57ാ മത് സംസ്ഥാന കലോത്സവം കണ്ണൂരിലാണെന്ന് പ്രഖ്യാപിക്കപ്പെട്ട അന്നു മുതല്‍ കണ്ണൂര്‍ കലാമേളയ്ക്ക് യോഗ്യമോ അല്ലയോ എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ തുടങ്ങിയതാണ്. ഏഷ്യയിലെ ഏറ്റവും വലിയ കലാമേളയ്ക്ക് കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ മുന്നിട്ട് നില്‍ക്കുന്ന ഒരു ജില്ലയെ തന്നെ തിരഞ്ഞെടുത്തതില്‍ പാളിച്ച പറ്റിയില്ലേ എന്നായിരുന്നു പലരുടെയും സംശയം. ഏത് നിമിഷവും രാഷ്ട്രീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടാനുള്ള കണ്ണൂരിന്റെ സാഹചര്യങ്ങള്‍ തന്നെയാണ് അതിന് അടിത്തറ പാകിയത്. രാത്രി വളരെ വൈകി ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും തൊട്ടടുത്ത ദിവസം അത് നടപ്പിലാക്കുകയും ചെയ്യുന്ന ഒരു സ്ഥലമാണ് കണ്ണൂരെന്നുള്ളതും എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ജനങ്ങള്‍ വലയാന്‍ സാധ്യതയുണ്ടെന്ന് ഓര്‍മിപ്പിച്ചുകൊണ്ടേയിരുന്നു.

ഒടുവില്‍ ഭയന്നതു തന്നെ സംഭവിച്ചു. കേരളത്തിന്റെ എല്ലാഭാഗത്തുനിന്നുമെത്തിയ വിദ്യാര്‍ത്ഥികളുടേയും അധ്യാപകരുടേയും രക്ഷിതാക്കളുടേയും സുരക്ഷ മാനിക്കാതെ എണ്ണപ്പെട്ട രാഷ്ട്രീയ പാര്‍ട്ടി തന്നെ കലോത്സവത്തിനിടെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. അതും പോരാഞ്ഞ് പ്രധാന വേദിക്കരികില്‍ കൊല്ലപ്പെട്ടയാളുടെ മൃതദേഹമെത്തിച്ചു. പ്രകടനം നടത്തി. അതിനു മുമ്പേ അവിടെ ആളുകൂടി. പോലീസ് ടിയര്‍ഗ്യാസ് പ്രയോഗിച്ചു. അതിന്റെ ചൂടുമാറും മുമ്പ് മറ്റൊരു പ്രശ്‌നത്തില്‍ ഓട്ടോറിക്ഷാ തൊഴിലാളികള്‍ മിന്നല്‍ പണിമുടക്ക് നടത്തി. 

തെയ്യത്തിന്റെയും തിറയുടെയും മൂല്യങ്ങള്‍ എടുത്തുയര്‍ത്തി കണ്ണൂരിന്റെ കലാപാരമ്പര്യത്തെ കുറിച്ച് വര്‍ണിക്കുമ്പോഴും കലോത്സവത്തിനായി ഒരുങ്ങുമ്പോഴും അതുവരെയുണ്ടായ ചീത്തപ്പേരില്‍ നിന്ന് കണ്ണൂര്‍ മുക്തമാകുമെന്നുതന്നെയായിരുന്നു പ്രതീക്ഷ. പക്ഷേ കണ്ണൂരിന് സ്വന്തം ശീലത്തില്‍ നിന്നും അത്രയെളുപ്പമൊന്നും മാറാനായില്ല. 

kannur
82-ല്‍ കണ്ണൂരില്‍ നടന്ന യുവജനോത്സവത്തിനിടയിലുണ്ടായ ലാത്തിചാര്‍ജിനെ കുറിച്ച് അന്ന് മാതൃഭൂമിയില്‍ വന്ന റിപ്പോര്‍ട്ട്

ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റുമരിച്ചതായിരുന്നു സംഭവം.  ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. നഗരം സംഘര്‍ഷഭരിതമായി. ഒരുപക്ഷേ കൈവിട്ടുപോയേക്കാമായിരുന്ന ഒരു സാഹചര്യത്തെ സമയോചിതമായ ഇടപെടലുകളിലൂടെ നിയന്ത്രിക്കാന്‍ അധികാരികള്‍ക്ക് സാധിച്ചതോര്‍ത്ത് കേരളത്തിന് സമാധിക്കാം. കലോത്സവം നടക്കുന്ന ജില്ലയില്‍ ക്രമസമാധാനം പാലിക്കുന്നതില്‍ സര്‍ക്കാരിന്റെ പരാജയവും ചര്‍ച്ചയായി.

ഹര്‍ത്താല്‍ കലോത്സവത്തെ ബാധിക്കാതെ സൂക്ഷിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രമിച്ചു. അവര്‍ കൈ മെയ് മറന്ന് ഒന്നിച്ചു. അയല്‍ജില്ലകളില്‍ നിന്നും എത്തുവരെ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ബസ് സ്റ്റാന്‍ഡില്‍ നിന്നും സ്‌കൂള്‍ ബസ്സുകള്‍ ഏര്‍പ്പെടുത്തി അവര്‍ കലോത്സവനഗരിയിലെത്തിച്ചു. ആദ്യമേ നഗരത്തിലെത്തിയവര്‍ക്ക് വേദിയിലേക്കെത്താന്‍ വാഹന സൗകര്യമൊരുക്കി. വേദികളില്‍ നിന്നും വേദികളിലേക്ക് എമര്‍ജന്‍സി വാഹന സൗകര്യവും മുന്‍കരുതലായെടുത്തു. കേരളത്തിലെ കുട്ടികള്‍ക്ക് മുഴുവന്‍ ഭക്ഷണം വിളമ്പിയ പഴയിടത്തിന്റെ ഊട്ടുപുരയില്‍ നിന്ന്  അന്ന് നഗരിയിലെത്തിയ നിരവധി പേര്‍ കിലോമീറ്ററോളം നീണ്ട ക്യൂവില്‍ ക്ഷമയോടെ നിന്ന് ഊണുകഴിച്ചു. കലോത്സവ ചരിത്രത്തില്‍ തന്നെ ആദ്യമായി 25,000 ആളുകള്‍ക്കാണ് കലോത്സവ ഭക്ഷണശാലയില്‍ ഭക്ഷണം വിളമ്പിയത്. കലയെ സ്‌നേഹിക്കുന്നവര്‍ ഹര്‍ത്താലിനെ പോലും വകവെക്കാതെയാണ് വേദിയിലേക്കൊഴുകിയെത്തിയത്. 

ഓട്ടോക്കാരന് മര്‍ദ്ദനമേറ്റു എന്ന പേരില്‍ ഹര്‍ത്താലിന് തൊട്ടുപിറ്റേന്ന് രാത്രിയില്‍ നഗരത്തില്‍ നടന്ന ഓട്ടോ മിന്നല്‍ പണിമുടക്ക് കലാകേരളത്തിന് അത്രപെട്ടന്നുള്‍ക്കൊള്ളാനാകുന്നുണ്ടായിരുന്നില്ല. ഓട്ടോ തടയാനെത്തിയവരെ കണ്ട് പേടിച്ച് ഓട്ടോയില്‍ നിന്ന് രക്ഷിതാക്കള്‍ കുട്ടികളേയും വിളിച്ചിറങ്ങി ഓടിയിറങ്ങിയ കാഴ്ച കണ്ണൂരിനെ കുറിച്ച് മറ്റുജില്ലകളില്‍ ഉള്ള ജനങ്ങളുടെ ഭയം എടുത്തുകാണിക്കുന്ന സംഭവമായിരുന്നു. കലോത്സവത്തിന് വന്ന പല മത്സരാര്‍ത്ഥികളും പറയുന്നുണ്ടായിരുന്നു കണ്ണൂരായതിനാല്‍ ചെറിയൊരു ഭയത്തോടെയാണ് യാത്ര തിരിച്ചതെന്ന്. അവരുടെ ഭയത്തെ അടിവരയിട്ടുറപ്പിക്കുന്നതായിരുന്നു സംഭവിച്ചതും. 

കലാമേളക്കിടയിലെ 'കലാപപരിപാടികള്‍' കണ്ണൂരിന് പുത്തരിയൊന്നുമല്ല. കണ്ണൂരില്‍ ആദ്യമായി കലോത്സവമെത്തിയ 1982ല്‍ ലാത്തിചാര്‍ജോടെയാണ് കലാമേളക്ക് സ്വാഗതമോതിയത്.  മുഖ്യമന്ത്രി കെ.കരുണാകരന് നേരെ 'കരിങ്കാലി മുഖ്യന്‍ ഗോബാക്ക്' എന്ന മുദ്രാവാക്യവുമായി ഉത്ഘാടനവേദിയിലേക്കെത്തിയ ഡി.വൈ.എഫ്.ഐ., എസ്.ഐ.ഐ. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ സംഘര്‍ഷം ലാത്തിച്ചാര്‍ജിലേക്ക് എത്തുകയായിരുന്നു. കാണികള്‍ക്കിടയില്‍ നിന്നും ഇരുപ്പുറച്ചിരുന്ന പ്രവര്‍ത്തകര്‍ അപ്രതീക്ഷിതമായി മുന്നോട്ടുവരികയായിരുന്നു. കലാപം നിറഞ്ഞതുതന്നെയായിരുന്നു കണ്ണൂരിന്റെ എണ്‍പതുകളും തൊണ്ണൂറുകളും. പിന്നീട് രണ്ടുവര്‍ഷം കൂടി കണ്ണൂരില്‍ കലോത്സവമെത്തി. ഇന്നുണ്ടായിരുന്ന അതേ ഭീതിയോടെ തന്നെയാണ് അന്നും കേരളം കണ്ണൂരിലേക്കെത്തിയത്. എങ്കിലും അനിഷ്ടങ്ങളൊന്നും ആ രണ്ടുവര്‍ഷങ്ങളിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.പക്ഷേ അപ്പോഴേക്കും കണ്ണൂര്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ നാടായി അറിയപ്പെട്ടു തുടങ്ങിയിരുന്നു. ഒരു മനസ്സായി, ഒരു കടലായി കണ്ണൂരിലെ മത്സരവേദികളിലേക്കെത്തിയ, കുട്ടികളെ കൈയടിച്ചും വിസിലടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ച നിറഞ്ഞവേദിയില്‍ തറയിലിരുന്നും മതിലില്‍ ഇരുന്നും പരിപാടികള്‍ ആസ്വദിച്ച കണ്ണൂരിലെ ജനങ്ങളെ മറക്കുന്നില്ല. അവരായിരുന്നു മേളയുടെ ആവേശം. കലാനേട്ടങ്ങളുടെ പേരില്‍ ചരിത്രത്തില്‍ എഴുതപ്പെടേണ്ട കലോത്സവം കലാപരാഷ്ട്രീയത്തിന്റെ പേരില്‍ എഴുതപ്പെടേണ്ടി വരുന്നത് തീര്‍ച്ചയായും കലാ സാംസ്‌കാരിക കേരളത്തിന് നാണക്കേട് തന്നെയാണ്.