കണ്ണൂര്‍: സ്വന്തം മണ്ഡലത്തില്‍ ഒരു കലോത്സവം നടക്കുമ്പോള്‍ അതു കൊഴുപ്പിക്കാന്‍ താന്‍ തന്നെ വേണമെന്ന് കടന്നപ്പള്ളിക്കറിയാം. ഉച്ചയ്ക്ക് ഒന്നര മണിയോടെ പഴയിടത്തിന്റെ സദ്യ വിളമ്പിക്കൊണ്ടിരിക്കുമ്പോഴാണ് മന്ത്രിയുടെ രംഗപ്രവേശം. പരിവാരങ്ങളെയെല്ലാം പുറത്തു നിര്‍ത്തിയാണ് ആശാന്‍ ഊട്ടുപുരയിലെത്തിയത്. ഹര്‍ത്താല്‍ ദിനമായതിനാല്‍ വന്‍തിരക്കായിരുന്നു ആ സമയം ഊട്ടുപുരയില്‍.

അങ്ങനെ കാത്തിരിപ്പ് ഇത്തിരി നീണ്ടപ്പോള്‍ കൊല്ലം കരുനാഗപ്പള്ളി ബോയ്സ് ഹൈസ്‌കൂളില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ കൈകൊട്ടി പാട്ടു പാടാന്‍ തുടങ്ങി. ഇത് കണ്ടപ്പോള്‍ മന്ത്രിയാശാന്‍ പിന്നെ ഒന്നും നോക്കിയില്ല, കൂട്ടം കൂടിയിരുന്നു പാട്ടുപാടുന്ന വിരുതന്‍മാരുടെ മധ്യത്തില്‍ തന്നെ സ്ഥാനമുറപ്പിച്ചു.

'ചന്ദ്രകളഭം ചാര്‍ത്തിയുണരും തീരം...' ആ പാട്ടിലായിരുന്നു തുടക്കം. പിന്നെ തുഞ്ചന്‍ പറമ്പിലെ തത്തേ.. എന്ന് നീട്ടി പാടി. മന്ത്രിയുടെ ഓരോ പാട്ടുകളും കൂടിയിരുന്ന വിദ്യാര്‍ഥികളും ചുറ്റും നിന്നവരും ഏറ്റുപാടി. പാട്ട് കഴിഞ്ഞപ്പോള്‍ പിന്നെ സെല്‍ഫിയിലേക്ക് കടന്നു. കൂടിനിന്നവരെല്ലാം ഓരോരുത്തരായി സെല്‍ഫിയെടുത്തു മടങ്ങി. ആരേയും വെറുപ്പിക്കാതെ സെല്‍ഫി ആവശ്യങ്ങളെല്ലാം പരിഗണിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.