കണ്ണൂര്‍:  ആതിഥേയരുടെ നാട്, കലാപ്രേമികളുടെ നാട്, ഭക്ഷണപ്രേമികളുടെ നാട്.... വിശേഷണങ്ങള്‍ ഒരുപാടുള്ള കോഴിക്കോടുകാര്‍ക്ക് ഇനി കപ്പുകളുടെ നാട് എന്ന വിശേഷണവും കൂടി ഒപ്പം ചേര്‍ക്കാം. 

2007-ല്‍ തുടങ്ങി തുടര്‍ച്ചയായി പത്താം വര്‍ഷമാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തില്‍ കോഴിക്കോട് കീരിടനേട്ടം ആവര്‍ത്തിക്കുന്നത്..... കലോത്സവചരിത്രത്തില്‍ മറ്റൊരു നാടിനും അവകാശപ്പെട്ടാനാവാത്ത നേട്ടം.

.1957-ല്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവം കണ്ണൂരില്‍ അറുപതാം പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അറുപതില്‍ ഇരുപത്തിയൊന്ന് തവണയും സ്വര്‍ണ്ണകപ്പില്‍ മുത്തമിട്ടത് കോഴിക്കോടാണ് . 17 തവണ കലാകീരിടം സ്വന്തമാക്കിയ തിരുവനന്തപുരമാണ് ഈ പട്ടികയില്‍ കോഴിക്കോടിന് പിന്നിലുള്ളത്. 

2000-ന് ശേഷമാണ് കലാകിരീടവും കോഴിക്കോടും തമ്മിലുള്ള ഗാഢപ്രണയം ആരംഭിക്കുന്നത്.  2001-ല്‍ തൊടുപുഴയില്‍ നടന്ന സംസ്ഥാന കലോത്സവത്തിലും, 2002-ല്‍ സ്വന്തം നാടില്‍ നടന്ന കലോത്സവത്തിലും കീരിടമടിച്ച അവര്‍ 2004-ല്‍ തൃശ്ശൂരിലും, 2005-ല്‍ തിരൂരിലും ഈ നേട്ടം ആവര്‍ത്തിച്ചു. 

2006-ല്‍ എറണാകുളത്ത് വച്ച് നടന്ന കലോത്സവത്തില്‍ പാലക്കാടായിരുന്നു ജേതാക്കള്‍, അടുത്ത വര്‍ഷം കണ്ണൂരില്‍ നടന്ന കലോത്സവത്തില്‍ കോഴിക്കോട് കപ്പ് തിരിച്ചു പിടിച്ചു. ഒരു പതിറ്റാണ്ട് കഴിഞ്ഞ് 2017-ല്‍ കണ്ണൂരില്‍ കലോത്സവം തിരിച്ചെത്തുമ്പോഴും അന്‍പതേഴ് പവന്റെ സ്വര്‍ണ്ണകപ്പ് സാമൂതിരിയുടെ നാടിന് പുറത്തു പോയിട്ടില്ല

.2015-ല്‍ അവസാനനിമിഷം വരെ  പോരാടിയ പാലക്കാടുമായി കപ്പ് പങ്കിടേണ്ടി വന്നെങ്കിലും 2016-ല്‍ കോഴിക്കോട് വിജയം ആവര്‍ത്തിച്ചു. കുറച്ചു കാലമായി കീരിടപോരാട്ടത്തില്‍ പാലക്കാടില്‍ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്നുവെങ്കിലും തുടര്‍ച്ചയായി മൂന്നാം വട്ടവും കീരിടം നേടുവാന്‍ കോഴിക്കോട്ടിന്റെ കുട്ടികള്‍ക്കായി.