കണ്ണൂര്‍: രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കേണ്ട ഹയര്‍സെക്കന്‍ഡറി വിഭാഗം മോഹിനിയാട്ടം ഒരു മണിക്കൂര്‍ വൈകി പത്ത് മണിയോടെയാണ് ടൗണ്‍ സസ്‌ക്വയറിലെ കബനിയില്‍ ആരംഭിക്കുന്നത്. 

എന്നാല്‍ ജില്ലകളില്‍ നിന്ന് യോഗ്യത നേടിയെത്തിയ പതിനാലു പേരെ കൂടാതെ അപ്പീലുമായി 24 പേര്‍ കൂടിയെത്തിയതോടെ മോഹിനിയാട്ടം ഒരു മാരത്തണ്‍ പോരാട്ടമായി മാറുന്ന കാഴ്ച്ചയായിരുന്നു കബനിയില്‍. പത്തുമണിക്ക് തുടങ്ങിയ മോഹനിയാട്ട മത്സരം അവസാനിക്കുന്നത് എട്ട് മണിക്കൂര്‍ കഴിഞ്ഞ വൈകിട്ട് ആറുമണിക്കാണ്.

അരങ്ങിലെത്തിയവരില്‍ ഭൂരിപക്ഷവും സഥിരം കഥകള്‍ തന്നെ അവതരണത്തിനായി തിരഞ്ഞെടുത്തതോടെ  പൂതനവധവും, ദ്രൗപതിയും, സൂര്യനും താമരയും തമ്മിലുള്ള പ്രണയവും, രമണനും ചന്ദ്രികയുമെല്ലാം മോഹിനിയാട്ടം വേദിയില്‍ റിപ്പീറ്റടിച്ചു വന്നു കൊണ്ടിരുന്നു.

കനത്ത സുരക്ഷയില്‍ വേദിയിലെത്തിച്ച വിധികര്‍ത്താക്കള്‍ നീണ്ട എട്ട് മണിക്കൂര്‍ കൊണ്ട്  38 മത്സരരാര്‍ത്ഥികളുടേയും പ്രകടനം വിലയിരുത്തി. കാത്തിരിപ്പിനൊടുവില്‍ ഫലം വന്നപ്പോള്‍ 38- ല്‍ 26 പേര്‍ക്ക് എ ഗ്രേഡ്. 

തലശ്ശേരി സെന്റ ജോസഫ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ദിപിഷി രാജിന് ഒന്നാം സ്ഥാനം. ഉത്തര.എം (മാന്നാര്‍ എച്ച്എസ്എസ് ആലപ്പുഴ), നീലിമ വി നായര്‍ (കാണിക്കമാതാ കോണ്‍വെന്റ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പാലക്കാട്) എന്നിവര്‍  രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍  കെ പി എം വി എച്ച് എസ് എസ് പൂന്തോട്ടയിലെ ആര്യപാര്‍വതിക്കായിരുന്നു മൂന്നാം സ്ഥാനം.

അനന്തമായി നീണ്ട മോഹിനിയാട്ട മത്സരം സംഘാടകര്‍ക്ക് വലിയ തലവേദന സൃഷ്ടിച്ചെങ്കിലും മത്സരം ആരംഭിച്ചത് മുതല്‍ അവസാനിക്കും വരെ ടൗണ്‍ സ്വകയറിലെ കബനിയിലേക്കുള്ള കാണികളുടെ ഒഴുക്ക് മോഹിനിയാട്ടത്തിന്റെ ജനപ്രീതി വിളിച്ചോതുന്നതായിരുന്നു. 

ജില്ലാതല കലോത്സവങ്ങളിലെ ഒത്തുകളിയെപ്പറ്റി അപ്പീലുമായെത്തിയവരുടെ പതിവ് പരാതിയും മോഹനിയാട്ടവേദിയുടെ അണിയറയില്‍ കേട്ടു. എങ്കിലും മത്സരിക്കാനെത്തിയവരില്‍ ഭൂരിപക്ഷവും എ ഗ്രേഡ് സ്വന്തമാക്കിയതും മത്സരം മൊത്തത്തില്‍ നിലവാരം പുലര്‍ത്തിയെന്ന വിധികര്‍ത്താക്കളുടെ വിശകലനവും മോഹിനിയാട്ടത്തെ സ്നേഹിക്കുന്നവര്‍ക്ക് ആനന്ദം പകരുന്നതാണ്. അപ്പീലുമായെത്തിയവരില്‍ പകുതിപേര്‍ എ ഗ്രേഡ് നേടിയത് ജില്ലാതലത്തിലെ വിധി നിര്‍ണയത്തിലെ പാളിച്ചകളിലേക്കും വിരല്‍ ചൂണ്ടുന്നു.