ഇവർ വാദ്യത്തിൽ വിരൽ തൊടുമ്പോൾ ദൈവവും അതിൽ സ്പർശിക്കുന്നു. വെറും ആനന്ദത്തിനപ്പുറം ഇവരുടെ വൃന്ദവാദ്യത്തിൽ ആരും കാണാതെ ഒരാൾകൂടി ഉണ്ടാകും. ആ ദിവ്യസാന്നിധ്യത്തിന് കാരുണ്യം എന്ന് പേരിട്ടു വിളിക്കാം. കാഞ്ഞങ്ങാട് ദുർഗ എച്ച്എസ്എസിലെ വൃന്ദവാദ്യ സംഘം ഒന്നാം സമ്മാനം നേടുമ്പോൾ സി -മേജർ -7 എന്ന മ്യൂസിക്ക് ബാൻഡിനും അത് ആഹ്ലാദ നിമിഷം.

സ്കൂളിലെ കുട്ടികളും ഉൾപ്പെട്ട ഈ മ്യൂസിക്ക് ബാൻഡ്‌ വാദ്യലഹരി ഒരുക്കുമ്പോൾ അതിൽ നിന്ന് സ്വരൂപിക്കുന്നവ നാട്ടിലെ പാവപ്പെട്ടവന്റെ ആവശ്യങ്ങളിലേക്ക് കൺ തുറക്കുന്നു.

വീടില്ലാത്ത വ്യക്തിക്ക് വീട് നിർമിച്ചു നൽകാൻ കഴിഞ്ഞ വർഷം മ്യൂസിക്ക് ബാൻഡ്‌ മുന്നിട്ടിറങ്ങിയിരുന്നു. അർബുദ രോഗിക്ക്‌ ചികിത്സാ സഹായവും ഇവർ നൽകുന്നു.

കഴിഞ്ഞ വർഷം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ രണ്ടാം സ്ഥാനത്തായിരുന്ന ദുർഗാ സംഘത്തെ വെറുതെയല്ല വിജയം കടാക്ഷിച്ചത്.

സൽപ്രവൃത്തികളുമായി സ്കൂളിന് പുറത്തേക്കുമുള്ള സഹായത്തിന്റെ കൂട്ടുകൾ രുചിച്ചവർ പ്രാർഥിച്ചിരിക്കും- വിജയം ഈ കുട്ടികൾക്ക് ഒപ്പമാകട്ടെ എന്ന്.
പി.വി. ഹരികൃഷ്ണൻ, ജോജി ബാബു, ആശിഷ് ബാബു, പി. നിവേദ്, ധനുഷ്, സംഗീത്, അനന്തു എന്നിവരടങ്ങിയ സംഘമാണ്‌ വിജയം നേടിയത്‌. ഹരികൃഷ്ണനും ജോജിയും നാട്ടിലെ മ്യൂസിക്ക് ബാൻഡിലെ സ്ഥിരം അംഗങ്ങളാണ്. മറ്റുള്ളവരും സഹകരിക്കുന്നവർ.
സ്കൂളിലെ മുൻ വർഷത്തെ വിജയസംഘത്തിലുള്ള അജയ് ശേഖർ, ശ്രീരാഗ്, കൃഷ്ണകുമാർ, ആനന്ദ് ശേഖർ എന്നിവർ പുതിയ സംഘത്തെ പരിശീലിപ്പിക്കുന്നു. ചേട്ടൻമാരുടെ ശിക്ഷണത്തിൽ തെളിഞ്ഞവർ മോശമാക്കിയില്ല.

അവർക്ക് മോശമാകാൻ കഴിയില്ലെന്ന് ബാൻഡ്‌ അംഗങ്ങൾ പറയും. കാരണം നാളത്തെ ഇവരുടെ നല്ല പ്രകടനങ്ങൾക്കുള്ള പ്രതിഫലം കാത്തിരുന്നവർ പുറത്തുണ്ട്. അവരുടെ കൺകോണുകളിലേക്ക് നോക്കുമ്പോൾ വിജയിക്കുകതന്നെ വേണം. കാരണം ഓരോ അരിമണിയും വിലപ്പെട്ടതാണ്.