കഥ തുടങ്ങി. കഥയും സംഗീതവും കേൾവിക്കാരുടെ മനസ്സിലെത്തും മുമ്പ് മൈക്ക് ചത്തു. പിന്നെ എന്തുചെയ്യണമെന്നറിയാതെ വിദ്യാർഥികൾ സ്റ്റേജിൽ നിന്നു. പലരും ഒന്നു തൊട്ടാൽ കരയുമെന്നായി. കർട്ടൻ വീണു. അതോടെ മൈക്കിന്റെ ശബ്ദത്തേക്കാൾ ഉച്ചത്തിൽ അധ്യാപകരും രക്ഷിതാക്കളും ബഹളം തുടങ്ങി. സംഘാടകരുമായി ഏറ്റുമുട്ടി.

ഹയർസെക്കൻഡറി വിഭാഗം കഥാപ്രസംഗ വേദിയിലെ കഥയാണിത്. മത്സരം തുടങ്ങിയതുതന്നെ മൂന്ന് മണിക്കൂർ വൈകി. പോലീസ് ഓഡിറ്റോറിയത്തിൽ ആദ്യകഥ അവതരിപ്പിച്ചപ്പോൾത്തന്നെ പരാതിയും ഉയർന്നു. കഥയും സംഗീതവും സ്റ്റേജിൽ നിൽക്കുന്ന കുട്ടികൾക്ക് വ്യക്തമായിരുന്നില്ല. കഥകേൾക്കാനിരിക്കുന്നവരുടെ അവസ്ഥയും അതുതന്നെ. സംഭാഷണത്തിന്റെ തീവ്രത കുട്ടികളിലെത്തിയാൽ മാത്രമേ കഥപറയാനും ആവേശമുണ്ടാകൂ.

പശ്ചാത്തല സംഗീതം വ്യക്തമായാലേ താളവും കിട്ടൂ. കൂടുതൽ ഒച്ചയെടുത്ത് കഥ പറഞ്ഞ് കുട്ടികൾ വിഷമിക്കുകയായിരുന്നു. മൈക്രോഫോൺ ഇഫക്ട് ഇല്ലെന്ന പരാതി നേരത്തെയുണ്ടായിരുന്നു. ഇതിനിടയിലാണ് കഥപറയുന്നതിനിടെ മൈക്ക് പൂർണമായും നിന്നുപോയത്. പ്രശ്നം താത്‌കാലികമായി പരിഹരിച്ച് വീണ്ടും  മത്സരം തുടർന്നു.  സമ്മാനം കിട്ടിയില്ലെങ്കിൽപോലും കുട്ടികൾ ഇത്ര നിരാശരാവില്ല. അവർക്ക് കഥ നല്ലരീതിയിൽ അവതരിപ്പിക്കാൻ പറ്റാത്തതിലാണ് വിഷമമെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സംഘാടകരും രക്ഷിതാക്കളും തമ്മിലുള്ള തർക്കം പരിഹരിക്കാൻ ഡി.ഡി.ഇയും സ്ഥലത്തെത്തി. പരാതി എഴുതി പ്രോഗ്രാം കമ്മിറ്റിക്ക് കൈമാറാനായിരുന്നു സംഘാടകസമിതി ഭാരവാഹികൾ പറഞ്ഞത്. പലരും നിസ്സഹായരായി മടങ്ങി.