ആലപ്പുഴയുടെ കൺമണി ഒരു അഷ്ടപദി കഴിഞ്ഞതോടെ കണ്ണൂരുകാരുടെയും കൺമണിയായി. അവളുടെ ഇല്ലായ്മകളല്ല, അതിനെ വെല്ലുന്ന അവളുടെ ഉണ്മയാണ് ഈ നാട്ടുകാർ കണ്ടത്. ജന്മസിദ്ധമായി കൈകളല്ല, കലകളാണ് എസ്.കൺമണിക്ക് ലഭിച്ചത്.

കാലുകൊണ്ട് ചേങ്ങിലയിൽ താളമിട്ട്  'അത്രാന്തരേ മസൃഷരോഷ' യെന്ന അഷ്ടപദിഗീതം പാടിയപ്പോൾ വേദി പല്ലനയാർ കാളിന്ദിയായി. ഫലം വന്നപ്പോൾ ആർക്കും അദ്ഭുതമുണ്ടായില്ല, ഒന്നാം സ്ഥാനം കൺമണിക്കുതന്നെ.  കഴിഞ്ഞവർഷം കൈവിട്ടുപോയ സമ്മാനമാണ് രാധാവർണനയോടെ തിരിച്ചുപിടിച്ചത്. ജയദേവകവി രാധയുടെ സൗന്ദര്യം വർണിക്കുന്ന വരികളാണ് കൺമണി പാടിയത്.   വാക്കുകൾ കിട്ടാതെ കവി കുളിക്കാൻ പോയപ്പോൾ ഭഗവാൻ വന്ന് പൂരിപ്പിച്ചെന്ന് ഐതിഹ്യം.

കൺമണിയുടെ സംഗീതം മാത്രമേ കണ്ണൂരുകാർ കണ്ടുള്ളൂ. കാലുകൊണ്ട് സുന്ദരചിത്രങ്ങൾ വരയ്ക്കുന്ന മറ്റൊരു കൺമണിയുണ്ട്. സോഷ്യൽ സയൻസിന്റെ ബിജുമാഷെ അത്ഭുതപ്പെടുത്തിയ ‘കാലക്ഷര’മുള്ള കൺമണി.

അങ്ങനെ ആത്മവിശ്വാസമുണ്ടെങ്കിൽ കൈകൾ മാത്രമല്ല, കാലുകൾ പോലും മുഴുവൻ ആവശ്യമില്ലെന്ന് തെളിയിച്ച കൺമണി ഒട്ടേറെ കച്ചേരികൾ ഇതിനകം നടത്തിക്കഴിഞ്ഞു. ചിത്രപ്രദർശനങ്ങളും നടത്തി.

താമരക്കുളം വി.വി.എച്ച്.എസ്.എസ്സിലെ പത്താം ക്ലാസുകാരിയായ കൺമണി കുറൂർ ബിന്ദു ടീച്ചറുടെയും പൊൻമണിയാണ്. ടീച്ചറാണ് അഞ്ചുവർഷമായി കൺമണിയെ സ്കൂളിലേക്ക് കൊണ്ടുപോകുന്നത്.  അതിനായി ഒരു കാറുതന്നെ അവർ വാങ്ങി. വിദേശത്ത് ജോലിചെയ്യുന്ന ശശികുമാറിന്റെയും രേഖ ശശികുമാറിന്റെയും മകളാണ് കൺമണി.