കണ്ണൂര്‍: കഥയും തിരക്കഥയുമായി. നിര്‍മാതാക്കളും തയ്യാര്‍. ഇനി വേണ്ടത് ഒരു നായികയെയാണ്. നായികയ്ക്കുവേണ്ടിയുള്ള തിരച്ചിലാണ് സംവിധായകന്‍ എം. മോഹനനെ കലോത്സവ വേദിയില്‍ എത്തിച്ചിരിക്കുന്നത്. കലോത്സവത്തിന് എത്തിയിരിക്കുന്ന കലാകാരികളില്‍ തന്റെ നായികയുടെ മുഖം തേടുകയാണ് ഈ സംവിധായന്‍ ഇപ്പോള്‍.

ഏറെ നാളായി കലോത്സവ വേദിയില്‍നിന്ന് മലയാള സിനിമയ്ക്ക് ഒരു നായികയെ കിട്ടിയിട്ട്. മഞ്ജു വാര്യര്‍ക്ക് ശേഷം കലോത്സവ വേദിയില്‍നിന്ന് കാര്യമായ സംഭാവന ഉണ്ടായിട്ടില്ല. അതിനായി ഒരു ശ്രമം നടത്തി നോക്കാം എന്നുകരുതിയാണ് ഇവിടെ എത്തിയിരിക്കുന്നത് -എം. മോഹനന്‍ മാതൃഭൂമി.കോമിനോട് പറഞ്ഞു. തന്റെ മാണിക്യക്കല്ല് എന്ന ചിത്രത്തിനായി ഒരു താരത്തെ കണ്ടെത്തിയത് കലോത്സവ വേദിയില്‍നിന്നായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

നര്‍ത്തകിയാകാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അതിനായി കലോത്സവവേദിയില്‍നിന്ന് ഒരു കുട്ടിയെ കണ്ടെത്താനാണ് ശ്രമമെന്നും മോഹനന്‍ പറഞ്ഞു. നൃത്ത ഇനങ്ങളില്‍ ആദ്യസ്ഥാനങ്ങളില്‍ എത്തുന്ന കുട്ടികളുമായി ബന്ധപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. പല ഇനങ്ങളും കാണുന്നുണ്ട്. മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

ഏറെ അഭിനയ സാധ്യതയുള്ള കഥാപാത്രമാണ് ചിത്രത്തിന്റേതെന്ന് തിരക്കഥാകൃത്ത് രാജേഷ് പറഞ്ഞു. ഒരു കലാകാരിയുടെ ശരീരഭാഷ ഉള്ളയാള്‍ക്കേ ഈ വേഷം കൈകാര്യം ചെയ്യാനാകൂ. സാധാരണ ഓഡിഷന്‍ വഴി ഒരാളെ തിരഞ്ഞെടുക്കാനാകുന്ന തരത്തിലുള്ള കഥാപാത്രമല്ല ഇത് -രാജേഷ് വ്യക്തമാക്കി.