യാത്രകള്‍ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. എന്നാല്‍ പലരും വിധി തീര്‍ത്ത വിഷമതകളില്‍ വീല്‍ചെയറിന്റെ രണ്ടു ചക്രങ്ങള്‍ക്കിടയിലേക്ക് യാത്രയെന്ന സ്വപനങ്ങളെ ഒതുക്കി നാലു ചുവരിന്റെ അകത്തളങ്ങളില്‍ ഒളിഞ്ഞിരിക്കുകയാണ്. 

ഇങ്ങനെ പറന്നുയരാനുള്ള മോഹം തീരാവേദനയായി ഉള്ളിലൊതുക്കി കഴിയുന്ന ദേശാടനക്കിളികള്‍ക്ക് പറന്നുയരാനുള്ള ചിറകും ഊര്‍ജ്ജവും നല്‍കുകയാണ് ടീം സഫാരിയെന്ന ഒരു പറ്റം യുവാക്കളുടെ ഫേസ്ബുക്ക് കൂട്ടായ്മ. 

യാത്രകള്‍ ഇഷ്ടപ്പെടുന്ന ഈ കൂട്ടായ്മയുടെ മുഖ്യ ലക്ഷ്യം ''ചക്ര കസേരകള്‍ക്ക് ജീവന്‍ നല്‍കുക'' എന്നതാണ്. ടീം സഫാരിയുടെ ഓരോ കൂടിച്ചേരലുകളിലും ഇത്തരത്തിലുള്ള സഞ്ചാരപ്രിയരുടെ വീല്‍ചെയറുകളുടെ നിറസാന്നിധ്യമാണ്.  ഒറ്റക്കും കൂട്ടമായും ട്രിപ്പുകളും ട്രക്കിങുകളുമെല്ലാം സംഘടിപ്പിക്കുന്ന നിരവധി യാത്രാ ഗ്രൂപ്പുകള്‍ സജീവമായ കാലത്ത് ടീം സഫാരി വ്യത്യസ്തമാകുന്നതും ഇക്കാരണത്താലാണ്. 

ജീവിതത്തില്‍ ഒരിക്കലും എത്തിപ്പെടാന്‍ കഴിയുമെന്ന്് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ലാത്ത മലകളും കുന്നുകളും വെള്ളച്ചാട്ടങ്ങളുമെല്ലാം വീല്‍ ചെയറിലിരുന്നു കണ്‍കുളിര്‍ക്കെ കാണുകയും, മറ്റുള്ളവരെപ്പോലെത്തന്നെ അവയിലലിഞ്ഞ് അതിന്റെ തണുപ്പും, ഭംഗിയും ആവോളം ആസ്വദിക്കുകയും ചെയ്യുമ്പോള്‍ അവരുടെ മുഖത്ത് തെളിയുന്ന വിളക്കില്‍ നിന്ന് വെളിച്ചവും ഊര്‍ജ്ജവും ശേഖരിച്ചാണ് ടീം സഫാരി മുന്നോട്ട് കുതിക്കുന്നത്. 

safari

രണ്ട് മാസങ്ങള്‍ക്കപ്പുറം ഇത്തരത്തിലൊരു കൂട്ടായ്മക്ക് രൂപം നല്‍കുമ്പോള്‍ ഡോ. അന്‍വര്‍ റഹ്മാന്‍, അധ്യാപകനായ അബ്ദു നാസര്‍, റഊഫ് മോനി എന്നിവര്‍ സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത് വളര്‍ച്ചയാണ് ടീം സഫാരി നേടിയിരിക്കുന്നത്. രണ്ടു മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് പ്രധാന ഇവന്റുകള്‍ ഭംഗിയായി നടത്താന്‍ കൂട്ടായ്മക്ക് സാധിച്ചു. ഇതിലെല്ലാം വീല്‍ ചെയേഴ്‌സിനെ ഉള്‍പ്പെടുത്താന്‍ സാധിച്ചു എന്നതും ഈ കൂട്ടായ്മയുടെ ഉദ്ദേശ്യ ലക്ഷ്യത്തെ സാധൂകരിക്കുന്നതാണ്.

പുതിയ യാത്രികരെയും അവരുടെ എഴുത്തിനേയും പ്രോത്സാഹിപ്പിക്കുക, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍, രക്തദാനം പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയും ടീം സഫാരിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങളാണ്.

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി കേന്ദ്രീകരിച്ച് രൂപം കൊണ്ട ഈ കൂട്ടായ്മയില്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ഷാനവാസ് ഉമ്മര്‍, എഴുത്തുകാരിയും സാമൂഹ്യപ്രവര്‍ത്തകയായ ശബ്‌ന പൊന്നാട്, കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള അധ്യാപകര്‍, ഡോക്ടര്‍മാര്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങിയ സമൂഹത്തിന്റെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ അംഗങ്ങളാണ്.