കണ്ണൂര്‍: ഗിറ്റാര്‍ മത്സര സ്ഥലത്ത് സാക്സഫോണ്‍, വയലിന്‍ വിദഗ്ധരെ ജഡ്ജസാക്കിയതിനെതിരെ രക്ഷിതാക്കളുടെ പ്രതിഷേധം. വേദി കല്ലായിലാണ് രക്ഷിതാക്കള്‍ ഇരച്ചുകയറിയതും ഗിത്താര്‍ മത്സരം തടസ്സപ്പെടുത്തിയതും. ഒടുവില്‍ പോലീസ് കാവലിലാണ് മത്സരം ആരംഭിച്ചു.

മത്സരം തുടങ്ങുന്നതിന് മുമ്പായി ജഡ്ജസിന്റെ പേര് അനൗണ്‍സ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. വിധികര്‍ത്താക്കളില്‍ രണ്ടുപേര്‍ സാക്‌സഫോണ്‍, വയലിന്‍ എന്നിവയില്‍ പ്രാഗത്ഭ്യം നേടിയവരാണെന്നും അവരെങ്ങനെയാണ് ഗിത്താര്‍ മത്സരത്തിന് വിധിനിര്‍ണയം നടത്തുന്നതെന്നും ചോദിച്ചാണ് രക്ഷിതാക്കള്‍ പ്രതിഷേധം ആരംഭിച്ചത്.

എന്നാല്‍ രക്ഷിതാക്കളുടെ പ്രതിഷേധം കണക്കിലെടുക്കാതെ സ്റ്റേജ് കമ്മിറ്റിക്കാര്‍ മത്സരം നടത്താന്‍ ശ്രമിച്ചതോടെ രക്ഷിതാക്കള്‍ മത്സരം നടക്കുന്ന ഹാളിലേക്ക് ഇരച്ചുകയറി മത്സരം തടസ്സപ്പെടുത്തി. ജഡ്ജസിനെ മാറ്റാതെ മത്സരം നടത്താന്‍ അനുവദിക്കില്ലെന്ന് രക്ഷിതാക്കള്‍ വാശിപിടിച്ചതോടെ പരിപാടി നടത്തിപ്പിന്റെ ചുമതലയുള്ള അധ്യാപകര്‍ എ.ഡി.പി.ഐയെ സംഭവമറിയിച്ചു.

ഉടന്‍ തന്നെ സംഭവസ്ഥലത്ത് എത്തിയ എ.ഡി.പി.ഐ ജെസി ജോസഫ് വിധികര്‍ത്താക്കളുടെ ബയോഡാറ്റ പരിശോധിച്ച ശേഷം മത്സരം നടത്താന്‍ നിര്‍ദേശിക്കുകയായിരുന്നു. വിധിനിര്‍ണയത്തിന് ജഡ്ജസിനെ തിരഞ്ഞെടുത്തിരിക്കുന്നത് ഡി.പി.ഐ. ആണെന്നും യോഗ്യതയുള്ളവരെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്നും എ.ഡി.പി.ഐ. അറിയിച്ചു.

മത്സരശേഷം വിധിനിര്‍ണയത്തില്‍ എന്തെങ്കിലുംപരാതിയുണ്ടെങ്കില്‍ രക്ഷിതാക്കള്‍ക്ക് ജനറല്‍ കണ്‍വീനര്‍ക്ക് പരാതി നല്‍കാമെന്നും പരാതി ഗൗരവമുള്ളതാണെങ്കില്‍ അന്വേഷിച്ച് വേണ്ട നടപടി എടുക്കുമെന്നും അവര്‍ പറഞ്ഞു. 

എ.ഡി.പി.ഐ രക്ഷിതാക്കളുടെ പരാതി കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഏകപക്ഷീയമായി തീരുമാനമെടുക്കുകയായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രക്ഷിതാക്കള്‍ വീണ്ടും പ്രതിഷേധവുമായി രംഗത്തെത്തിയെങ്കിലും അത് ചെവികൊള്ളാതെ പോലീസ് സഹായത്തോടെ സംഘാടകര്‍ മത്സരം ആരംഭിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി കലോത്സ മാന്വലിന് എതിരായി ഒരേ വിധികര്‍ത്താക്കളാണ് ഗിത്താര്‍ വിധിനിര്‍ണയത്തിന് എത്തുന്നതെന്ന് രക്ഷിതാക്കള്‍ ആരോപിക്കുന്നു. മുന്‍വര്‍ഷങ്ങളിലും യോഗ്യത ഇല്ലാത്ത വിധികര്‍ത്താക്കളെ കൊണ്ടുവന്നിരുന്നുവെന്നും ഇത് സംബന്ധിച്ച് തുടര്‍ച്ചയായി പ്രതിഷേധം അറിയിച്ചിട്ടും അധികൃതര്‍ നടപടികള്‍ കൈക്കൊള്ളുന്നില്ല എന്നും രക്ഷിതാക്കള്‍ പറയുന്നു.