കണ്ണൂര്‍: അന്‍പത്തേഴാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോള്‍ പതിവ് പോലെ മൊത്തം പരിപാടികളുടേയും സമയക്രമം തെറ്റിക്കുന്നത് അനന്തമായെത്തുന്ന അപ്പീലുകളാണ്. അപ്പീലുകളുടെ കാര്യത്തില്‍ സര്‍വകാല റെക്കോര്‍ഡാണ് ഇത്തവണ. ബുധനാഴ്ച രാവിലെ വരെ 600 അപ്പീലുകളിലായി 2527 കുട്ടികളാണ് കലോത്സവത്തിനെത്തിയത്.

വൈകിട്ട് പൂര്‍ത്തിയാകേണ്ട മത്സരങ്ങള്‍ പിറ്റേന്ന് പുലര്‍ച്ചയിലേക്കും ഉച്ചയ്ക്ക് തീരേണ്ടത് രാത്രിയിലേക്കും നീളുന്ന തരത്തിലാണ് അപ്പീലുകളുടെ ഒഴുക്ക്. പല പരിപാടിയിലും യോഗ്യത നേടിയെത്തുന്നവരുടെ എണ്ണത്തിലും ഇരട്ടിയോളമാണ് കോടതി വഴി അപ്പീലുമായെത്തുന്നത്. 

മത്സരം അവസാനഘട്ടത്തിലെത്തുന്ന സമയത്തും അപ്പീലുമായി മത്സരാര്‍ത്ഥികള്‍ എത്തുന്ന കാഴ്ച്ചയാണ് വേദികളുടെ അണിയറയില്‍. ജില്ലാതല മത്സരങ്ങളില്‍ തഴയപ്പെട്ടെന്ന് കാണിച്ചാണ് മത്സരാര്‍ത്ഥികള്‍ കോടതിയില്‍ നിന്ന് അപ്പീല്‍ വാങ്ങുന്നത്. 

വന്‍തുകകള്‍ മറിയുന്ന ഒരേര്‍പ്പാട് കൂടിയാണിത്. 15,000 മുതല്‍ 25,000 വരെ ഫീയായി വാങ്ങിയാണ് അഭിഭാഷകര്‍ അപ്പീലിനായി വാദിക്കുന്നത്. അപ്പീല്‍ നല്‍കുന്ന എല്ലാവര്‍ക്കും അനുകൂല വിധി ലഭിക്കണമെന്നില്ല. 

അപ്പീല്‍ അനുവദിച്ചു കിട്ടിയാല്‍ പിന്നെ പതിനായിരം രൂപ കെട്ടിവയ്ക്കുക കൂടി ചെയ്താലെ മത്സരാര്‍ത്ഥിക്ക് വേദിയില്‍ കയറുവാന്‍ സാധിക്കൂ.  ഫലം വരുമ്പോള്‍ ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നില്‍ എത്താന്‍ സാധിച്ചാല്‍ ഈ പണം മടക്കി കിട്ടും.

കഥകളി പോലുള്ള ഇനങ്ങളില്‍ അപ്പീലുമായി വരുന്നവര്‍ കുറവാണെങ്കിലും മോഹിനിയാട്ടവും ഭരതനാട്യവും കേരളനടനവും പോലെയുള്ള ഗ്ലാമര്‍ ഇനങ്ങളില്‍ നിരവധി പേരാണ് അപ്പീലുമായി എത്തുന്നത്. 

ആദ്യ സ്ഥാനങ്ങളിലെത്താന്‍ സാധിക്കാത്ത കുട്ടികള്‍ കെട്ടിവച്ച പണം ഖജനാവിലെത്തുന്നത് നേട്ടമാണെങ്കിലും, മുപ്പതും നാല്‍പ്പതും കുട്ടികളുടെ പ്രകടനം വിലയിരുത്തി അതില്‍ ആദ്യ മൂന്ന് സ്ഥാനക്കാരെ കണ്ടെത്തേണ്ടി വരുന്ന വിധികര്‍ത്താക്കളാണ് ഇവിടെ ശരിക്കും പെടുന്നത്. എത്ര സത്യസന്ധമായും സൂഷ്മമായും വിധി നിര്‍ണയം നടത്തിയാലും  ഒത്തുകളി ആരോപണം നേരിടേണ്ട അവസ്ഥ. 

മത്സരങ്ങള്‍ അനന്തമായി നീളുന്നത് വഴി സംഘാടകരും മറ്റുള്ളവരും അനുഭവിക്കേണ്ട തലവേദനയും അപ്പീലുകളുടെ ബാക്കിപത്രമാണ്. എന്നാല്‍ അപ്പീലുകളുമായി എത്തുന്ന കുട്ടികള്‍ എ ഗ്രേഡും ഒന്നാം സ്ഥാനവും കരസ്ഥമാക്കുന്ന സംഭവങ്ങളും അപൂര്‍വമല്ല.

മാത്രമല്ല പല ജില്ലാ കലോത്സവങ്ങളും അവസാനിക്കുന്നത് തന്നെ സംസ്ഥാന കലോത്സവത്തിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളിലാണ്. റവന്യൂ കലോത്സവങ്ങളുടെ നടത്തിപ്പിനും, അപ്പീലുകള്‍ സ്വീകരിക്കുന്നതിനും  കൃത്യമായ സമയക്രമം പാലിച്ചാല്‍ തന്നെ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് സംഘാടകര്‍ തന്നെ ചൂണ്ടിക്കാണിക്കുന്നത്.