കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇന്നുമുതല്‍ ഷിറിയാ നദി ഒഴുകിത്തുടങ്ങി. നദികളുടെ പേരില്‍ 20 വേദികളുമായി ആരംഭിച്ച കലോത്സവത്തിന്റെ നാലാം ദിവസമാണ് സംഘാടകര്‍ പുതിയ വേദി ഒരുക്കിയത്. 

ടൗണ്‍ സ്‌ക്വയറിലെ മൂന്നാംവേദി 'കബനി'യുടെ തട്ടിന് ഇളക്കമുണ്ടെന്ന പരാതിയെ തുടര്‍ന്നാണ് ജിവിഎച്ച്എസ്എസില്‍ പുതിയ വേദി ഒരുക്കിയിരിക്കുന്നത്. കാസര്‍കോട്ടെ നദിയായ 'ഷിറിയ'യുടെ പേര് വേദിയ്ക്കിടുകയും ചെയ്തു.

ഇന്നലെ നടന്ന കോല്‍ക്കളി മത്സരത്തിനിയൊണ് വേദിക്ക് ഇളക്കമുണ്ടെന്ന പരാതി ഉയര്‍ന്നത്. പങ്കെടുക്കുന്നവര്‍ ഒരേ താളത്തില്‍ ചാടിയും തിരിഞ്ഞും ചുവടുവെച്ച് കളിക്കുന്ന കോല്‍ക്കളി വേദിക്ക് നല്ല ഉറപ്പ് ആവശ്യമാണ്. കഴിഞ്ഞ വര്‍ഷവും കോല്‍ക്കളി വേദിയെപ്പറ്റി സമാനമായ പരാതി ഉയര്‍ന്നിരുന്നു. 

കബനിയില്‍ നടക്കേണ്ടിയിരുന്ന ഹയര്‍ സെക്കണ്ടറി ദഫ്മുട്ട് മത്സരമാണ് പുതിയ വേദിയില്‍ ആദ്യം അരങ്ങേറുന്നത്. നാളെ നടക്കേണ്ട ഹൈസ്‌കൂള്‍ വിഭാഗം കോല്‍ക്കളിയും ഇങ്ങോട്ട് മാറ്റിയതായി സംഘാടകര്‍ അറിയിച്ചു.