പ്രാർഥനാനിരതമായ മനസ്സോടെ ഇക്കുറിയും സിസ്റ്റർമാരായ ലിസ്‌ബെല്ലും ലിസ്‌ബെത്തും കുട്ടികളെ അണിയിച്ചൊരുക്കി. വർഷങ്ങളായി തുടരുന്ന പ്രാർഥന പോലെ ഒരാൾ വസ്ത്രങ്ങളൊരുക്കി. മറ്റേയാൾ കുട്ടികളുടെ മുഖത്ത് ചായമിട്ടു. അരങ്ങിലേക്ക്‌ കയറും മുമ്പ് പ്രാർഥനയുടെ സ്നേഹമന്ത്രവും പകർന്നു. 

നിരാശപ്പെടുത്തിയില്ല കുട്ടികൾ. സ്കൂൾ കലോത്സവത്തിൽ മാർഗംകളി എച്ച് എസ് വിഭാഗം മത്സരത്തിൽ മൂവാറ്റുപുഴ സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ടീമിന് എ ഗ്രേഡ്.

കഴിഞ്ഞ കുറേവർഷങ്ങളായി  സ്കൂളിലെ കുട്ടികളെ മാർഗംകളിക്കായി അണിയിച്ചൊരുക്കുന്നത് അവരുടെ സിസ്റ്റർമാരായ ലിസ്‌ബെല്ലും ലിസ്‌ബെത്തുമാണ്.

 കഴിഞ്ഞ 28 വർഷമായി സിസ്റ്റർ ലിസ്‌ബെല്ലാണ് മത്സരാർഥികളുടെ വസ്ത്രങ്ങൾ തയ്യാറാക്കുന്നത്. ചട്ടയുടെ ഞൊറിവുകളും ചിട്ടയോടെ കളിയുടെ ചട്ടങ്ങളും ഇവർ പകർന്നു നൽകുന്നു. വസ്ത്രങ്ങളൊരുക്കുന്നതിന് സിസ്റ്റർ ലിസ്‌ബെല്ലിന് സഹായിയായി സിസ്റ്റർ ലിവീനയും ഒപ്പമുണ്ട്.


സ്കൂളിലെ ഓഫീസ് ക്ലർക്കായ ലിസ്‌ബെൽ മാർഗംകളിയെന്ന കലയുടെ അണിയറയിലേക്ക്‌ പെട്ടെന്നൊരുനാൾ പ്രവേശിക്കുകയായിരുന്നു. 
27 വർഷം മുമ്പ് സബ്ജില്ലാ സ്കൂൾ കലോത്സവത്തിന് വേണ്ടിയായിരുന്നു  കുട്ടികൾക്കായി വേഷവിധാനങ്ങളൊരുക്കിയത്. മാർഗംകളിയെന്ന പാരമ്പര്യകലാരൂപത്തോടുള്ള ഇഷ്ടംകൊണ്ടുമാത്രമാണ് ഈ ചട്ടങ്ങളും വസ്ത്രധാരണരീതികളുമൊക്കെ പഠിച്ചെടുത്തത്.

 വർഷങ്ങളേറെ പിന്നിട്ടെങ്കിലും സിസ്റ്റർ ലിസ്‌ബെല്ലിന്റെ കരങ്ങളിലും കണ്ണുകളിലും വസ്ത്രങ്ങളുടെ അഴകളവുകളിൽ കടുകിട വ്യത്യാസമില്ലാത്ത കൃത്യത.  കലോത്സവവേദികളിൽ സിസ്റ്റർ കുട്ടികളോടൊപ്പം കൃത്യമായി എത്തുന്നു. ‘‘ചട്ടയ്ക്ക് 24 ഞൊറിവുണ്ടാകണം. മുണ്ടിന് രണ്ടരമീറ്റർ നീളം വേണം.’’- സിസ്റ്റർ ലിസ്‌ബെത്ത്‌ പറയുന്നു.  

സിസ്റ്റർ ലിസ്‌ബെല്ലിന്റെ പ്രചോദനമുൾക്കൊണ്ടാണ് സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മലയാളം അധ്യാപികയായ സിസ്റ്റർ ലിസ്‌ബെത്ത് മാർഗംകളിയുടെ ലോകത്തേക്കിറങ്ങുന്നത്.   കുട്ടികളുടെ മുഖത്ത് ചാർത്തേണ്ട വർണങ്ങൾ, ഉള്ളംകൈയ്ക്കുള്ളിൽ ചാർത്തേണ്ട പൊട്ടുകൾ എല്ലാം സിസ്റ്റർ ലിസ്‌ബെല്ലിന്റെ കരങ്ങളിൽ ഭദ്രം. തോമാശ്ലീഹയുടെ ചരിത്രം വാഴ്ത്തിപ്പാടുന്നതിനൊപ്പം കുട്ടികൾ അരങ്ങിൽ ചുവടുകൾ വെയ്ക്കുമ്പോൾ സിസ്റ്റർമാർ പ്രാർഥനയോടെ അരങ്ങിന് മുന്നിലെത്തും.  അവരുടെ ചുവടുകളും താളവും പാട്ടും ശ്രദ്ധയോടെ വീക്ഷിക്കും. അരങ്ങിൽ നിന്ന് കിതപ്പോടെ അണിയറയിലേക്ക്‌ എത്തുന്ന കുട്ടികൾക്ക് തുണയായി ഇവർ ഓടിയെത്തും.