പാട്ടു നിന്നിട്ടും പതറാതെ നൃത്തം ചെയ്തു പൂര്‍ത്തിയാക്കിയ സ്‌നേഹ എന്ന മത്സരാര്‍ത്ഥി കേരളനടനവേദിയെ കൈയ്യിലെടുത്തു. എച്ച് എസ് എസ് വിഭാഗം പെണ്‍കുട്ടികളുടെ കേരളനടന വേദിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്.

സ്‌നേഹയുടെ നൃത്തം തുടങ്ങി നിമിഷങ്ങള്‍ക്കകം സിഡി നിന്നുപോയി. അതോടെ സദസ്സില്‍ നിന്നും ഞെട്ടലുകളും അയ്യോ വിളികളും ഉയര്‍ന്നു. എന്നാല്‍ ഇതൊന്നും വകവെക്കാതെ സ്‌നേഹ നൃത്തം തുടരുകയായിരുന്നു. പാലക്കാട് കുമരമ്പത്തൂര്‍ കല്ലടി എച്ച് എസ് എസിലെ വിദ്യാര്‍ത്ഥിയാണ് സ്‌നേഹ. 

അങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ലാത്തതു പോലെ മനസിന്റെ താളത്തില്‍ സ്‌നേഹ നൃത്തം തുടര്‍ന്നതോടെ അവള്‍ക്കു താളമായി സദസ്സില്‍ നിന്നും കൈയ്യടികള്‍ ഉയര്‍ന്നു. നാലര മിനിറ്റോളമാണ് സ്‌നേഹ പാട്ടില്ലാതെ നൃത്തം ചവിട്ടിയത്.

ഈ നേരമത്രയും നിറഞ്ഞ കൈയ്യടിയുമായി പ്രേക്ഷകരും സ്‌നേഹയ്‌ക്കൊപ്പം നിന്നു. വേദിയില്‍ സ്‌നേഹയുടെ ചിലങ്കയുടെ ശബ്ദത്തോട് ചേര്‍ന്നു നിന്നു സദസ്സിലെ കൈയ്യടിയുടെ താളവും. 

ഒടുവില്‍ സ്‌നേഹ നൃത്തം പൂര്‍ത്തിയാക്കുമ്പോഴേക്കും ആര്‍പ്പു വിളികളുമായി പ്രേക്ഷകര്‍ എഴുന്നേറ്റു നിന്നു കൈയ്യടിച്ചു. കര്‍ട്ടണ്‍ വീണതും സദസ്സിലുണ്ടായിരുന്നവര്‍ കൂട്ടമായി സ്‌നേഹയെ അഭിനന്ദിക്കാന്‍ സ്റ്റേജിനു പിന്നിലേക്കൊഴുകി. ഇവരെ നിയന്ത്രിക്കാന്‍ ഒടുവില്‍ പോലീസിന് രംഗത്തെത്തേണ്ടി വന്നു.