കണ്ണൂര്‍: ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനിടയിലെ ബി.ജെ.പി ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.വി. ജയരാജന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. ബുധനാഴ്ച രാത്രി ധര്‍മ്മടത്തിനടുത്ത് ബി.ജെ.പി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സമഗ്രമായ അന്വേഷണം നടത്തിയാല്‍ സത്യം പുറത്തുവരും. അതൊരു സ്വത്തുതര്‍ക്കമാണ്, രാഷ്ട്രീയ പ്രശ്നമല്ല -ജയരാജന്‍ പറഞ്ഞു.

കണ്ണൂരില്‍ നടന്നത് രാഷ്ട്രീയവത്കരിച്ച ഹര്‍ത്താലാണ്. ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ദൗര്‍ഭാഗ്യകരമാണെങ്കിലും ഹര്‍ത്താല്‍ ഒഴിവാക്കേണ്ടതായിരുന്നു. യുവജനോത്സവത്തെ ഒഴിവാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചെങ്കിലും അലങ്കോലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് കണ്ണൂര്‍ ടൗണിലെ സംഭവങ്ങള്‍ തെളിയിച്ചു- ജയരാജന്‍ പറഞ്ഞു. പ്രവര്‍ത്തകന്റെ മൃതദേഹം കലോത്സവ വേദിക്കടുത്ത് അന്തിമോചാരമര്‍പ്പിക്കാന്‍ എത്തിച്ചതും പ്രധാന വേദിക്കുമുന്നിലൂടെ വിലാപ യാത്ര നടത്തിയതും ഏറെ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇടക്ക് പോലീസ് കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു.

കൊലപാതകത്തിന് പിന്നില്‍ ആര്‍.എസ്.എസ് തന്നെയാണെന്ന തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്-ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ഭീകരന്മാരുടെ ജില്ലയാണെന്ന തെറ്റിദ്ധാരണ ആര്‍ക്കും വേണ്ടെന്നും സി.പി.എം എം.വി ജയരാജന്‍ പറഞ്ഞു. ഇത്തരത്തിലുള്ള പല വ്യാജ പ്രചാരങ്ങളും തിരുത്താനുള്ള അവസരമാണ് സംസ്ഥാന കലോത്സവം. കലയെയും ആസ്വാദനക്ഷമതയെയും പ്രോത്സാഹിപ്പിക്കുന്ന, സൗഹൃദമുള്ള നാട്ടിലെ ഈ ഉത്സവം കണ്ണൂരിന്റെ ചരിത്രത്തില്‍ രേഖപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.