും ഒരുമിച്ച് കലാതിലകം, പ്രതിഭാപട്ടങ്ങൾ നേടി ഗുരുവിന് ഖ്യാതിയുടെ ഇരട്ട മധുരം നൽകി. അന്ന് 'മാതൃഭൂമി' ഒന്നാംപേജിൽ നൽകിയ വാർത്തയും ചിത്രവും കലോത്സവ പെരുമയുടെ ഓർമയായി, മഷി മങ്ങാതെ സൂക്ഷിക്കുന്നു. വടകര കോൺവെന്റ് സ്കൂളിലെ നൃത്താധ്യാപികയായിരുന്നു ശ്യാമള ടീച്ചർ. മുൻവർഷം വരെയും ടീച്ചറുടെ ശിഷ്യർ വേദികളിലെത്തി സമ്മാനച്ചുവടുവെച്ചിരുന്നു. അപ്പീലിന്റെയും തർക്കത്തിന്റെയുമൊക്കെ ഇടയിൽ പെടാതിരിക്കാൻ ഇത്തവണ ഒഴിഞ്ഞുനിന്നു. എങ്കിലും നൃത്തവേദികൾ ഒന്നൊഴിയാതെ ആസ്വദിച്ചിട്ടേ ഈ ടീച്ചർ മടങ്ങൂ.