പത്മനാഭന്റെ മണ്ണിൽനിന്ന മകൻ ഉണ്ണിക്കണ്ണനോടൊപ്പം കലോത്സവത്തിനായി വണ്ടികയറുമ്പോൾ അനിലിന്റെ മനസ്സിൽ ആധികൾ ഏറെ. താമസവും ഭക്ഷണവും യാത്രയും എല്ലാം ചിന്തകളെ അലട്ടുന്നുണ്ടെങ്കിലും കൂടെയുള്ള ഭാര്യയോടും മകളോടും അനിൽ ഒന്നും പറഞ്ഞില്ല. കണ്ണൂരിലെത്തി താമസസ്ഥലം അന്വേഷിച്ചപ്പോൾ നിർധനനായ അച്ഛൻ ഒരിക്കൽക്കൂടി തളർന്നു.

ഭക്ഷണത്തിനും യാത്രയ്ക്കും കരുതിയ മുഴുവൻ തുകയെക്കാൾ അധികമായിരുന്നു മുറി വാടക. അപ്പോഴാണ്‌ മുത്തപ്പന്റെ മടപ്പുരയെക്കുറിച്ച്‌ അറിഞ്ഞത്‌. താമസവും ഭക്ഷണവും അവിടെയാക്കി.

ചിറയിൻകീഴ് വർക്കല ശിവേരി എച്ച്.എസ്.എസ്സിലെ പത്താംക്ലാസ് വിദ്യാർഥിയായ ഉണ്ണിക്കണ്ണൻ ഹൈസ്കൂൾ വിഭാഗം മിമിക്രിമത്സരത്തിൽ പങ്കെടുക്കാനാണ് കണ്ണൂരിലെത്തിയത്. കൂട്ടിന് അച്ഛനൊപ്പം സഹോദരി ഗായത്രിയും അമ്മ റീനയുമുണ്ടായിരുന്നു. കണ്ണന് മൂന്നാംസ്ഥാനം ഉണ്ടെന്നറിഞ്ഞപ്പോൾ അമ്മ റീനയുടെ കണ്ണുനിറഞ്ഞു.


ഉപജില്ലയിൽ രണ്ടാംസ്ഥാനവും എ ഗ്രേഡുമായിരുന്നു കണ്ണന് ലഭിച്ചത്. അപ്പീൽ വഴിയാണ് ജില്ലയിൽ മത്സരിച്ചത്. അപ്പീൽ നൽകാൻ പണമടക്കമുള്ള സഹായങ്ങൾ നൽകിയത് അധ്യാപകനായ സുനിലായിരുന്നു. ഏഴാം ക്ലാസ് വരെ  ‘ലൈറ്റ് ടു ദ ബ്ലാങ്ക്’ എന്ന അന്ധവിദ്യാലയത്തിലായിരുന്നു പഠനം. ഇപ്പോൾ ചിറയിൻകീഴിൽ സെന്തിലിന്റെ ശിക്ഷണത്തിലാണ്  മിമിക്രി പഠിക്കുന്നത്. കൂലിപ്പണിയെടുത്തു കഴിയുന്ന അനിലും കുടുംബവും ഐ.എ.വൈ. ഭവനനിർമാണ പദ്ധതിയുടെ കീഴിൽ ലഭിച്ച വീട്ടിലാണ് ഇപ്പോൾ താമസം.