57-ാമത് സംസ്ഥാനസ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരില്‍ തിരിതെളിഞ്ഞു. പ്രധാനവേദിയായ നിളയില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. പത്തുവര്‍ഷങ്ങള്‍ക്ക് ശേഷം കണ്ണൂരിലെത്തിയ കലോത്സവത്തെ ഇരുകൈയും നീട്ടിയാണ് കണ്ണൂര്‍ ജനത സ്വീകരിച്ചത്. ഉദ്ഘാടനച്ചടങ്ങിൽ മന്ത്രിമാരായ കടന്നപ്പളളി രാമചന്ദ്രന്‍, പ്രൊഫ. സി രവീന്ദ്രനാഥ്, കെ.കെ.ശൈലജ, എം.പി പി.കെ. ശ്രീമതി. ഗായിക കെ.എസ്. ചിത്ര എന്നിവര്‍ സന്നിഹിതരായിരുന്നു. 

പരാതികളുയരാത്ത കലോത്സവനടത്തിപ്പാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കലോത്സവം ഉദ്ഘാടനം ചെയതുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. അന്യം നിന്നുപോകുന്ന കേരളത്തിലെ തനതുകലകളെ പുനരുജ്ജീവിപ്പിക്കാന്‍ കലോത്സവത്തിന് കഴിയുന്നുണ്ടെന്നുള്ളത് വളരെ നല്ലകാര്യമാണ്. കലോത്സവത്തിലൂടെ കേരളത്തിന്റെ കലാരംഗത്തേക്ക് നിരവധി കലാപ്രതിഭകള്‍ ഉയര്‍ന്നുവന്നിട്ടുള്ളതായും അദ്ദേഹം പറഞ്ഞു. ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് നേര്‍ക്ക് ഉയര്‍ന്നുവന്നിട്ടുള്ള ഭീഷണികളില്‍ ആശങ്ക പ്രകടിപ്പിച്ച മുഖ്യമന്ത്രി ആവിഷ്‌കാരസ്വാതന്ത്ര്യം തടയുന്നവര്‍ക്കുള്ള മറുപടി സ്വന്തം സര്‍ഗസൃഷ്ടികളെ ഉച്ചത്തില്‍ പ്രകടിപ്പിക്കുകയാണെന്നും അഭിപ്രായപ്പെട്ടു.

വിദ്യാഭ്യാസ രംഗത്തുള്ള എല്ലാ മത്സരങ്ങളും ഉത്സവമാക്കുന്നു എന്ന ആശയം വ്യക്തമാക്കുന്നതാണ് സംസ്ഥാന സ്‌കൂള്‍ കലോത്സവം എന്ന്  വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ഉത്സവത്തില്‍ പങ്കെടുക്കുന്ന പ്രതീതിയാണ് ഇവിടെ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഉണ്ടാകേണ്ടത്. സ്വന്തം സര്‍ഗശേഷി പ്രകടിപ്പിക്കുകയും മറ്റുള്ളവരുടേത് ആസ്വദിക്കുകയും ചെയ്യ്ണം. അവനവന്റെ സര്‍ഗശേഷി വികസിപ്പിക്കാനുള്ള അവസരമായി കലോത്സവത്തെ കാണണമെന്നും രവീന്ദ്രനാഥ് പറഞ്ഞു. വിശിഷ്ടാതിഥിയായി എത്തിയ ഗായിക കെ.എസ്. ചിത്ര താന്‍ കലോത്സത്തില്‍ പങ്കെടുത്തപ്പോള്‍ ആലപിച്ച ഓടക്കുഴലേ എന്ന ലളിതഗാനത്തിന്റെ പല്ലവി പാടിയതും കൗതുകമായി. 

57 സ്‌കൂള്‍ അധ്യാപകര്‍ ചേര്‍ന്നാലപിച്ച അവതരണഗാനത്തോടെയാണ് കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിന് തുടക്കമായത്. അവതരണഗാനത്തോടൊപ്പം 100 വിദ്യാര്‍ത്ഥികള്‍ അണിനിരന്ന നൃത്തശില്പവും അരങ്ങേറി. നൃത്തശില്പത്തിന്റെ മാറ്റൂകൂട്ടി കേരളത്തിന്റെ തനതുകലകളായ കളരിപയറ്റും തിരുവാതിരയും വേദിയില്‍ അണിനിരന്നു.